|    Mar 30 Thu, 2017 8:06 pm
FLASH NEWS

പത്തനംതിട്ട പോലിസ് സ്റ്റേഷന്‍ ആക്രമിച്ച കേസ്; നാല് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് എതിരേ കേസെടുത്തു

Published : 18th October 2016 | Posted By: Abbasali tf

പത്തനംതിട്ട: വധശ്രമക്കേസി ല്‍ അറസ്റ്റിലായ എംജി യൂനിവേഴ്‌സിറ്റി യൂനിയന്‍ ജനറല്‍ സെക്രട്ടറിയെ മോചിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ നാലു പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. ഞായറാഴ്ച രാത്രിയില്‍ പത്തനംതിട്ട പോലിസ് സ്റ്റേഷന്‍ ആക്രമിച്ചു ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും സംഭവത്തില്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ ഉള്‍പ്പടെ മൂന്ന് പോലിസുകാര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച്ച രാത്രി 11 ഓടെയാണ് സംഭവം. കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി പത്തനംതിട്ട പോലിസ് നേരത്തെ ചാര്‍ജ്  ചെയ്തിരുന്ന കേസിലാണ് എംജി യൂനിവേഴ്‌സിറ്റി യൂനിയന്‍ ജനറല്‍ സെക്രട്ടറിയും ഡിവൈഎഫ്‌ഐ കോന്നി ബ്ലോക്ക് സെക്രട്ടറിയുമായ പ്രമാടം ചരുവില്‍ അനീഷ് കുമാറിനെ ഞായറാഴ്ച്ച രാത്രി പോലിസ് വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത്. അനീഷിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട നഗരസഭ കൗണ്‍സിലര്‍ വി ആര്‍ ജോണ്‍സന്റെ നേതൃത്വത്തില്‍ സ്‌റ്റേഷനിലെത്തിയ നാലംഗസംഘമാണ് ആക്രമണം നടത്തിയതെന്ന് പോലിസ് പറഞ്ഞു. സ്‌റ്റേഷനിലെത്തിയ നാലംഗ സംഘം ആദ്യ ബഹളം ഉണ്ടാക്കി. കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുള്ള അനീഷിനെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ള സാഹചര്യത്തില്‍ കോടതിയില്‍ ഹാജരാക്കുകയേ നിര്‍വാഹമുള്ളൂവെന്ന് പോലിസ് പറഞ്ഞു. ഇതില്‍ തൃപ്തരാകാത്ത സംഘം എസ്ഐയുടെ മൊബൈല്‍ തട്ടിയെറിഞ്ഞു. തുടര്‍ന്ന് സ്‌റ്റേഷന്‍ കെട്ടിടത്തിനുനേരെ ആക്രമണം നടത്തി. ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. പോലിസിന്റെ ഡിജിറ്റല്‍ കാമറയും എറിഞ്ഞുടച്ചു. ആക്രമണം തടയാന്‍ ശ്രമിച്ച പോലിസ് സംഘത്തെയും മര്‍ദിച്ചു. സമീപത്തെ ക്യാംപില്‍ നിന്നുംകൂടുതല്‍ പോലിസിനെ വിളിച്ചുവരുത്തിയപ്പോഴേക്കും ആക്രമിസംഘം സ്‌റ്റേഷനില്‍ നിന്നു രക്ഷപെട്ടെന്നും പോലിസ് പറഞ്ഞു.  പ്രിന്‍സിപ്പല്‍ എസ്‌ഐ പുഷ്പകുമാര്‍, സിവില്‍ പോലിസ് ഓഫിസര്‍ സുരേഷ്, വനിത പോലിസ് ഓഫിസര്‍ അനി തോമസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ആക്രമണവുമായി ബന്ധപ്പെട്ട് വി ആര്‍ ജോണ്‍സണ്‍, എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമായ അന്‍സില്‍ അഹമ്മദ് എന്നിവര്‍ ഉള്‍പ്പടെ കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരെയാണ് കേസെടുത്തു. സംഭവം വിവാദമായതോടെ പ്രതികളാണ് ആശുപത്രിയില്‍ ചികില്‍സ തേടിയെങ്കിലും പോലിസ് എത്തുന്നതായുള്ള വിവരം അറിഞ്ഞ് ഒളിവില്‍ പോയി. കസ്റ്റഡി പ്രതിയെ മോചിപ്പിക്കാന്‍ ശ്രമം, വനിതാ പോലിസിനെ അപമാനിക്കാന്‍ ശ്രമം, പൊതുമുതല്‍ നശീകരണം, സംഘം ചേര്‍ന്നുള്ള ആക്രമണം വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. ഇതിനിടയില്‍ ഇന്നലെ പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ അനീഷ്‌കുമാറിനെ റിമാന്‍ഡ്‌ചെയ്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day