|    Jan 20 Fri, 2017 11:59 pm
FLASH NEWS

പത്തനംതിട്ട

Published : 29th April 2016 | Posted By: mi.ptk

പത്തനംതിട്ട  യുഡിഎഫ് ജില്ലയെന്നാണ് പൊതുവേ പത്തനംതിട്ട അറിയപ്പെട്ടിരുന്നത്. എന്നാല്‍, മണ്ഡലം പുനര്‍നിര്‍ണയത്തിനു ശേഷം നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പി ല്‍ തന്നെ ഈ ധാരണയ്ക്ക് കോട്ടം തട്ടി. ആഞ്ഞു പിടിച്ചാ ല്‍, ജില്ലയുടെ രാഷ്ട്രീയചിത്രം ഇടത്തോട്ട് മാറ്റിവരയ്ക്കാമെന്ന് 2011ല്‍ ഇടതുമുന്നണി തെളിയിച്ചു. ജില്ലയിലെ അഞ്ചു മണ്ഡലങ്ങളില്‍ മൂന്നെണ്ണം എല്‍ഡിഎഫ് അക്കൗണ്ടിലേക്ക് മാറിയപ്പോള്‍ യുഡിഎഫിന് രണ്ടെണ്ണം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഇടതുപക്ഷത്ത് റാന്നി രാജു ഏബ്രഹാമും തിരുവല്ല മാത്യു ടി തോമസും നിലനിര്‍ത്തിയപ്പോ ള്‍, അടൂര്‍ ചിറ്റയം ഗോപകുമാര്‍ പിടിച്ചെടുക്കുകയായിരുന്നു. ആറന്മുളയി ല്‍ ശിവദാസന്‍നായരും കോന്നിയില്‍ അടൂര്‍പ്രകാശും യുഡിഎഫ് സീറ്റുകള്‍ നിലനിര്‍ത്തി. എന്നാല്‍ 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഞ്ചു മണ്ഡലങ്ങളും യുഡിഎഫിനൊപ്പം നിലകൊണ്ടു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗ്രാമപഞ്ചായത്തുകളില്‍ ഇടതുമുന്നേറ്റം കണ്ടപ്പോള്‍ ജില്ലാ പഞ്ചായത്ത് യുഡിഎഫ് കരസ്ഥമാക്കി. നാലു നഗരസഭകള്‍ രണ്ടുവീതം ഇരുമുന്നണികളും പങ്കിട്ടെടുത്തു. അതുകൊണ്ടു തന്നെ, പരിധിവിട്ട അവകാശവാദങ്ങള്‍ ആര്‍ക്കുമില്ല. എങ്കിലും പ്രചാരണരംഗത്ത് ആവേശത്തിന് ഒട്ടും കുറവില്ല. ഒപ്പത്തിനൊപ്പമുള്ള പ്രകടനമാണ് പ്രമുഖ മല്‍സരാര്‍ഥികള്‍ കാഴ്ചവയ്ക്കുന്നത്. ആറന്മുള: പൈതൃകത്തിന്റെ പെരുമയും പേറി രാഷ്ട്രീയ അങ്കത്തിനൊരുങ്ങുന്ന ആറന്മുളയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ ശിവദാസന്‍നായര്‍ തുടര്‍ച്ചയായ മൂന്നാമൂഴത്തിനാണ് കച്ചക്കെട്ടുന്നത്. വീണാ ജോര്‍ജിന്റെ സാന്നിധ്യത്തിലൂടെ സാഹചര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കാമെന്ന് എല്‍ഡിഎഫ് കരുതുമ്പോള്‍, പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റത്തില്‍ പ്രതീക്ഷ അര്‍പ്പിച്ചാണ് ബിജെപി സ്ഥാനാര്‍ഥി എം ടി രമേശ് മുന്നോട്ടുപോകുന്നത്. എസ്പി-എസ്ഡിപിഐ സ്ഥാനാര്‍ഥിയായി ശ്രീകാന്ത് എം വള്ളക്കോടും മല്‍സര രംഗത്തുണ്ട്.

കോന്നി

കോന്നി  അഞ്ചാമങ്കത്തിന് ഒരുങ്ങുന്ന അടൂര്‍ പ്രകാശിന് നേരെ അനധികൃത ഭൂമിയിടപാടുകള്‍ അടക്കം യുഡിഎഫ് കാലത്തെ അഴിമതിയാണ് പ്രതിപക്ഷം പ്രധാന ആയുധമാക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറി ആര്‍ സനല്‍കുമാറാണ് ഇടതുമുന്നണിക്ക് വേണ്ടി രംഗത്തുള്ളത്. ബിജെപിയുടെ ഡി അശോക് കുമാറാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. എസ്ഡിപിഐ – എസ് പി സഖ്യം സ്ഥാനാര്‍ഥിയായി റിയാഷ് കുമ്മണ്ണൂര്‍ മല്‍സരിക്കുന്നു.

റാന്നി

റാന്നി  സിറ്റിങ് എംഎല്‍എ രാജു ഏബ്രഹാം അഞ്ചാമൂഴത്തിന് ഇറങ്ങുന്ന റാന്നിയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിന് സിപിഎം നിര്‍ണയിച്ച വ്യവസ്ഥകള്‍ വഴിമാറുന്നു. മുന്‍ എംഎല്‍എ എം സി ചെറിയാന്റെ ഭാര്യ മറിയാമ്മ ചെറിയാനിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. എസ്എന്‍ഡിപി യൂണിയന്‍ ജില്ലാ പ്രസിഡന്റ് കെ പത്മകുമാര്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകുന്ന റാന്നിയിലെ ഫലം ബിജെപി-ബിഡിജെഎസ് സഖ്യത്തിന്റെ ഉരകല്ലുകൂടിയാവും. ഡോ. ഫൗസീന തക്ബീറിലൂടെ മണ്ഡലത്തില്‍ ശക്തമായ സാന്നിധ്യം അറിയിക്കാനുള്ള തയ്യാറെടുപ്പിലാണ് എസ്ഡിപിഐ-എസ്പി സഖ്യം.

തിരുവല്ല 

തിരുവല്ല  മൂന്നു തവണ നിയമസഭയില്‍ തിരുവല്ലയെ പ്രതിനിധീകരിച്ച മാത്യു ടി തോമസിനെ നാലാമൂഴത്തില്‍ പിടിച്ചുകെട്ടാന്‍ യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത് കേരള കോ ണ്‍ഗ്രസ് എമ്മിലെ ജോസഫ് എം പുതുശ്ശേരിയെ ആണ്. സ്വന്തം പാര്‍ട്ടിയിലെ രാജു പുളിംപള്ളി പുതുശ്ശേരിക്കെതിരേ വിമത ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്. തന്ത്രി അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാടാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. എസ്ഡിപിഐക്കു വേണ്ടി അഡ്വ. സിമി ജേക്കബ് ജനവിധി തേടും.

അടൂര്‍

അടൂര്‍  സിപിഐയുടെ സിറ്റിങ് എംഎല്‍എ ചിറ്റയം ഗോപകുമാര്‍ (എല്‍ഡിഎഫ്) വീണ്ടും മല്‍സരിക്കുമ്പോള്‍ എതിരാളി ജെഎസ്എസ് വിട്ട മുന്‍ എംഎല്‍എ കെ കെ ഷാജു (യുഡിഎഫ്) കൈപ്പത്തി ചിഹ്നത്തിലാണ് മല്‍സരിക്കുന്നത്. എന്‍ഡിഎക്ക് വേണ്ടി യുവമോര്‍ച്ച നേതാവ് പി സുധീര്‍ മല്‍സരിക്കുന്നു.എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ജ്യോതിഷ് പെരുമ്പുളിക്കലും സജീവമായി മല്‍സരരംഗത്തുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 36 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക