|    Jun 25 Mon, 2018 10:21 am
FLASH NEWS
Home   >  Fortnightly   >  

പത്തേമാരികള്‍തിരിച്ചു വരുന്നു

Published : 24th March 2016 | Posted By: swapna en

pathemari
എ എം നജീബ്‌

അതിഥികള്‍ക്കെല്ലാമമരദേശമീ-
ക്കിതവി ഞങ്ങള്‍ക്കു നരകദേശവും
മദിപ്പിക്കും, കനിക്കിനാവുകള്‍ കാട്ടി
കൊതിപ്പിക്കും; പക്ഷേ കൊടുക്കയില്ലവള്‍”
(ആസാം പണിക്കാര്‍, വൈലോപ്പിള്ളി)

അസമില്‍ പണിക്കുപോയ മലയാളികളെ കുറിച്ച് 1941 ലാണ്് വൈലോപ്പിള്ളി ശ്രീധരമേനോന്‍ ഈ കവിത എഴുതുന്നത്. ജീവിതം കരുപ്പിടിപ്പിക്കാനായി അവിടെ പാലംനിര്‍മാണത്തിനായി പോയി ഒട്ടൊക്കെ പരാജയപ്പെട്ട് ജന്മനാടായ കേരളത്തിലേക്കു തിരിച്ചുപോരുന്ന പ്രവാസത്തിന്റെയും കുടിയേറ്റത്തിന്റെയും നോവും കണ്ണീരും കേരളമെന്ന ഗൃഹാതുരതയും വരച്ചിടുന്ന മനോഹര രചന. പ്രവാസം അനിവാര്യമാക്കിത്തീര്‍ത്ത കേരളത്തിന്റെ അന്നത്തെ സാമൂഹികാവസ്ഥയെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട് ഈ കവിത. അതിഥികള്‍ക്കു സ്വര്‍ഗസുന്ദരവും സ്വദേശികള്‍ക്കു നരകതുല്യവുമായ ജീവിത സാഹചര്യമായിരുന്നു കേരളത്തിന്റേത്. പിന്നീട് നോവലായും കഥകളായും വ്യത്യസ്തമായ ആവിഷ്‌കാരങ്ങളായും പ്രവാസത്തിന്റെ നൊമ്പരം മലയാളിയെ തേടിയെത്തി.
അസ്തിത്വത്തിന്റെയും നിലനില്‍പ്പിന്റെയും സമ്മര്‍ദ്ദം നിമിത്തം സംഭവിച്ചു പോയതാണ് മലയാളികളെ സംബന്ധിച്ചിടത്തോളം കുടിയേറ്റങ്ങള്‍. കേരളത്തെ സമ്പന്നമാക്കുന്നതിലും ചുറ്റുപാടുകള്‍ മാറ്റിമറിക്കുന്നതിലും വിവിധദേശങ്ങളിലേക്കുള്ള മലയാളികളുടെ കുടിയേറ്റം വഹിച്ച പങ്ക് ചെറുതല്ല. ആദ്യം തെക്കന്‍കേരളത്തില്‍ നിന്നു വടക്കന്‍ ജില്ലകളിലെ മലയോരപ്രദേശങ്ങളിലേക്കും പിന്നീട് കേരളത്തിനു പുറത്തേക്കുമാണ് കുടിയേറ്റങ്ങള്‍ പടര്‍ന്നു പന്തലിച്ചുത്.
ബര്‍മ, സിലോണ്‍, സിങ്കപ്പൂര്‍ എന്നീ ദേശങ്ങളൊക്കെ ആദ്യകാല പ്രവാസത്തിന്റെ പ്രധാനപ്പെട്ട തുരുത്തുകളായിരുന്നു. ബര്‍മയില്‍ പോയി അരിക്കച്ചവടം നടത്തുന്നത് അക്കാലത്ത് വലിയ കാര്യമാണ്. അതുപോലെ സിങ്കപ്പൂരില്‍ പോയി തിരിച്ചുവരുന്ന ഒരാള്‍ പ്രദേശത്തുകാര്‍ക്ക് അത്ഭുതമായിരുന്നു. അതിന്റെ തുടര്‍ച്ചയായിട്ടാണ് ഗള്‍ഫ് കുടിയേറ്റം സംഭവിക്കുന്നത്. നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടമായി ഗള്‍ഫില്‍ ആദ്യമെത്തിയ മലയാളികള്‍ കണ്ണീരിന്റെയും ചോരയുടെയും അക്ഷരങ്ങള്‍കൊണ്ടാണ് അവരുടെ ചരിത്രം രേഖപ്പെടുത്തിയത്. മലയാള നാടിന്റെ സാമ്പത്തിക ചരിത്രം മാറ്റിയെഴുതിയ ഈ പ്രവാസം ഇന്നു മൂന്നാം തലമുറയും പിന്നിടുമ്പോള്‍ നിര്‍ബന്ധിത തിരിച്ചുപോക്കിനുള്ള പത്തേമാരികള്‍ ഒരുങ്ങിക്കിടക്കുന്നുവെന്ന അശുഭകരമായ വാര്‍ത്തയാണ് ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും വ്യാപകമായി കേട്ടുകൊണ്ടിരിക്കുന്നത്.

beh
കടലില്‍ നിന്നു മുത്തും പവിഴവും പെറുക്കി ഉപജീവനം നടത്തിയിരുന്ന ഒരു ജനതയ്ക്കു ചുട്ടുപൊള്ളുന്ന മണല്‍ക്കാടിനടിയില്‍ ലോകത്തെ സമ്പന്നമാക്കുന്നതിനുള്ള അത്ഭുതനിധിയുണ്ടെന്ന സൂചന ആദ്യം നല്‍കിയത്, 1930 കളില്‍ അറബ് ജനത അബൂ നഫ്ത് അഥവാ എണ്ണയുടെ പിതാവ് എന്നു വാത്സല്യപൂര്‍വം വിളിച്ച മേജര്‍ ഫ്രാങ്ക് ഹോംസ് ആയിരുന്നു. ന്യൂസ്‌ലാന്റ് കാരനായ ഭൗമശാസ്ത്രജ്ഞന്‍ മേജര്‍ ഫ്രാങ്ക് ഒന്നാം ലോകമഹായുദ്ധത്തില്‍ നിര്‍ബന്ധിത പട്ടാള സേവനമനുഷ്ടിക്കുന്നതിന്റെ ഭാഗമായി ബ്രിട്ടീഷ് സൈന്യത്തിന്റെ കോര്‍ട്ടര്‍ മാസ്റ്റര്‍ പദവി അലങ്കരിക്കുന്ന കാലം- 1918.  മൊസപ്പൊട്ടോമിയയിലെ (ഇന്നത്തെ ഇറാഖ്) സൈനികര്‍ക്ക് ഭക്ഷണവും മറ്റു സൗകര്യങ്ങളും ഒരുക്കുന്നതിനായി വരുമ്പോഴാണ് ഭൂമിക്കടിയില്‍ എണ്ണയുടെ ഊറലുണ്ടെന്നു നിരീക്ഷിക്കുന്നത്. താന്‍ കണ്ടെത്തിയ സത്യം  ദിവസവും എഴുതുന്ന കത്തുകളിലൂടെ ഭാര്യയുമായി പങ്കുവച്ചു. യുദ്ധത്തിനുശേഷം 1920 ല്‍ ഫ്രാങ്ക് ഗള്‍ഫ് നാടുകളിലേക്കു യാത്ര തിരിച്ചു. മൊസപ്പൊട്ടോമിയന്‍ ഭൂമിയുടെ അടിയില്‍ കണ്ടെത്തിയ നിധി ഗള്‍ഫ് രാജ്യങ്ങളിലുമുണ്ടെന്ന് അദ്ദഹം മനസ്സിലാക്കി. ലോകസമ്പദ്‌വ്യവസ്ഥയുടെ ധമനികളിലൂടെ ഒഴുകേണ്ട രക്തമാണ് എണ്ണയെന്നു തിരിച്ചറിഞ്ഞിട്ടാവണം 1922 ല്‍ സൗദി അറേബ്യയിലെത്തി ഇബ്‌നു സഊദുമായി കൂടിക്കാഴ്ച നടത്തുകയും തങ്ങളുടെ കാല്‍ച്ചുവട്ടിനടിയിലുള്ള നിധി ശേഖരത്തെ കുറിച്ച് ബോധ്യപ്പെടുത്തുകയും ചെയ്തത്.
ഒളിക്കണ്ണോടെ മാത്രം പാശ്ചാത്യരുടെ അറേബ്യയിലേക്കുള്ള കടന്നു വരവിനെ കണ്ടിരുന്ന കാലഘട്ടം. കാര്യങ്ങള്‍ ബോധ്യപ്പെട്ട ഇബ്‌നു സഊദ് പൂമ്പാറ്റ ഗവേഷകനെന്നാണ് ഫ്രാങ്ക് ഹോംസിനെ മറ്റുള്ളവര്‍ക്കു പരിചയപ്പെടുത്തിയത്. പൂമ്പാറ്റയെ പിടിക്കാനുള്ള വലയുമായി എണ്ണതേടിയലഞ്ഞ ഹോംസ് 1927 ല്‍ ബഹ്‌റൈനിലെ ജബല്‍ അദ്ദുഖാനിലെത്തി. ഗള്‍ഫിലെ ആദ്യത്തെ എണ്ണക്കിണര്‍ അവിടെയാണ് സ്ഥിതിചെയ്യുന്നത്. പിന്നെയും 5 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ് ഡ്രില്ലിങ് തുടങ്ങുന്നത്. 1,250 അടി താഴ്ചയിലെത്തിയപ്പോള്‍ തന്നെ എണ്ണയുടെ ഗന്ധമടിച്ചു. ജീവിക്കാനായി കടലില്‍ ഊളിയിട്ടിരുന്ന അറബികളുടെ സാമ്പത്തിക ശാസ്ത്രം മാറ്റിയെഴുതി ഈ കണ്ടുപിടുത്തം. ഇന്ന് ഗള്‍ഫുകൊണ്ട് മലയാളി നേടിയതിനെല്ലാം മേജര്‍ ഫ്രാങ്ക് ഹോംസിനോടുകൂടി കടപ്പെട്ടിരിക്കുന്നു. പ്രകൃതിയില്‍ നിന്നു ലഭിച്ച ഈ അനുഗ്രഹം മറ്റുള്ളവര്‍ക്കുകൂടി പങ്കുവയ്ക്കാനുള്ള വിശാലതയാണ് അറബ്‌ലോകം കാണിച്ചത്.
പുതിയ പ്രതിസന്ധികള്‍
അറേബ്യന്‍ മണ്ണിലെ പെട്രോളിന്റെ ചരിത്രം ഇന്നു മറ്റൊരു ദിശയില്‍ എത്തി നില്‍ക്കുകയാണ്. ലോകത്ത് എണ്‍പത് മില്യണ്‍ ബാരല്‍ പെട്രോള്‍ ഒരു ദിവസം ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. അതിന്റെ എട്ടിലൊന്ന് സൗദി അറേബ്യയില്‍ നിന്നുമാണ്. പക്ഷേ, അതു സൂക്ഷിച്ചുവയ്ക്കാനുള്ള ഒരു കാലാവസ്ഥ അവിടെയില്ല. അതിനാല്‍ മറ്റുള്ളവര്‍ക്കു നല്‍കുകയാണ് സൗദി ചെയ്യുന്നത്.
ഏഴു വര്‍ഷങ്ങള്‍ക്കിടയില്‍ ഒരു സാമ്പത്തിക മാന്ദ്യവും സാമ്പത്തിക മുന്നേറ്റവും സംഭവിക്കുമെന്നത് ഇക്കണോമിക്കല്‍ പ്രോസസിന്റെ ഭാഗമാണെന്നു പല സാമ്പത്തിക വിദഗ്ദ്ധരും നിരീക്ഷിച്ചിട്ടുണ്ട്്. 1993 ല്‍ ഉണ്ടായ ജാപ്പനീസ് മാന്ദ്യം. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നു ജപ്പാനില്‍ നിന്നുള്ള ഉല്‍പ്പാദനത്തെ ചൈനയ്ക്കു മറിച്ചു കൊടുത്തു അമേരിക്ക. സോണി കോര്‍പ്പറേഷനും പാനാസോണിക് കോര്‍പ്പറേഷനും ജപ്പാനില്‍ നിന്നു ക്വാളിറ്റിയുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചുകൊണ്ടിരിക്കെ ചൈനയെ ലേബര്‍ കോളനിയാക്കി മാറ്റുന്നതിന്റെ ഭാഗമായി യുവാനും യുഎസ് ഡോളറും തമ്മില്‍ മറ്റാരുമായും ഉണ്ടാവാത്ത വിധം ധാരണയുണ്ടാക്കി. ജപ്പാനുകൊടുത്തിരുന്ന എല്ലാ അന്താരാഷ്ട്ര സഹായങ്ങളും ചൈനയ്ക്കു മാറ്റി കൊടുത്തു. അപ്പോഴുണ്ടായ സാമ്പത്തിക മാന്ദ്യം ഗള്‍ഫ് രാഷ്ട്രങ്ങളെയടക്കം ബാധിച്ചിരുന്നു. പിന്നീട് 2001 ല്‍ അമേരിക്കയില്‍ ആരംഭിച്ച മാന്ദ്യം ദീര്‍ഘകാലം ഇറാഖിലും അഫ്ഗാനിലും നടത്തിയ യുദ്ധങ്ങള്‍കൊണ്ട് മറച്ചുവെച്ചുവെങ്കിലും 2008 ല്‍ ലോക സാമ്പത്തിക മാന്ദ്യമായി പുറത്തു വരുന്നതാണ് പിന്നീട് കാണുന്നത്. അതിനെ മറികടക്കുന്നതിന്റെ ഭാഗമായിട്ടായിരിക്കണം 2015 ല്‍ എണ്ണയടക്കമുള്ള പ്രകൃതി വാതകങ്ങള്‍ക്കു മറ്റുള്ളവരെ ആശ്രയിക്കേണ്ടതില്ലെന്ന നയതന്ത്രതീരുമാനം അമേരിക്കയെടുക്കുന്നതും ക്രൂഡ് ഓയിലിന്റെ അത്രയും ക്വാളിറ്റിയില്ലാത്ത ഷെയില്‍ ഓയില്‍ ഉല്‍പ്പാദനം ആരംഭിക്കുന്നതും. 2014 ല്‍ ബാരലിനു 100 ഉം 115 ഉം ഡോളറുണ്ടായിരുന്ന എണ്ണയുടെ വില 30 ഡോളറിലേക്കെത്തിയതിന് കാരണം പ്രകൃതിവാതകങ്ങളുടെ കാര്യത്തില്‍ വിദേശികളെ ആശ്രയിക്കേണ്ടതില്ലെന്ന അമേരിക്കയുടെ ഈ തീരുമാനമാണ്. ഇതു അന്താരാഷ്ട്ര സമ്പദ്‌വ്യവസ്ഥയെ മുച്ചൂടും തകര്‍ക്കുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. മാര്‍ക്കറ്റില്‍ വില പിടിച്ചു നിര്‍ത്തണമെങ്കില്‍ എണ്ണയുടെ ഉല്‍പ്പാദനം ഗണ്യമായി കുറയ്ക്കണം. കുറച്ചാല്‍ ഷെയില്‍ ഓയില്‍ ഉല്‍പ്പാദകര്‍ വിപണി കൈയടക്കും. ഏറ്റവും ചുരുങ്ങിയ ചെലവില്‍ എണ്ണയുല്‍പ്പാദനം സാധ്യമാവുന്ന രാജ്യം സൗദിയാണ്.

pathemariഇത്രയും കാലം സൗദി അറേബ്യയുടെ ദൗര്‍ബല്യത്തെ ചൂഷണം ചെയ്തുകൊണ്ടാണ് ഉപജാപങ്ങളിലൂടെ എണ്ണയുടെ വില വര്‍ധിപ്പിച്ചുകൊണ്ടിരുന്നത്. അമേരിക്കയുടെ സില്‍ബന്ധികളായി നിലകൊണ്ടപ്പോള്‍ ഫലസ്തീന്‍, ഇറാനടക്കമുള്ള രാജ്യങ്ങളോടു സൗദി സ്വീകരിച്ച നിലപാടുകള്‍ പെട്രോളിന്റെ വിലയെ എങ്ങനെ ബാധിക്കും എന്ന ഭയത്തില്‍ നിന്നു രൂപംകൊണ്ടതുകൂടിയായിരുന്നു. തങ്ങളുടെ പിടിപ്പുകേടുകൊണ്ടു  വന്നു ചേര്‍ന്ന  സാമ്പത്തിക പ്രതിസന്ധിയില്‍  നിന്നു അറബ് സമൂഹത്തെ രക്ഷിക്കാന്‍ കൂട്ടിനാരുമെത്താത്ത സാമൂഹിക സാഹചര്യമാണ് നിലവിലുള്ളത്. വിയോജിപ്പിലും അനൈക്യത്തിലുമായാണ് അറബ് രാഷ്ട്രങ്ങള്‍ പരസ്പരം കഴിയുന്നത്.

ഒരു ഗള്‍ഫ് യൂണിയനെ കുറിച്ചോ ഏകീകൃത കറന്‍സിയെ കുറിച്ചോ അവര്‍ ഇനിയും ചിന്തിച്ചിട്ടില്ല. ആലോചിക്കുന്നുമില്ല. ഇന്നും ഡോളറിലേക്കു മാത്രം സാമ്പത്തിക വ്യവഹാരത്തെ ചുരുക്കുന്നതിനാണ് ശ്രമിക്കുന്നത്. ഇപ്പോള്‍ ഇറാനില്‍ നിന്നു ഉല്‍പാദിപ്പിക്കുന്ന പെട്രോള്‍ മാര്‍ക്കറ്റ് ചെയ്യുന്നതിന് അമേരിക്ക സഹായവുമായി എത്തുമ്പോള്‍ പുരോഗതിയെ മുന്നില്‍ കണ്ട് അവര്‍ക്കൊപ്പം നില്‍ക്കാനാണ് ആ രാജ്യവും ശ്രമിക്കുക.
ആണവായുധവുമായി ബന്ധപ്പെട്ട് ഇറാനുമേലുണ്ടായിരുന്ന ഉപരോധം നീക്കിയതോടെ 1,500 കോടി ഡോളര്‍ അവര്‍ക്കു തുറന്നു കിട്ടുകയും ചെയ്തു. ഇറാനുമേലുണ്ടായിരുന്ന രാഷ്ട്രീയ പ്രതിസന്ധികളെ തുടര്‍ന്നു വിറ്റഴിക്കാന്‍ കഴിയാതിരുന്ന 4 കോടി ബാരല്‍ എണ്ണ റിഫൈനറികളില്‍ സൂക്ഷിച്ചുവച്ചിരിക്കുകയാണ്.

ഉപരോധം നീങ്ങികിട്ടിയതോടെ ചുരുങ്ങിയ ചെലവില്‍ വീണ്ടും എണ്ണ ഉല്‍പ്പാദിപ്പിക്കാനും (ബാരലിനു 12 ഡോളര്‍) കുറഞ്ഞ വിലയ്ക്കു മാര്‍ക്കറ്റ് പിടിക്കാനും കഴിയുമെന്നാണ് ഇറാന്‍ കരുതുന്നത്. ഇതും ഗള്‍ഫ് രാജ്യങ്ങള്‍ക്കു തിരിച്ചടി ആയേക്കാം. എണ്ണയുടെ സമൃദ്ധിയില്‍ ആഡംബരജീവിതം നടത്തുന്നതു അവസാനിപ്പിക്കാറായെന്ന സൂചന വര്‍ഷങ്ങള്‍ക്കു മുമ്പ് ഗള്‍ഫ് പൗരന്മാര്‍ക്കു നല്‍കിയത് കുവൈത്ത് പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക്ക് ആണ്. ഇതുവരേക്കും മിച്ച വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചുവന്ന ഗള്‍ഫ് രാജ്യങ്ങള്‍ കമ്മി ബജറ്റ് അവതരിപ്പിക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്നു. അന്തര്‍ദേശീയ സമ്പദ്ഘടനയിലെ ഓയില്‍ ധമനികള്‍ ഡ്രൈ ആയാല്‍ സ്വാഭാവികമായും ലോകസമ്പദ്ഘടന തകരും.
ഗള്‍ഫ് രാജ്യങ്ങള്‍ വിദ്യാഭ്യാസമേഖലയിലും ശാസ്ത്രമേഖലയിലും പണം ചെലവഴിക്കാതിരിക്കുന്നതുകൊണ്ടാണ് ലോകത്ത് ഭീകരത വളരുന്നതെന്ന് അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ വിമര്‍ശിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയുടെ മറവില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ മറ്റുചില രാഷ്ട്രീയസൂചനകളുമാണ് നല്‍കുന്നത്. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു കരകയറുന്നതിനായി പല പദ്ധതികളും  ഗള്‍ഫ് രാജ്യങ്ങള്‍ ആവിഷ്‌കരിച്ചു കഴിഞ്ഞു. ചെലവു ചുരുക്കലും നികുതികള്‍ ഏര്‍പ്പെടുത്തലുമാണ് പ്രധാനമായും കണ്ട മാര്‍ഗങ്ങള്‍. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളുടെ എണ്ണം കുറയ്ക്കുക, പൊതുമേഖലാസ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുക തുടങ്ങിയവ നടപ്പിലാക്കികൊണ്ടിരിക്കുന്നു. ദൈനംദിന ചെലവുകളില്‍ 30 ശതമാനം ചെലവു ചുരുക്കുന്നതിനുള്ള കര്‍ശനനിര്‍ദേശങ്ങള്‍ നല്‍കി കഴിഞ്ഞു.

ആവശ്യമില്ലാത്ത തസ്തികകള്‍ ഒഴിവാക്കുന്നതു മുഖേന വിദേശികള്‍ക്കു നിര്‍ബന്ധിത തിരിച്ചുപോക്കിനു വഴിയൊരുങ്ങുകയാണ്. മൂന്നു കോടിയിലധികം ഇന്ത്യക്കാര്‍ വിദേശ രാഷ്ട്രങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം മാത്രം 13.9 ബില്ല്യന്‍ രൂപയാണ് പ്രവാസികള്‍ ഇന്ത്യയിലേക്ക് അയച്ചതെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയില്‍ നിലവിലുള്ള പ്രത്യക്ഷ വിദേശ നിക്ഷേപത്തിന്റെ (എഫ്ഡിഐ) മൂന്നിരട്ടി വരും ഈ സംഖ്യ. എന്നിട്ടും പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അവരുടെ ജീവിതസുരക്ഷിതത്വം ഉറപ്പ് വരുത്താനും കേന്ദ്ര സര്‍ക്കാറിനോ സംസ്ഥാന സര്‍ക്കാറുകള്‍ക്കോ കഴിയുന്നില്ല എന്നതാണ് വാസ്തവം. ഗള്‍ഫില്‍ ഉടലെടുക്കുന്ന ഈ പ്രതിസന്ധികളില്‍ എത്ര ഇന്ത്യക്കാര്‍ ബലിയാവുന്നുണ്ടെന്ന കണക്കു പോലും ഇന്ത്യന്‍ എംബസികളിലില്ല. മറിച്ച് ഫിലിപ്പീന്‍സ്, ഇന്തോനേസ്യ തുടങ്ങിയ രാജ്യങ്ങളുടെ എംബസികളും സര്‍ക്കാരുകളും വിദേശത്ത് പണിയെടുക്കുന്ന തങ്ങളുടെ പൗരന്മാരെ കുറിച്ച് ബോധവാന്മാരാണ്. നിയമപരമായി പ്രവാസികളെ ശക്തിപ്പെടുത്താനും അതുവഴി സുരക്ഷിതമായ ജീവിതം ഉറപ്പുവരുത്താനും ആംനസ്റ്റി ഇന്റര്‍നാഷണല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. പ്രവാസികളുടെ വിവിധ പ്രശ്‌നങ്ങളെ കുറിച്ച് സര്‍ക്കാരുകളെയും പൊതുജനങ്ങളെയും ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ആഗോളതലത്തില്‍ ആംനസ്റ്റി സെമിനാറുകള്‍ സംഘടിപ്പിക്കുന്നുണ്ട്. പക്ഷേ, പ്രവാസികളെ കുറിച്ചുള്ള പഠനങ്ങളും റിപ്പോര്‍ട്ടുകളും നമ്മുടെ സര്‍ക്കാരുകള്‍ക്കു സൂക്ഷിച്ചുവയ്ക്കാനുള്ള ഫയലുകള്‍ മാത്രമായി.
മലയാളികളെ സംബന്ധിച്ചിടത്തോളം ഉണ്ടാകാന്‍ പോവുന്ന സാമ്പത്തിക ഞെരുക്കത്തിനു ആക്കം കൂട്ടുന്നതില്‍ അവരുടെ ജീവിത ശൈലിക്കും പ്രധാനമായ പങ്കുണ്ട്. സാമ്പത്തിക അച്ചടക്കം പാലിക്കുന്നില്ല. ധൂര്‍ത്തും ദുര്‍വ്യയവും കയ്യൊഴിയുന്നില്ല. വിവാഹം, വീട് നിര്‍മാണം തുടങ്ങിയവ വലിയ ഭാരമായതിനു പിന്നിലും ഭൂമിയുടെ വില വര്‍ദ്ധനവിലും ഗള്‍ഫ് പണത്തിന്റെ സ്വാധീനമാണെന്നതാണ് യാഥാര്‍ഥ്യം.
കേരളത്തിലിറങ്ങിയ ഗള്‍ഫ് പണത്തിന്റെ എത്രശതമാനം സല്‍ക്കാരങ്ങളായും വിദ്യാഭ്യാസത്തിനുള്ള കോഴയായും വലിയ വീടുകളായും സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സമ്മേളനങ്ങളായും മാറിയിട്ടുണ്ടെന്ന് ഒരു കണക്കെടുക്കേണ്ടതുണ്ട്. വീടിനെയും നാടിനെയും കുറിച്ച് വലിയ പ്രതീക്ഷകളുമായി ഒരുകാലത്ത് അറേബ്യന്‍ കരക്കടിഞ്ഞിരുന്ന പത്തേമാരികള്‍ തിരിച്ചുവരുന്നതിന്റെ വാര്‍ത്തകള്‍ കേട്ടു തുടങ്ങുമ്പോഴെങ്കിലും ചെലവു ചുരുക്കിയും വിഭവങ്ങള്‍ കരുതിവച്ചും പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചും പ്രവാസികളെ സ്വീകരിക്കാന്‍ നമുക്കു കഴിഞ്ഞില്ലെങ്കില്‍ വീഴ്ചയുടെ ആഘാതം വലുതായിരിക്കുമെന്നു പറയാതെ വയ്യ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss