|    Jan 18 Wed, 2017 5:06 am
FLASH NEWS

പത്മനാഭസ്വാമി ക്ഷേത്രം ഓഫിസര്‍ക്കെതിരേ കേസ്

Published : 3rd September 2016 | Posted By: SMR

തിരുവനന്തപുരം: ലൈസന്‍സില്ലാതെ വയര്‍ലസ് സെറ്റുകള്‍ വാങ്ങിയ സംഭവത്തില്‍ പത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസര്‍ കെ എന്‍ സതീഷിനെതിരേ ഫോര്‍ട്ട് പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇന്ത്യന്‍ വയര്‍ലസ് ടെലിഗ്രാഫ് ആക്റ്റ് 1933 പ്രകാരം ജാമ്യമില്ലാ കുറ്റവും ഏഴുവര്‍ഷംവരെ തടവും ശിക്ഷ ലഭിക്കാവുന്നതുമാണിത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലെ സതീഷിന്റെ ഓഫിസില്‍ ഡിസിപി ശിവവിക്രത്തിന്റെ നേതൃത്വത്തില്‍ പോലിസ് ഇന്നലെ റെയ്ഡ് നടത്തിയിരുന്നു.
സുപ്രിംകോടതി നിയോഗിച്ച ജില്ലാ ജഡ്ജി അധ്യക്ഷയായ ഭരണസമിതിയുടെ നിര്‍ദേശപ്രകാരമായിരുന്നു റെയ്ഡ്. സുരക്ഷാചുമതലയുള്ള ജീവനക്കാര്‍ക്ക് നല്‍കാനായാണ് ആഭ്യന്തരവകുപ്പിന്റെയോ ക്ഷേത്ര ഭരണസമിതിയുടെയോ അനുവാദമില്ലാതെ എക്‌സിക്യൂട്ടീവ് ഓഫിസര്‍ 16 വയര്‍ലസ് സെറ്റുകള്‍ വാങ്ങിയത്. എക്‌സിക്യൂട്ടീവ് ഓഫിസറുടെ നടപടിക്കെതിരേ ഭരണസമിതി ഫോര്‍ട്ട് പോലിസിന് പരാതിനല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ എക്‌സിക്യൂട്ടീവ് ഓഫിസറുടെ കാര്യാലയം റെയ്ഡ് ചെയ്യാനെത്തിയ പോലിസിനെ ജീവനക്കാര്‍ തടഞ്ഞു. പൂട്ടിയിട്ടിരുന്ന മുറി തുറന്നു പരിശോധിക്കാനും അനധികൃത വയര്‍ലസ് സെറ്റുകള്‍ കണ്ടെടുക്കാനും പോലിസിന് കഴിഞ്ഞില്ല.
മുറി തുറക്കണമെന്ന് പോലിസ് ആവശ്യപ്പെട്ടെങ്കിലും ക്ഷേത്രം മാനേജര്‍ മുറി താഴിട്ടുപൂട്ടി താക്കോലുകളുമായി സ്ഥലംവിടുകയായിരുന്നു. പോലിസ് എക്‌സിക്യൂട്ടീവ് ഓഫിസറുടെ വസതിയിലെത്തി മുറി തുറക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. വയര്‍ലസ് സെറ്റ് വാങ്ങാന്‍ ഡല്‍ഹിയിലെ വയര്‍ലസ് മോണിറ്ററിങ് ഓര്‍ഗനൈസേഷനാണ് ലൈസന്‍സ് നല്‍കേണ്ടത്. എന്നാല്‍, ഈ ലൈസന്‍സില്ലാതെ കൊച്ചി ആസ്ഥാനമായ പ്രോംപ്ടണ്‍ വയര്‍ലസ് ആന്റ് വയേര്‍ഡ് എന്ന കമ്പനിയില്‍ നിന്നാണ് വയര്‍ലസ് വാങ്ങിയത്.
പൂട്ടിയിട്ട മുറിയില്‍ സൂക്ഷിച്ചിരിക്കുന്ന വയര്‍ലസ് സെറ്റുകള്‍ പിടിച്ചെടുക്കണമെങ്കില്‍ തിരുവനന്തപുരത്തെ വയര്‍ലസ് മോണിറ്ററിങ് സ്‌റ്റേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ സാന്നിധ്യം നിര്‍ബന്ധമാണ്. ഇദ്ദേഹത്തിന്റെ ഡല്‍ഹിയിലെ ഓഫിസില്‍ നിന്ന് നിര്‍ദേശം ലഭിച്ചാല്‍ മാത്രമേ പോലിസുമായി സഹകരിക്കാന്‍ കഴിയൂ. അതിനാലാണ് പോലിസ് രാവിലെ മുതല്‍ മുറിയുടെ പൂട്ടുപൊളിക്കാതെ കാത്തുനിന്നത്. ഉദ്യോഗസ്ഥനെത്തിയതോടെ രാത്രിയില്‍ പോലിസ് മുറി തുറന്ന് 16 വയര്‍ലസ് സെറ്റുകളും മറ്റു രേഖകളും പിടിച്ചെടുത്തു. വയര്‍ലസ് സെറ്റുകള്‍ കൂടാതെ സിസിടിവി കാമറകളും എക്‌സിക്യൂട്ടീവ് ഓഫിസറുടെ നിര്‍ദേശപ്രകാരം വാങ്ങിയതായാണു സൂചന. പ്രദേശത്തെ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികളെയും സാക്ഷികളാക്കിയാണ് പോലിസ് നടപടി. വയര്‍ലസ് സെറ്റ് എങ്ങനെ ഉപയോഗിക്കണമെന്നു പഠിക്കാനാണു വാങ്ങിയതെന്നായിരുന്നു എക്‌സിക്യൂട്ടീവ് ഓഫിസറുടെ കാര്യാലയത്തിന്റെ വിശദീകരണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക