|    Apr 22 Sun, 2018 12:49 am
FLASH NEWS
Home   >  Editpage  >  Article  >  

പത്തേമാരി, പരദേശി, പാസ്‌പോര്‍ട്ട്

Published : 6th March 2016 | Posted By: SMR

slug-avkshngl-nishdngl‘ആദാമിന്റെ മകന്‍ അബു’ എന്ന ജനപ്രിയ സിനിമയില്‍ പാസ്‌പോര്‍ട്ട് കരസ്ഥമാക്കാന്‍ അതിലെ മുഖ്യ കഥാപാത്രമായ സലീംകുമാര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ആ സിനിമ കണ്ടവര്‍ മറന്നുകാണില്ല. ജോലിക്കും തീര്‍ത്ഥാടനത്തിനുമായി വിദേശത്തു പോവാന്‍ പൗരത്വം തെളിയിക്കുന്ന പാസ്‌പോര്‍ട്ട് കൂടിയേ കഴിയൂ. ആവശ്യക്കാര്‍ക്ക് അതിവേഗം പാസ്‌പോര്‍ട്ട് ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്തത്തോടെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ തുടങ്ങിയെങ്കിലും വിവിധ കാരണങ്ങളാല്‍ പാസ്‌പോര്‍ട്ട് അപേക്ഷകളില്‍ തീര്‍പ്പുകല്‍പിക്കാന്‍ കാലതാമസം നില നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ വിദേശകാര്യവകുപ്പ് പുതിയ നടപടികളുമായി മുന്നോട്ടുവരുന്നത് അക്കരെയെത്താന്‍ കാത്തിരിക്കുന്നവര്‍ക്ക് ആശ്വാസമാവുന്നു.
24 മണിക്കൂറിനകം അപേക്ഷകര്‍ക്ക് പാസ്‌പോര്‍ട്ട് അനുവദിച്ചുനല്‍കാനാണു വിദേശകാര്യമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇനി മുതല്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡ് എന്നീ മൂന്നു രേഖകള്‍ മാത്രം സമര്‍പ്പിച്ചാല്‍ കാലതാമസം കൂടാതെ തന്നെ പാസ്‌പോര്‍ട്ട് ലഭിക്കും. ഇതുവരെ പാസ്‌പോര്‍ട്ട് അനുവദിച്ചുനല്‍കുന്നതിനു മുമ്പ് നടത്തിവന്നിരുന്ന പോലിസ് വെരിഫിക്കേഷന്‍ ഇനിമേലില്‍ പാസ്‌പോര്‍ട്ട് ലഭിച്ചതിനുശേഷം മാത്രം നടത്തിയാല്‍ മതിയെന്നാണു പുതിയ നിബന്ധന. പാസ്‌പോര്‍ട്ട് അനുവദിക്കുന്നതിനു മുമ്പ് അപേക്ഷകനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ആരായാനും അപേക്ഷകന്‍ സമര്‍പ്പിച്ച രേഖകളുടെ നിജസ്ഥിതി പരിശോധിക്കാനുമാണു നിര്‍ബന്ധ പോലിസ് വെരിഫിക്കേഷന്‍ ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, പല സാങ്കേതിക കാരണങ്ങളാലും അപേക്ഷകന്‍ സമര്‍പ്പിക്കുന്ന രേഖകളിലെ അപാകതകളും മതിയായ രേഖകളുടെ അഭാവവും പലപ്പോഴും പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് കാലതാമസത്തിനു കാരണമാവാറുണ്ട്.
പാസ്‌പോര്‍ട്ട് അപേക്ഷകളും ഫീസും ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനു സര്‍ക്കാര്‍ നല്‍കിയ സൗകര്യം അപേക്ഷകര്‍ ഉപയോഗപ്പെടുത്തുന്നപക്ഷം അപേക്ഷകള്‍ കാലതാമസം കൂടാതെ തീര്‍പ്പാക്കാന്‍ അധികാരികള്‍ക്കു കഴിയും. എന്നാല്‍, മുന്‍കാലങ്ങളിലെപ്പോലെ ഏജന്റുമാരുടെ പിടിയില്‍ അകപ്പെടുന്ന അപേക്ഷകരാണ് പലപ്പോഴും വഞ്ചിക്കപ്പെടുന്നത്. ജനനത്തിയ്യതിയിലെ പിശക്, പേരിലെ തെറ്റ്, അഡ്രസ്സ് മാറ്റം, എമിഗ്രേഷന്‍ ക്ലിയറന്‍സ് സംബന്ധിച്ച കാര്യങ്ങള്‍ എന്നിവയ്ക്കായി സമീപിക്കുന്നവരാണ് പലപ്പോഴും ഏജന്റുമാരുടെ കെണിയില്‍ അകപ്പെടുന്നത്. പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനുള്ള കാലതാമസവും പല ഏജന്റുമാരും ഉദ്യോഗസ്ഥരുടെ സഹായത്തോടെ തന്നെ ചൂഷണം ചെയ്തുവന്നിരുന്നതും അനധികൃത പാസ്‌പോര്‍ട്ട് നല്‍കലും പോലിസിന്റെയും സിബിഐയുടെയും ഇടപെടല്‍മൂലം ഒരു പരിധിവരെ ഇല്ലാതായി. ഈ സാഹചര്യത്തിലാണു മൂന്ന് ആധികാരിക രേഖകള്‍ സമര്‍പ്പിക്കുന്നവര്‍ക്ക് 24 മണിക്കൂറിനകം പാസ്‌പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ഉത്തരവിറക്കിയിരിക്കുന്നത്.
ഒരു പൗരന്റെ പൗരത്വം തെളിയിക്കുന്ന ആധികാരിക രേഖയാണ് പാസ്‌പോര്‍ട്ട്. അത് ആവശ്യപ്പെടുന്ന മുറയ്ക്ക് കാലവിളംബം കൂടാതെ ലഭിക്കുക എന്നത് അയാളുടെ അവകാശമാണ്. എന്നാല്‍, പ്രസ്തുത രേഖ അനുവദിച്ചുകിട്ടാന്‍ പൗരന്‍ ചില നിബന്ധനകള്‍ പാലിച്ചേ മതിയാവൂ. പാസ്‌പോര്‍ട്ട് അനുവദിക്കല്‍ സുതാര്യവും വേഗത്തിലുമാക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ച നടപടികള്‍ തികച്ചും ജനോപകാരപ്രദമാണെന്നു പറയാതെ വയ്യ. കേവലം മൂന്ന് ഐഡന്റിറ്റി കാര്‍ഡ് സമര്‍പ്പിച്ചാല്‍ ഒരാള്‍ക്ക് 24 മണിക്കൂറിനകം പാസ്‌പോര്‍ട്ട് ലഭിക്കും വിധം നടപടിക്രമങ്ങള്‍ ലഘൂകരിക്കപ്പെട്ടത് എജന്റുമാര്‍ക്കും ശുപാര്‍ശക്കാര്‍ക്കും രുചിക്കില്ലെങ്കിലും അക്കരെനിന്നൊരു മാരനെ സ്വപ്‌നം കാണുന്ന പെണ്‍മണിക്കും അകലങ്ങളിലെ ബന്ധുക്കളെ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരു സുവര്‍ണാവസരമാണ്. പാസ്‌പോര്‍ട്ട് തങ്ങളുടെ അവകാശമാണെന്ന തിരിച്ചറിവു മാത്രം മതി തത്കാലില്‍നിന്ന് 24 മണിക്കൂറിലേക്ക് മൂന്നു തിരിച്ചറിയല്‍ കാര്‍ഡുമായി എത്തിപ്പെടാന്‍. വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ എന്നു പറഞ്ഞ് പത്തേമാരിയില്‍ കയറി പരദേശിയാവാതെ നിയമം അനുശാസിക്കുന്ന മാര്‍ഗത്തില്‍ ലക്ഷ്യത്തിലെത്തുക എന്നത് ഓരോ പൗരന്റെയും കടമയാണ്; അവകാശവും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss