|    Nov 25 Sat, 2017 9:13 am
FLASH NEWS

പത്തിയൂരില്‍ ബിജെപി- പോലിസ് സംഘര്‍ഷം

Published : 23rd November 2016 | Posted By: SMR

കായംകുളം: പത്തിയൂരില്‍ സ്ഥലം കൈയേറി നിര്‍മിച്ച റോഡ് തിരിച്ചു പിടിക്കാന്‍ എത്തിയ ബിജെപി പ്രവര്‍ത്തകരും പോലിസും തമ്മില്‍ സംഘര്‍ഷം. ആറാട്ടുകുളങ്ങരക്കു സമീപം സ്വകാര്യ വ്യക്തികളുടെ വസ്തു  കൈയേറി ഒരാഴ്ച മുമ്പ് സിപിഎം പ്രവര്‍ത്തകര്‍ റോഡ് നിര്‍മിച്ചിരുന്നു. ഇതേ ചൊല്ലി സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. അഞ്ചും മൂന്നും സെന്റ് വസ്തുക്കളിലെ താമസക്കാരുടെ വേലികളും മറപ്പുരയും കഞ്ഞിപ്പുരയും തകര്‍ത്തായിരുന്നു റോഡ് നിര്‍മിച്ചത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ എട്ടുപേര്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. അക്രമങ്ങളില്‍ പ്രതിഷേധിച്ച് ബിജെപി ഇന്നലെ പത്തിയൂരില്‍ ഹര്‍ത്താല്‍ ആചരിക്കുകയുണ്ടായി. ഹര്‍ത്താലിനോടനുബന്ധിച്ച് പ്രകടനമായി എത്തിയ ബിജെപി പ്രവര്‍ത്തകരുടെ സഹായത്തോടെ  വീട്ടുകാര്‍ വേലി പുനസ്ഥാപിക്കാന്‍ തുടങ്ങി.വിവരം അറിഞ്ഞ് സിഐ സദന്റെ നേതൃത്വത്തില്‍ എത്തിയ പോലിസ് വേലികെട്ടുന്നത് തടഞ്ഞു.ഇത് ബിജെപി പ്രവര്‍ത്തകരും പോലിസും തമ്മില്‍ വാക്കേറ്റത്തിനു കാരണമായി. വേലികെട്ടാന്‍ സമ്മതിക്കില്ല എന്ന നിലപാടില്‍ പോലിസ് ഉറച്ചുനിന്നതോടെ സംഘര്‍ഷം രൂക്ഷമായി. തുടര്‍ന്ന്  ഡിവൈഎസ്പി രാജേഷ് സ്ഥലത്തെത്തുകയും രണ്ട് ദിവസത്തിനകം പ്രശ്‌നപരിഹാരം ഉണ്ടാക്കാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ബിജെപി പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയത്.ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഡി അശ്വിനി ദേവ്, വൈസ് പ്രസിഡന്റ് പാലമുറ്റത്ത് വിജയകുമാര്‍, മണ്ഡലം പ്രസിഡന്റ് മഠത്തില്‍ ബിജു, കൃഷ്ണകുമാര്‍ രാംദാസ്, രാജേഷ് ഉണ്ണിച്ചേത്ത്, രാജീവ്, ബിജു നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക