|    Jan 23 Mon, 2017 1:59 pm
FLASH NEWS

പത്താന്‍കോട്ട്: സൈനിക നീക്കം തുടരുന്നു; മലയാളിയടക്കം ഏഴു സൈനികര്‍ കൊല്ലപ്പെട്ടു

Published : 4th January 2016 | Posted By: SMR

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: പഞ്ചാബിലെ പത്താന്‍കോട്ടില്‍ വ്യോമസേനാ താവളത്തിനു നേരെ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തെ തുടര്‍ന്നു നടക്കുന്ന സംയുക്ത സൈനിക നീക്കം ഇന്നലെ വൈകിയും തുടര്‍ന്നു. വ്യോമസേനാ കേന്ദ്രത്തിനുള്ളില്‍ ഒരു അക്രമിയെ കൂടി സുരക്ഷാസൈന്യം കൊലപ്പെടുത്തിയതായാണ് റിപോര്‍ട്ട്. ഇന്നലെ വൈകുന്നേരവും ഇവിടെനിന്നു വെടിയൊച്ചകളും സ്‌ഫോടനശബ്ദവും കേട്ടിരുന്നു.
രണ്ട് അക്രമികള്‍ വ്യോമസേനാ താവളത്തിനുള്ളില്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന സൂചനയെ തുടര്‍ന്ന് സൈനിക നീക്കങ്ങള്‍ തുടരുകയാണെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്‌റിഷി വ്യക്തമാക്കി. ഇന്നലെ കൊല്ലപ്പെട്ട നാലുപേര്‍ക്ക് പുറമേയാണിത്. സൈനിക നീക്കങ്ങള്‍ പൂര്‍ത്തീകരണഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സര്‍ക്കാരിന്റെ സൈനിക നീക്കത്തിനെതിരേ വലിയ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. എല്ലാ അക്രമികളും കൊല്ലപ്പെട്ടെന്നായിരുന്നു അധികൃതര്‍ ശനിയാഴ്ച വ്യക്തമാക്കിയിരുന്നത്. എന്നാല്‍, അഞ്ച് അക്രമികളെ വെടിവച്ചുകൊന്നുവെന്ന് ട്വിറ്ററില്‍ അറിയിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് തന്റെ ട്വിറ്റര്‍ കുറിപ്പ് പിന്‍വലിച്ചു. ശനിയാഴ്ച നാല് അക്രമികളെയാണ് കൊന്നതെന്നാണ് ആഭ്യന്തര സെക്രട്ടറി ഇന്നലെ വ്യക്തമാക്കിയത്.
വ്യോമസേന, കരസേന, കേന്ദ്ര സായുധസേന, പഞ്ചാബ് പോലിസ് എന്നീ വിഭാഗങ്ങള്‍ സംയുക്തമായാണ് നീക്കങ്ങള്‍ നടത്തുന്നത്. വ്യോമസേനാ ഹെലികോപ്റ്ററുകള്‍ സ്ഥലത്തു നിരീക്ഷണം നടത്തുന്നുണ്ട്. പഞ്ചാബ് ഡിജിപി സുരേഷ് അറോറയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘവും സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. പത്താന്‍കോട്ടില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്നും രണ്ടു ഭീകരര്‍ താവളത്തില്‍ ഒളിച്ചുകഴിയുന്നുണ്ടെന്നും ഇന്നലെ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്‌റിഷി അറിയിച്ചത്. ഏറ്റുമുട്ടലില്‍ ഇതുവരെ ആറ് വ്യോമസേനാ ഉദ്യോഗസ്ഥരും ഒരു എന്‍എസ്ജി കമാന്‍ഡോയുമാണ് കൊല്ലപ്പെട്ടത്. 20 സൈനികര്‍ക്കു പരിക്കേറ്റിട്ടുണ്ട്.
രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍കരുതലുകള്‍ എടുക്കാനായതുകൊണ്ട് ആക്രമണത്തിന്റെ ഗൗരവം കുറയ്ക്കാനായതായി ആഭ്യന്തര സെക്രട്ടറി അവകാശപ്പെട്ടു. സൈനിക ഓപറേഷന്‍ പൂര്‍ണമായി അവസാനിച്ചതിനുശേഷം മാത്രമേ എത്രപേര്‍ കൊല്ലപ്പെട്ടെന്നു വ്യക്തമായി പറയാന്‍ സാധിക്കൂ. ഇന്ത്യന്‍ വ്യോമസേനയുടെ വസ്തുവകകള്‍ക്കു ഭീകരാക്രമണത്തില്‍ നാശനഷ്ടമുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, പത്താന്‍കോട്ടിലെ വ്യോമസേനാ താവളത്തിനു നേരെ ആക്രമണം നടത്തുന്നതിനിടെ സൈനികരുടെ വെടിയേറ്റു മരിച്ചയാളുടെ ദേഹത്തുണ്ടായിരുന്ന ഗ്രനേഡ് നിര്‍വീര്യമാക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ പാലക്കാട് സ്വദേശിയായ എന്‍എസ്ജി കമാന്‍ഡോ കൊല്ലപ്പെട്ടു. ദേശീയ സുരക്ഷാസേന(എന്‍എസ്ജി)യിലെ ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍കുമാറാണ് (32) മരിച്ചത്. ഇതോടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ഏഴായി.
ഗ്രനേഡ് പൊട്ടിത്തെറിച്ച് മറ്റ് അഞ്ചു കമാന്‍ഡോകള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നിരഞ്ജന്റെ ത്യാഗത്തെ രാജ്യം വന്ദിക്കുന്നുവെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.
ജമ്മുകശ്മീരിനു സമാനമായ രീതിയില്‍ കൂടുതല്‍ ബിഎസ്എഫ് ജവാന്മാരെ പഞ്ചാബിലെ ഇന്ത്യാ-പാക് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ വിന്യസിക്കുമെന്നു പഞ്ചാബ് മുഖ്യമന്ത്രി സുഖ്ബീര്‍സിങ് ബാദല്‍ വ്യക്തമാക്കി. പാകിസ്താനിലുണ്ടായിരുന്ന മുന്‍ വിദേശകാര്യ സെക്രട്ടറിമാരും നയതന്ത്രപ്രതിനിധികളുമായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തി.
പാകിസ്താന്‍ അതിര്‍ത്തി വഴി നുഴഞ്ഞുകയറിയതെന്നു കരുതുന്ന അക്രമികളുടെ കൈവശം അണ്ടര്‍ബാരല്‍ ഗ്രനേഡ് ലോഞ്ചറുകളും മോര്‍ട്ടാറുകളും കലാഷ്‌നിക്കോവ് തോക്കുകളും ജിപിഎസ് സംവിധാനങ്ങളും ഉണ്ടായിരുന്നുവെന്നാണ് റിപോര്‍ട്ട്.
സംഭവത്തില്‍ എന്‍ഐഎ അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്. ഐജി അലോക് സിങിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണത്തിനു നേതൃത്വം നല്‍കുന്നത്. ശനിയാഴ്ച പുലര്‍ച്ചെയാണ് വ്യോമസേനാ കേന്ദ്രത്തിന്റെ പിന്‍ഭാഗത്തുള്ള വനത്തിലൂടെ ആക്രമികള്‍ പ്രവേശിച്ചത്.
ആറു പേരാണ് അകത്ത് കടന്നുകയറിയതെന്നാണു പ്രാഥമിക വിവരം. സൈനികവേഷത്തില്‍ ഔദ്യോഗികവാഹനത്തിലെത്തിയ അക്രമികള്‍ മിഗ് 29 വിമാനങ്ങളും ഹെലികോപ്റ്ററുകളുമുള്ള തന്ത്രപ്രധാന മേഖലയായ പത്താന്‍കോട്ടിലെ വ്യോമസേനാ കേന്ദ്രത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 72 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക