|    Oct 20 Sat, 2018 2:43 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പത്തര ലക്ഷത്തിന്റെ സ്വര്‍ണം വയറിളക്കി പുറത്തെടുത്തു

Published : 8th September 2017 | Posted By: fsq

കൊണ്ടോട്ടി: കസ്റ്റംസിന്റെ മൂന്ന് ദിവസത്തെ കാത്തിരിപ്പിനു ശേഷം യാത്രക്കാരന്റെ വയറ്റിനുള്ളിലുള്ള തൊണ്ടിമുതല്‍ പുറത്തെടുത്തു. ലഭിച്ചതാവട്ടെ പത്തര ലക്ഷത്തിന്റെ സ്വര്‍ണം. തിങ്കളാഴ്ച രാത്രി അബൂദബിയില്‍ നിന്നു കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ കൊടുവള്ളി സ്വദേശി നവാസിന്റെ വയറ്റില്‍ നിന്നാണ് ഇന്നലെ 346 ഗ്രാമിന്റെ ഏഴു സ്വര്‍ണ ഉരുളകള്‍ പോലുള്ള കഷ്ണങ്ങള്‍ പുറത്തെടുത്തത്. നവാസിന്റെ വന്‍കുടലില്‍ തങ്ങിനിന്ന സ്വര്‍ണം മൂന്നു ദിവസത്തിനു ശേഷമാണ് പുറത്തുവന്നത്. ലോഹഭാഗങ്ങള്‍ സ്വര്‍ണമാണെന്നു സ്ഥിരീകരിച്ചതോടെ ഇയാള്‍ക്കെതിരേ കരിപ്പൂര്‍ കസ്റ്റംസ് കേസെടുത്തു. തിങ്കളാഴ്ച രാത്രി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നവാസിനെ കസ്റ്റംസ് തടഞ്ഞ് പരിശോധന നടത്തിയത്. എക്‌സ്‌റേ പരിശോധനയില്‍ വന്‍കുടലിന്റെ താഴ്ഭാഗത്ത് സ്വര്‍ണമെന്ന സംശയത്തില്‍ ലോഹഭാഗങ്ങള്‍ കണ്ടെത്തി. എന്നാല്‍ ഇതു പുറത്തെടുക്കാനായി കസ്റ്റംസ് മൂന്ന് ദിവസമാണ് കാത്തിരിക്കേണ്ടിവന്നത്. എയര്‍ കസ്റ്റംസ് ഇന്റലിജിന്‍സ് ഉദ്യോഗസ്ഥര്‍ യുവാവിനെ വിമാനത്താവളത്തിലെ ആരോഗ്യ വിഭാഗത്തിലും പിന്നീട് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രികളിലും എത്തിച്ചിട്ടും കാര്യം നടന്നില്ല. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അത്യാഹിതവിഭാഗത്തിലെ മുറിയില്‍ പ്രത്യേക ശുചിമുറി സംവിധാനം ഒരുക്കിയാണ് സ്വര്‍ണം കണ്ടെടുത്തത്. വയറ്റില്‍ കുടുങ്ങിയ സ്വര്‍ണം പഴവും മരുന്നും നല്‍കിയാണ് വയറിളക്കി പുറത്തുചാടിച്ചത്. ഇന്നലെ രാവിലെ ആറെണ്ണം ലഭിച്ചെങ്കിലും ഒന്ന് കുടലില്‍ ഉടക്കിയതോടെ വീണ്ടും മണിക്കൂറുകള്‍ കാത്തിരിക്കേണ്ടിവന്നു. ചെറിയ ഗോലി രൂപത്തിലുള്ള സ്വര്‍ണമാണ് ഇയാള്‍ വിഴുങ്ങിയതെന്ന് കസ്റ്റംസ് പറഞ്ഞു. വിമാന ടിക്കറ്റും 24,000 രൂപയ്ക്കും വേണ്ടിയാണ് ഇയാള്‍ സ്വര്‍ണക്കടത്തിന്റെ കരിയറായതത്രെ. നവാസ് നേരത്തെ മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്തിയിരുന്നതായി കസ്റ്റംസ് പറഞ്ഞു. സ്വര്‍ണക്കടത്ത് സംബന്ധിച്ച അന്വേഷണം തുടരുന്നതായി കസ്റ്റംസ് അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss