|    Jan 21 Sat, 2017 4:23 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

പത്തേമാരി യു.എ.ഇ.യില്‍ ഇന്ന് റീലീസ് ചെയ്യും

Published : 19th November 2015 | Posted By: swapna en

ദുബയ്: പ്രവാസികളുടെ കഥ പറയുന്ന സലീം അഹമ്മദ് ടീമിന്റെ ‘പത്തേമാരി’ സിനിമ ഇന്ന് യു.എ.ഇയില്‍ റിലീസ് ചെയ്യും. രാജ്യത്തെ 32 തിയ്യറ്ററുകളിലെ 60 സ്‌ക്രീനുകളിലാണ് ഇന്ന് പ്രദര്‍ശനമാരംഭിക്കുകയെന്ന് സംവിധായകന്‍ സലീം അഹമ്മദും നിര്‍മാതാക്കളായ അഡ്വ. ടി.കെ ഹാഷിഖും ടി.പി സുധീഷും ദുബയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രതിദിനം 170 ഷോകളാണ് യു.എ.ഇയില്‍ മാത്രമുണ്ടാവുക. ഇതിനകം വന്‍ ജനപ്രീതി നേടിക്കഴിഞ്ഞ ഈ സിനിമ പ്രദര്‍ശിപ്പിക്കാന്‍ പത്തോളം തിയ്യറ്ററുകള്‍, വിവിധ പ്രവാസ കൂട്ടായ്മകള്‍ ബുക്ക് ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഒമാന്‍, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത് രാജ്യങ്ങളില്‍ ഈ മാസം 26നാണ് സിനിമ റിലീസ് ചെയ്യുന്നത്. ഖത്തറില്‍ പത്ത് ദിവസത്തെ ഹൗസ് ഫുള്‍ പ്രദര്‍ശനത്തിനുള്ള ഉറപ്പ് കിട്ടിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. അര നൂറ്റാണ്ടിന്റെ പ്രവാസാനുഭവങ്ങള്‍ പറയുന്ന ഈ സിനിമ പ്രവാസി സമൂഹം മുഴുവന്‍ കാണണമെന്നും അതേവരുടെയും ഉത്തരവാദിത്തമായി മനസ്സിരുത്തണമെന്നും അണിയറ പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിച്ചു.

pattemari
ഈ സിനിമക്ക് വേണ്ടി ഒരു വര്‍ഷത്തിലധികം കാലം താന്‍ ഗവേഷണം ചെയ്തിട്ടുണ്ടെന്ന് സലീം അഹമ്മദ് പറഞ്ഞു. സ്വന്തം ജീവിതം മറന്ന് തന്നെ ആശ്രയിച്ചുള്ള മനുഷ്യരുടെ ജീവിതം കരുപ്പിടിപ്പിക്കാന്‍ പ്രവാസ ലോകത്ത് ഏറെ ത്യാഗങ്ങള്‍ സഹിച്ച ഏതാനും മനുഷ്യരിലൂടെ പ്രവാസത്തിന്റെ ഭൂമികയെ നൂറു ശതമാനം സത്യസന്ധമായി അവതരിപ്പിക്കാനാണ് താനീ സിനിമയിലൂടെ ശ്രമിച്ചിട്ടുള്ളതെന്നും കച്ചവടക്കടണ്ണിലൂടെ ഇതിനെ താന്‍ സമീപിച്ചിട്ടില്ലെന്നും സലീം അഹമ്മദ് പറഞ്ഞു. നമ്മുടെ നാട് ഇന്ന് കാണുന്ന വികസനത്തില്‍ ഇത്തരം മനുഷ്യരുടെ കയ്യൊപ്പുണ്ടെന്നത് വിസ്മരിക്കാനാവാത്തതാണ്. അവരുടെ യഥാര്‍ത്ഥ ജീവിതം പകര്‍ത്താനാണ് ശ്രമിച്ചത്. അത് വിജയിച്ചുവെന്നാണ് കേരളത്തില്‍ ഈ സിനിമ റിലീസ് ചെയ്ത ശേഷം ലഭിച്ചു കൊണ്ടിരിക്കുന്ന പ്രതികരണം. ഈ സിനിമയെ പ്രശംസിച്ച് വിദേശ രാജ്യങ്ങളില്‍ നിന്നും നിരവധി അന്വേഷണങ്ങള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറെ യത്‌നങ്ങളിലൂടെയാണ് ഈ സിനിമയെ സാക്ഷാത്കരിച്ചത്. നാട്ടില്‍ സിനിമ റിലീസ് ചെയ്യാന്‍ ആദ്യമാരും സഹകരിച്ചില്ല. പിന്നീട്, ഒട്ടേറെ അന്വേഷണങ്ങള്‍ക്കും പരിശ്രമങ്ങള്‍ക്കുമൊടുവില്‍ മുംബൈയില്‍ നിന്നുള്ള ഇറോസ് കമ്പനി ചിത്രം കാണുകയും ഏറ്റെടുക്കുകയുമായിരുന്നു. അവരുടെ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി സിനിമയെ മാര്‍ക്കറ്റ് ചെയ്യാന്‍ സഹായിച്ചു. ഹാഷിഖും സുധീഷും നല്‍കിയ പിന്തുണ വലുതാണെന്നും ഭാവിയിലും ഈ കൂട്ടായ്മ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, ഈ സിനിമയുടെ വഴി മുടക്കാന്‍ നിരവധി ശ്രമങ്ങളുണ്ടായ കാര്യം അദ്ദേഹം പ്രത്യേകം എടുത്തു പറഞ്ഞു. ഇതിന്റെ കഥ തന്റേതാണെന്ന് അവകാശപ്പെട്ട് മസ്‌കത്തില്‍ നിന്നൊരാള്‍ വാര്‍ത്താസമ്മേളനം നടത്തി. അബുദാബിയില്‍ നിന്നുള്ള മറ്റൊരാളും അവകാശവാദവുമായി രംഗത്ത് വന്നു. എന്നാല്‍, ടി.വി കൊച്ചുബാവയുടെ ‘സ്വപ്നങ്ങളില്‍ നിന്ന് സ്വപ്നങ്ങളിലേക്ക് ഒരു കബീര്‍’  എന്ന കഥ മോഷ്ടിച്ചായിരുന്നു ഇയാള്‍ തന്റേതെന്ന വ്യാജാവകാശം ഉന്നയിച്ചത്. ഇതിനെതിരെ കോടതി ഇയാള്‍ക്കു നേരെ നിശിത വിമര്‍ശമാണുയര്‍ത്തിയത്. യു.എ.ഇയില്‍ നിന്നുള്ള പ്രമുഖ ഇംഗ്‌ളീഷ് പത്രത്തിന്റെ പ്രത്യേക പതിപ്പില്‍ ഈ കഥ മോഷ്ടിച്ചതാണെന്ന വിധത്തില്‍ ആക്ഷേപകരമായ മറ്റൊരു ആക്രമണവുമുണ്ടായി. ഇതിനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും സലീം അഹമ്മദ് വെളിപ്പെടുത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 117 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക