|    Nov 20 Tue, 2018 4:04 am
FLASH NEWS
Home   >  Editpage  >  Lead Article  >  

പത്തല്‍ഗാഡി നല്‍കുന്ന അറിയിപ്പ്

Published : 3rd November 2018 | Posted By: kasim kzm

ടി ജി ജേക്കബ്

ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ഇടയിലുള്ള വളരെ പുരാതനമായ ഒരാചാരമാണ് പത്തല്‍ഗാഡി. ഒരു ആദിവാസി മരിക്കുമ്പോള്‍ സംസ്‌കാരച്ചടങ്ങുകളുടെ അവിഭാജ്യ ഭാഗമായി ഒരു കല്ല് മണ്ണില്‍ കുഴിച്ചിടും. മരിച്ച ആള്‍ ഭൂമിയുടെ അവകാശിയാണെന്നാണ് അതിനര്‍ഥം. ഇത് പുരാതനമായ പരിപാടി.
ഇപ്പോള്‍ അവിടെ വ്യാപകമായി പത്തല്‍ഗാഡി പ്രസ്ഥാനമുണ്ട്. ഗ്രാമങ്ങളില്‍ ഒരു വലിയ കല്ല് കുഴിച്ചിടും. അതില്‍ ആ പ്രദേശം ആദിവാസിഭൂമി ആണെന്നും അന്യര്‍ക്ക് അവകാശമോ പ്രവേശനമോ ഇല്ലെന്നും കൊത്തിവച്ചിരിക്കും. അതായത്, ആ ഭൂമി അഞ്ചാം ഷെഡ്യൂളില്‍ പെടുന്ന ആദിവാസി സ്വയംഭരണ പ്രദേശമാണെന്നര്‍ഥം. പത്തല്‍ഗാഡി പ്രസ്ഥാനം ജാര്‍ഖണ്ഡില്‍ ആദിവാസി അധികാരത്തിന്റെ വാള്‍മുനയായി മാറിയിരിക്കുകയാണിപ്പോള്‍. ഗ്രാമങ്ങളില്‍ ഈ ശിലാശാസനം ലംഘിക്കുന്ന പലരെയും, പ്രത്യേകിച്ച് നിയമപാലകരെ ബന്ദികളാക്കുന്നത് ഭരണകൂടത്തിന്റെ ഉറക്കം കെടുത്തുന്ന ഒന്നായി മാറിയിരിക്കുന്നു.
ആദിവാസികള്‍ ഭരണഘടനാവിരുദ്ധമായി ഒന്നും പ്രവര്‍ത്തിക്കുന്നില്ലതാനും. അഞ്ചാം ഷെഡ്യൂളില്‍ ഉള്‍പ്പെടുന്ന, അല്ലെങ്കില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുള്ള സ്ഥലങ്ങളെ അങ്ങനെത്തന്നെ കരുതുന്നതേയുള്ളൂ. അത് നിയമലംഘനമായി കാണുന്നത് ഖനി മാഫിയകളുടെയും കൊള്ളപ്പലിശക്കാരുടെയും ഭരണകൂടമാണ്. ഭരണകൂടം പത്തല്‍ഗാഡി പ്രവര്‍ത്തകരെ ക്രിമിനലുകള്‍, മാവോവാദികള്‍, ലഹരിമരുന്നു കള്ളക്കടത്തുകാര്‍ എന്നൊക്കെ മുദ്രകുത്തി അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു. പക്ഷേ, പത്തല്‍ഗാഡി പ്രസ്ഥാനം വ്യാപിക്കുകയാണ്. ഇതാണ് ഭരിക്കുന്നവരുടെ ഉറക്കം കെടുത്തുന്നത്. ഭാവിയില്‍ ഈ പ്രസ്ഥാനം എങ്ങോട്ടു തിരിയും, ജാര്‍ഖണ്ഡ് രാഷ്ട്രീയത്തെ ഏതു ദിശയിലേക്കു മാറ്റും എന്ന കാര്യം നാള്‍ക്കുനാള്‍ വമ്പിച്ച പ്രാധാന്യം കൈവരിച്ചുകൊണ്ടിരിക്കുകയാണ്.
ജാര്‍ഖണ്ഡ് പ്രത്യേക സംസ്ഥാനമായിട്ട് 16 വര്‍ഷമായി. പ്രത്യേക സംസ്ഥാനമാക്കാന്‍ വേണ്ടി ദീര്‍ഘകാല ജനകീയ സമരം വേണ്ടിവന്നു. ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച ഈ സമരത്തിനു നേതൃത്വം കൊടുത്തു. ആദിവാസികളായിരുന്നു ഈ സമരത്തിന്റെ കുന്തമുനയും മുഖ്യപങ്കാളികളും. പ്രത്യേക സംസ്ഥാന പദവി ആദിവാസികള്‍ ദീര്‍ഘകാലമായി അഭിമുഖീകരിക്കുന്ന ഗുരുതരമായ മൗലിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ വഴിതുറക്കും എന്നായിരുന്നു അവരുടെ പ്രതീക്ഷയും അവര്‍ക്കു കിട്ടിയ വാഗ്ദാനവും. സമരനേതൃത്വത്തിന് അതിനുതകുന്ന കര്‍മപരിപാടിയും ഉണ്ടായിരുന്നു.
സോഷ്യലിസ്റ്റ് എന്നു വിശേഷിപ്പിക്കാവുന്ന പരിപാടിയായിരുന്നു മുക്തിമോര്‍ച്ചയുടേത്. പ്രശ്‌നങ്ങളില്‍ ഏറ്റവും സജീവവും മൗലികവുമായത് ആദിവാസികളുടെ ഭൂമി അന്യാധീനപ്പെടല്‍ ആയിരുന്നു. കൊളോണിയല്‍ കാലം മുതല്‍ക്കേ ഇതായിരുന്നു അവരുടെ മുഖ്യപ്രശ്‌നം. ബ്രിട്ടിഷ് കൊളോണിയലിസത്തിനും അവരുടെ ശിങ്കിടിമാര്‍ക്കുമെതിരേ വിട്ടുവീഴ്ചയില്ലാത്ത ഐതിഹാസിക പോരാട്ടങ്ങള്‍ നടത്തിയ ജനതയാണ് ജാര്‍ഖണ്ഡുകാര്‍. ബിര്‍സ മുണ്ട, സിദ്ദു കാനു തുടങ്ങിയ ആദിവാസി പോരാളികള്‍ സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിലെ നക്ഷത്രങ്ങളാണ്.
വിഭവങ്ങളുടെ കാര്യത്തില്‍ അതിസമ്പന്നമാണ് ജാര്‍ഖണ്ഡ്. ധാതുക്കളുടെ കലവറയാണ്. ഭൂമി അന്യാധീനപ്പെടാനുള്ള പ്രധാന കാരണവും ഇതുതന്നെയാണ്. 1947 കഴിഞ്ഞുള്ള കാലത്തും ഈ ഭൂമി അന്യാധീനപ്പെടല്‍ പ്രക്രിയ തുടരുകയായിരുന്നു. ദേശീയ-അന്തര്‍ദേശീയ ഖനന കോര്‍പറേറ്റുകളും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഖനന കമ്പനികളും മാര്‍വാടി ഹുണ്ടികക്കാരും ഒക്കെക്കൂടി ആദിവാസികളെ ഭൂരഹിത തെണ്ടികളാക്കുന്ന പരിപാടി അനുസ്യൂതം തുടരുകയായിരുന്നു 1947 കഴിഞ്ഞുള്ള ഇന്ത്യയിലും.
ആദിവാസികള്‍ക്കു ഭൂരിപക്ഷമുള്ള സംസ്ഥാനമുണ്ടായാല്‍ ഈ പ്രക്രിയക്ക് കടിഞ്ഞാണിടാന്‍ കഴിയുമെന്ന ധാരണയില്‍ നിന്നാണ് പ്രത്യേക സംസ്ഥാനത്തിനു വേണ്ടിയുള്ള സമരത്തിന് അവര്‍ മുന്‍കൈയെടുത്തത്. മുക്തിമോര്‍ച്ചക്ക് പ്രത്യേക സംസ്ഥാന രൂപീകരണമെന്ന രാഷ്ട്രീയ ഉദ്ദേശ്യം മാത്രമല്ല, സ്വയംപര്യാപ്തതയില്‍ ഊന്നുന്ന സാമ്പത്തിക പരിപാടിയും ഉണ്ടായിരുന്നു. ഈ സാമ്പത്തിക പരിപാടിയുടെ മൂലക്കല്ല് ‘ആദിവാസി ഭൂമി ആദിവാസികളുടേത്’ എന്ന മുദ്രാവാക്യത്തില്‍ അധിഷ്ഠിതമായിരുന്നു.
ലഭ്യമായ വിഭവങ്ങള്‍ ഉപയോഗിച്ച് ചെറുകിട വ്യവസായങ്ങള്‍ വളര്‍ത്തുക, കാര്‍ഷിക സ്വയംപര്യാപ്തതയും മൂല്യവര്‍ധനവും നടപ്പാക്കുക തുടങ്ങിയ സാമ്പത്തിക-രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മോര്‍ച്ചക്ക് ഉണ്ടായിരുന്നു. ഈ ലക്ഷ്യങ്ങള്‍ കുത്തകവിരുദ്ധവും വികേന്ദ്രീകരണം ഉന്നംവയ്ക്കുന്നതുമായിരുന്നു. ജനാധിപത്യത്തില്‍ കാലുറപ്പിച്ചുള്ള സാമ്പത്തിക വികസനവും വിതരണസമത്വവും ആയിരുന്നു ലക്ഷ്യം. ആദിവാസികളുടെ പരമ്പരാഗതമായ സമത്വത്തില്‍ ഊന്നിയ സാമൂഹിക കാഴ്ചപ്പാടിന് അനുസൃതമായ വികസന തന്ത്രമായിരുന്നു വിഭാവനം ചെയ്തത്.
ഖനി മാഫിയകളും മാര്‍വാടി ഹുണ്ടികക്കാരുമായിരുന്നു പ്രത്യേക സംസ്ഥാന ആശയത്തെ എതിര്‍ത്തവര്‍. പക്ഷേ, അവരുടെ എതിര്‍പ്പിനെ മറികടക്കാന്‍ ആദിവാസികള്‍ക്കു കഴിഞ്ഞു. സംസ്ഥാന രൂപീകരണം 16 വര്‍ഷം മുമ്പ് യാഥാര്‍ഥ്യമായി. അതു കഴിഞ്ഞ് അവിടെ എന്താണ് നടന്നത് എന്നതാണ് ഇപ്പോഴത്തെ പ്രസക്തമായ ചോദ്യം. ഉത്തരം അത്ര ദുരൂഹമല്ല.
പഴയ പരിപാടി തന്നെ മുന്നോട്ടുപോകുന്നു. ഖനനമാഫിയകള്‍ അവര്‍ക്കു തോന്നുംപടി ഭൂമിയുടെ നെഞ്ച് തുരക്കുന്നു. ആദിവാസികളുടെ ഭൂമി അന്യാധീനപ്പെട്ടുകൊണ്ടിരിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ അതിനു വേണ്ടി ഭൂനിയമങ്ങള്‍ പൊളിച്ചെഴുതുന്നു. ആദിവാസികളുടെ ഭാഷകളും വിദ്യാഭ്യാസ സൗകര്യങ്ങളുമൊക്കെ പഴയ രീതിയില്‍ തന്നെ ചളിയില്‍ ആഴ്ന്നുകിടക്കുന്നു. തൊഴില്‍ അന്വേഷിച്ചുള്ള അവരുടെ പലായനം വര്‍ധിക്കുന്നു.
അവരുടെ കടബാധ്യതയും അത് ഉണ്ടാക്കുന്ന അടിമത്തവും കൂടിവരുന്നു. അവരുടെ കുട്ടികള്‍ വിദ്യാഭ്യാസം നേടുന്നതിനു പകരം ചെറുപ്രായത്തില്‍ തന്നെ കഠിന ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു. ചുരുക്കം പറഞ്ഞാല്‍, പ്രത്യേക സംസ്ഥാനം കിട്ടിക്കഴിഞ്ഞ ശേഷം ജാര്‍ഖണ്ഡിലെ ആദിവാസി ജനങ്ങളുടെ അവസ്ഥ കൂടുതല്‍ പരിതാപകരമായിട്ടേയുള്ളൂ.
അവര്‍ക്ക് ഉണ്ടായ ഏക നേട്ടം പ്യൂണ്‍, തോട്ടക്കാരന്‍ പോലുള്ള ക്ലാസ്-4 തൊഴിലുകളില്‍ കുറച്ച് സംവരണമാണ്. ഭൂമിയുടെ അന്യാധീനപ്പെടല്‍ നിയമവിധേയമാക്കാന്‍ വേണ്ടി സംസ്ഥാന സര്‍ക്കാരുകള്‍ ഖനന മാഫിയകളുടെയും ഹുണ്ടികക്കാരുടെയും ദല്ലാളുകളായി മാറി. ഈ അവസ്ഥയ്‌ക്കെതിരേയാണ് പത്തല്‍ഗാഡി പ്രസ്ഥാനം ഉയര്‍ന്നുവന്നിരിക്കുന്നത്. അതിനെയാണ് ക്രിമിനലുകള്‍, കള്ളക്കടത്തുകാര്‍ എന്നൊക്കെ ആക്ഷേപിച്ച് അമര്‍ച്ച ചെയ്യാന്‍ ഭരണകൂടം ഇപ്പോള്‍ കൊണ്ടുപിടിച്ചു ശ്രമിക്കുന്നത്.
ഈയടുത്ത കാലത്താണല്ലോ മഹാരാഷ്ട്ര പോലിസ് അഞ്ച് മുന്‍നിര പൗരാവകാശ പ്രവര്‍ത്തകരെ ‘അര്‍ബന്‍ മാവോയിസ്റ്റുകള്‍’ എന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തത്. ഈ അറസ്റ്റ് ഇന്ത്യയിലും പുറത്തും ചര്‍ച്ചയാവുകയും ചെയ്തു. വക്കീലന്‍മാരും എഴുത്തുകാരും ഒക്കെയായ ഇവര്‍ക്കെതിരേ കരിനിയമമായ യുഎപിഎ ചുമത്തി വിചാരണ ആവശ്യമില്ലാത്ത തടവുകാരാക്കുകയാണല്ലോ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ലക്ഷ്യം. ഇവര്‍ മാവോവാദികളാണെന്നു തെളിയിക്കാന്‍ കസ്റ്റഡിയില്‍ വയ്ക്കണം എന്നാണ് വിചിത്രമായ പോലിസ് വാദം. സുപ്രിംകോടതി ഇതിനെക്കുറിച്ച് വ്യക്തമായ നിലപാട് എടുക്കാന്‍ മടിക്കുകയും ചെയ്തു.
ഇവര്‍ ചെയ്ത കുറ്റം മഹാരാഷ്ട്രയിലെ ദലിത് വിമോചന രാഷ്ട്രീയത്തില്‍ ദലിത്പക്ഷത്തു നില്‍ക്കുന്നു എന്നതാണല്ലോ. അവരുടെ അറസ്റ്റ് വ്യാപകമായി വാര്‍ത്തയായപ്പോള്‍ തന്നെ മറ്റൊരു കാര്യം പൗരാവകാശ പ്രവര്‍ത്തകര്‍ മറന്നതായി തോന്നുന്നു. ജാര്‍ഖണ്ഡില്‍ ഇതിനൊക്കെ വളരെ മുമ്പേതന്നെ നിരവധി മുന്‍നിര തൊഴിലാളി പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തുകഴിഞ്ഞിരുന്നു. അവരൊക്കെ വിചാരണ ഇല്ലാത്ത തടവുകാരാണ് അവിടെ. പുതിയ അറസ്റ്റുകള്‍ നടക്കുന്നുമുണ്ട്. അവര്‍ ചെയ്ത കുറ്റം നിയമലംഘകരായ ഖനന മാഫിയകളെ തുറന്നുകാണിക്കുകയും തൊഴിലാളികളെ ന്യായമായ ആവശ്യങ്ങള്‍ക്കു വേണ്ടി സംഘടിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു എന്നതാണ്.
സുധ ഭരദ്വാജിനെയും വി വി റാവുവിനെയും പോലുള്ള പൗരാവകാശ പ്രവര്‍ത്തകരെ നിശ്ശബ്ദരാക്കുന്നത് തീര്‍ച്ചയായും ഫാഷിസം മറനീക്കി പുറത്തുവരുന്ന പ്രക്രിയയുടെ ഭാഗമാണ്. ജാര്‍ഖണ്ഡില്‍ അതു മുമ്പേതന്നെ മറനീക്കി പുറത്തുവന്നുകഴിഞ്ഞു എന്നു മാത്രം. ജാര്‍ഖണ്ഡിന്റെ കാര്യത്തില്‍ പുറത്ത് അധികമാരും വിവരങ്ങള്‍ അറിഞ്ഞില്ല. അതും ഫാഷിസത്തിന്റെ ഒരു പ്രത്യേക വിശേഷണമായി കരുതാവുന്നതാണ്.
മറ്റു ചില പ്രത്യേകതകളും ജാര്‍ഖണ്ഡിന്റെ കാര്യത്തിലുണ്ട്: പ്രത്യേക സംസ്ഥാനമായിക്കഴിഞ്ഞ് ജാര്‍ഖണ്ഡില്‍ ആദിവാസി നേതാക്കള്‍ പലരും മന്ത്രിമാരായി, മുഖ്യമന്ത്രിമാരായി, എംഎല്‍എമാരും എംപിമാരുമായി, കോണ്‍ട്രാക്ടര്‍മാരായി, പണക്കാരായി. ആദിവാസി രാഷ്ട്രീയപ്പാര്‍ട്ടികളില്‍ മാത്രമല്ല അവരുള്ളത്. ബിജെപിയിലും കോണ്‍ഗ്രസ്സിലും ലോക്ദളിലും അവരില്‍ പലരും നേതൃത്വത്തിലെത്തി. ഭരണകൂടത്തില്‍ പേരിന് ആദിവാസി പ്രാതിനിധ്യം അവിടെ വളര്‍ന്നു.
ഇവരുടെയൊക്കെ പങ്കോടുകൂടി തന്നെയാണ് ആദിവാസി ബഹുജനങ്ങളുടെ അവസ്ഥ മുമ്പത്തേക്കാള്‍ കൂപ്പുകുത്തിയത്. ഭൂമി അന്യാധീനത്തിനു തടയിടാന്‍ വേണ്ടി നിര്‍മിച്ച ഭൂനിയമങ്ങളില്‍ വെള്ളം ചേര്‍ത്ത് അന്യാധീനപ്രക്രിയ സുഗമമാക്കി. ഇപ്പോള്‍ ആദിവാസി ഭൂമി തട്ടിപ്പറിക്കുന്നതിനെതിരായി സമരമുഖം തുറന്നിരിക്കുന്ന പത്തല്‍ഗാഡി പ്രസ്ഥാനത്തെ ക്രിമിനലുകളെന്നു വിളിച്ച് നേരിടുന്നതില്‍ ഇവരുടെ പങ്ക് ഒട്ടും നിസ്സാരമല്ല. അവിടത്തെ ഏതു പാര്‍ട്ടിയുടെ കാര്യത്തിലായാലും ഈ പങ്ക് വ്യക്തമാണ്.
16 വര്‍ഷത്തിനുള്ളില്‍ ആദിവാസികളില്‍ ഈ ചേരിതിരിവ് ഉണ്ടാക്കുന്നതിലും ആദിവാസികളെ ഉപയോഗിച്ചുതന്നെ ആദിവാസികളെ അടിച്ചമര്‍ത്തുന്നതിലും ഖനന മാഫിയകളും ഹുണ്ടികക്കാരും ഒരു ഘട്ടം വരെ വിജയിച്ചിരിക്കുന്നു എന്നുവേണം ഇതില്‍ നിന്നു നമ്മള്‍ മനസ്സിലാക്കാന്‍. സങ്കടകരമാണെങ്കിലും ഈ യാഥാര്‍ഥ്യം മനസ്സിലാക്കിയേ പറ്റൂ. പത്തല്‍ഗാഡി പ്രസ്ഥാനം ഈ യാഥാര്‍ഥ്യം വേണ്ട രീതിയില്‍ മനസ്സിലാക്കിയിട്ടുണ്ടെന്നു വേണം കരുതാന്‍. ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ശത്രുക്കള്‍ പണ്ടത്തേക്കാള്‍ വിപുലമായിട്ടുണ്ട്.
മധ്യ ഇന്ത്യയിലെ മാവോയിസ്റ്റ് ബെല്‍റ്റ് എന്നു വിശേഷിപ്പിക്കപ്പെടുന്നിടത്തും ഈ തന്ത്രം പ്രായോഗികമാക്കിയിട്ടുണ്ട്. വടക്കുകിഴക്കന്‍ മേഖലയിലും ഇത് പ്രയോഗത്തിലുണ്ട്. ആദിവാസികളെ ഒരു രാഷ്ട്രീയശക്തിയായി ഇല്ലാതാക്കാന്‍ വേണ്ടിയുള്ള ഒരു പൊതുതന്ത്രമായി ഇതു കാണാന്‍ കഴിയും. ഈ തന്ത്രത്തെ ജനകീയമായി നേരിടുകയാണ് പത്തല്‍ഗാഡി പ്രസ്ഥാനം തത്ത്വത്തിലും പ്രയോഗത്തിലും ചെയ്തുകൊണ്ടിരുന്നത്.
അതിസമ്പന്നമായ പ്രദേശമാണ് ജാര്‍ഖണ്ഡ്. അതേസമയം, ജനങ്ങള്‍ പരമ ദരിദ്രരും. ലോകെത്തത്തന്നെ ഏറ്റവും മെച്ചപ്പെട്ട ഉരുക്ക് ഉണ്ടാക്കാനുള്ള അയിര് ജാര്‍ഖണ്ഡിലാണ്. ജാര്‍ഖണ്ഡിലെ സമ്പത്തിനെക്കുറിച്ച് ബ്രിട്ടിഷ് കോളനി മേധാവികളാണ് ആദ്യമായി തിരിച്ചറിഞ്ഞത്. തങ്ങളുടെ വെട്ടിപ്പിടിത്തെത്ത വെല്ലുവിളിച്ചവരെ ഉന്‍മൂലനം ചെയ്യുന്ന നയമായിരുന്നു അവരുടേത്. ഇന്ന് പുത്തന്‍ കൊളോണിയല്‍ ദേശീയ-അന്തര്‍ദേശീയ ഖനന മാഫിയകള്‍ക്ക് ജാര്‍ഖണ്ഡിന്റെ സാധ്യതകളെക്കുറിച്ച് കുറേക്കൂടി വിശദമായ അറിവുണ്ട്. ജാര്‍ഖണ്ഡിനെ ചൂഷണം ചെയ്യുന്നതിന്റെ ലാഭം വളരെ ഉയര്‍ന്നതാണെന്ന് അവര്‍ക്ക് നല്ല ബോധ്യമുണ്ട്.
ഭൂമിക്കടിയിലാണ് ഈ സമ്പത്ത് എന്ന ഒറ്റക്കാരണം കൊണ്ടുതന്നെ ഭൂമിയുടെ മേലുള്ള അവകാശം കേന്ദ്രബിന്ദുവായി മാറുന്നു. അന്നും ഇന്നും ഇതുതന്നെയാണ് അവസ്ഥ. ഭൂമിയാണെങ്കില്‍ ഇപ്പോഴും ഒരു നല്ല അളവു വരെ ആദിവാസികളുടെ അധിവാസ മേഖലയാണ്. അവരെ അതില്‍ നിന്നു തുരത്തി വേരുകളില്ലാത്ത അടിമപ്പണിക്കാരായി മാറ്റുക എന്നതാണ് വികസന തന്ത്രത്തിന്റെ അജണ്ട. അതാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നതും. ആദിവാസികളില്‍ നിന്നുതന്നെ ഇത്തിക്കണ്ണികളായി ഒരു വിഭാഗത്തെ സൃഷ്ടിച്ച് അവരെ ചട്ടുകങ്ങളാക്കുക എന്നത് ഈ തന്ത്രത്തിന്റെ ഒരു ഭാഗമാണ്.
പത്തല്‍ഗാഡി പ്രസ്ഥാനം നേരിടുന്നത് ശക്തമായ ശത്രുനിരയെയാണ്. വമ്പിച്ച ബഹുജന മുന്നേറ്റം കൊണ്ടു മാത്രമേ ഈ ശത്രുനിരയെ നിഷ്ഫലമാക്കാന്‍ കഴിയുകയുള്ളൂ എന്ന തിരിച്ചറിവായിരിക്കും ഈ സമരത്തിന്റെ ഗതി ആദിവാസികള്‍ക്ക് അനുകൂലമാക്കാന്‍ സഹായിക്കുന്നത്. സമീപ പ്രദേശങ്ങളിലെ സമാന പ്രശ്‌നങ്ങളോടുള്ള മാവോവാദികളുടെ സമരസമീപനവും ആദിവാസികളുടെയും ഭൂമിയുടെയും സംരക്ഷണത്തിനായി അവരാല്‍ നയിക്കപ്പെടുന്ന പത്തല്‍ഗാഡി മുന്നേറ്റവും തമ്മിലുള്ള മൗലികമായ വ്യത്യാസവും ഇതുതന്നെയാണ്. ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss