|    Jun 18 Mon, 2018 8:51 pm
FLASH NEWS
Home   >  Kerala   >  

പത്തു വര്‍ഷത്തെ ദുരിതങ്ങള്‍ക്കു ശേഷം നാട്ടിലെത്തിയ വീട്ടമ്മക്ക് വിമാനത്താവളത്തിലും പീഢനം

Published : 26th October 2016 | Posted By: Navas Ali kn

sexual_harassment_at_workplace_law_0

വീട്ടുവേലക്കാരിയുടെ വിസയില്‍ ഖത്തറിലേക്കു പോയി തൊഴിലുടമകളില്‍ നിന്നും പ്രയാസങ്ങള്‍ നേരിടേണ്ടി വന്ന വീട്ടമ്മ പത്തുവര്‍ഷത്തിനു ശേഷം നാട്ടിലെത്തിയപ്പോള്‍ വിമാനത്താവളത്തിലും മാനസികമായി പീഢിപ്പിക്കപ്പെട്ടു.പാലക്കാട് ആലത്തൂരിലെ ബള്‍ക്കീസ് (48) ആണ് നീണ്ടകാലത്തെ പ്രവാസ ജീവിതത്തിനു ശേഷം പലരുടെയും ഇടപെടലില്‍ നാട്ടിലെത്തിയപ്പോള്‍ നെടുമ്പാശേരി വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ ക്രൂരമായ ചോദ്യം ചെയ്യലിനും പരിഹാസത്തിനും ഇരയായത്. പത്തുവര്‍ഷം മുന്‍പാണ് ബള്‍ക്കീസ് ഖത്തറിലേക്ക് ഹൗസ്‌മെയ്ഡ് വിസയില്‍ പോയത്. ജോലി ലഭിച്ച വീട്ടില്‍ നിന്നും പലപ്രാവശ്യം മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നതോടെ അവിടെ നിന്നും മാറി മറ്റൊരിടത്ത് തൊഴില്‍ ചെയ്തു. ഇതിനിടെ തൊഴിലുടമ പാസ്‌പോര്‍ട്ട് ഖത്തര്‍ സിഐഡിയില്‍ ഏല്‍പ്പിച്ചു.
ഏഴുവര്‍ഷത്തിനിടെ മൂന്നിടങ്ങളിലാണ് ജോലി ചെയ്തതെന്ന് ബള്‍ക്കീസ് പറഞ്ഞു. പാസ്‌പോര്‍ട്ടിന്റെ കാലാവധി ഇതിനിടെ കഴിഞ്ഞിരുന്നു. ഖത്തറിലെ ഹെല്‍പ്പ് ഡസ്‌കിന്റെ സഹായത്തോടെ സിഐഡിയില്‍ നിന്നും പാസ്‌പോര്‍ട്ടും എഴുത്തും ലഭിച്ച് നാട്ടിലേക്കു മടങ്ങാന്‍ ശ്രമിച്ചപ്പോള്‍ ഇന്ത്യന്‍ എംബസി അധികൃതര്‍ രേഖ ശരിയാക്കാതെ മൂന്നു ദിവസം ഇവരെ പ്രയാസപ്പെടുത്തി. അവസാനം വിമാനടിക്കറ്റ് റദ്ദാക്കേണ്ടി വരുമെന്ന സാഹചര്യം വരെയുണ്ടായി. യാത്ര പുറപ്പെടേണ്ടിയിരുന്ന അന്നാണ് എംബസി അധികൃതര്‍ രേഖ നല്‍കിയത്. എല്ലാ കടമ്പകളും കടന്ന് തിങ്കളാഴ്ച്ച രാവിലെ 7.40ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങിയപ്പോള്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അകാരണമായി വൈകിപ്പിച്ചുവെന്നും ബള്‍ക്കീസ് പറഞ്ഞു. പത്തു വര്‍ഷമായി ഖത്തറില്‍ എന്തായിരുന്നു ജോലി, ആരുടെ കൂടെയെല്ലാമാണ് ജോലി ചെയ്തത്, ആരോടൊപ്പമാണ് താമസിച്ചത്, എന്തു പണിയാണ് ചെയ്തതെന്ന് ഞങ്ങള്‍ക്ക്  അറിയാം തുടങ്ങി ഒരു സ്ത്രീയാണെന്നു പോലും പരിഗണിക്കാത്ത ചോദ്യങ്ങളാണ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥരില്‍ നിന്നുമുണ്ടായത്. ഖത്തര്‍ വിമാനത്തിലെത്തിയ എല്ലാവരും പുറത്തേക്കു പോയിട്ടും തന്നെ വിട്ടില്ലെന്നും അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ച് അപമാനിക്കുകയായിരുന്നുവെന്നും ബള്‍ക്കീസ് തേജസിനോടു പറഞ്ഞു. 10 വര്‍ഷം കഴിഞ്ഞ് കുടുംബത്തെ കാണാനുള്ള അതിയായ ആഗ്രഹത്തില്‍ നാട്ടിലെത്തിയതാണെന്നും പുറത്തുപോകാന്‍ അനുവദിക്കണമെന്നും കരഞ്ഞു പറഞ്ഞതോടെയാണ് നാലു മണിക്കൂര്‍ വൈകി 11.30തോടെ ബള്‍ക്കീസിനെ പോകാന്‍ അനുവദിച്ചത്. രേഖകളില്ലാതെ അന്യായമായി രാജ്യത്ത് തങ്ങിയിട്ടും ഖത്തര്‍ ഉദ്യോഗസ്ഥര്‍ വരെ മാന്യമായാണ് തന്നോടു പെരുമാറിയതെന്നും നെടുമ്പാശേരി വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യല്‍ മാനസികമായി ഏറെ തളര്‍ത്തിയെന്നും ഇവര്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്കെതിരേ പരാതി നല്‍കാനുള്ള തീരുമാനത്തിലാണെന്നും ബള്‍ക്കീസ് വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss