|    Dec 16 Sun, 2018 7:35 am
FLASH NEWS

പത്തനംതിട്ട നഗരസഭ; ഭരണപരാജയം ചൂണ്ടിക്കാട്ടി പ്രതിപക്ഷം യോഗം ബഹിഷ്‌കരിച്ചു

Published : 29th June 2018 | Posted By: kasim kzm

പത്തനംതിട്ട: നഗരസഭ കൗണ്‍സില്‍ യോഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. ഭരണവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ കെടുകാര്യസ്ഥത നിലനില്‍ക്കുമ്പോള്‍ ഇതിന് ശാശ്വതമായ പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ചാണ് കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചതെന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
നഗരത്തില്‍ ഉള്‍പ്പെടെ എല്ലാ വാര്‍ഡുകളിലും വഴിവിളക്കുകള്‍ കത്താതിരുന്നിട്ട് മാസങ്ങളായി. ട്യൂബും മറ്റു സാധനങ്ങളും എത്തിക്കാന്‍ ടെന്‍ഡര്‍ ചെയ്തിട്ടും മാസങ്ങളായി. വഴിവിളക്കുകളുടെ പരിപാലനത്തിനായി കരാര്‍ ചെയ്യുന്ന നടപടികള്‍ മൂന്ന് മാസമായി മുടങ്ങിക്കിടക്കുകയാണ്. വഴിവിളക്ക് കത്താത്തതിനാല്‍ മിക്ക വാര്‍ഡുകളിലും ജനം കൗണ്‍സിലര്‍മാരോട് സ്ഥിരമായി പരാതി പറയുകയാണ്. നിരന്തരമായി ഈ ആക്ഷേപം ഉയര്‍ത്തിയിട്ടും കണ്ടില്ലെന്ന്് നടിക്കുന്നു. ഇത് രാഷ്ട്രീയകക്ഷി ഭേദമന്യേ മുഴുവന്‍ കൗണ്‍സിലര്‍മാരും ഉന്നയിച്ചു. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനം താറുമാറായി. മാലിന്യപ്രശ്‌നം രൂക്ഷമായ നഗരത്തില്‍ മാലിന്യ ശേഖരണവും സംസ്‌കരണവും അവതാളത്തിലായ സാഹചര്യത്തില്‍ ശുചീകരണ പ്രവര്‍ത്തനം താളം തെറ്റിയത് പ്രശ്‌നം സങ്കീര്‍ണമാക്കി. ഇക്കാര്യങ്ങള്‍ പരിഹരിച്ചിട്ട് പുതിയ അജണ്ടകള്‍ ചര്‍ച്ച ചെയ്താല്‍ മതിയെന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ പറഞ്ഞു.
അധികാര കൈമാറ്റത്തിന്റെ പേരിലുള്ള തമ്മിലടി ഭരണത്തെയാകെ ബാധിച്ചെന്നും വിമര്‍ശനമുയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചെലവഴിക്കുന്നതില്‍നിന്ന് ആറര കോടി രൂപ നഷ്ടപ്പെടുത്തിയ വിഷയത്തെ സംബന്ധിച്ച് അവ്യക്തതയോടെയാണ് ചെയര്‍പേഴ്‌സണും സെക്രട്ടറിയും മറുപടി പറഞ്ഞതെന്നും എല്‍ഡിഎഫ് പറയുന്നു. തുക നഷ്ടപ്പെടുത്തിയതായി വൈസ് ചെയര്‍മാന്‍ നടത്തിയ കുറ്റസമ്മതം ഭരണ നേതൃത്വത്തിന്റെ പിടിപ്പികേടാണ്.
സ്വകാര്യ ബസ്‌സ്റ്റാന്‍ഡിന്റെ ശോച്യാവസ്ഥയ്ക്കും പരിഹാരമില്ല. നഗരത്തിലെ വഴിയോര കച്ചവടക്കാരെ ഒഴിവാക്കിയതില്‍ പക്ഷപാതം കാണിക്കുന്നതിനെതിരെയും വന്‍ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. വന്‍കിട സ്ഥാപനങ്ങളുടെയും ചില തല്‍പരകക്ഷികളുടെയും കൈയേറ്റങ്ങള്‍ കാണാതിരിക്കുകയും പാവപ്പെട്ട കച്ചവടക്കാരെ ഒഴിവാക്കുകയും ചെയ്തത് അംഗീകരിക്കാനാവില്ല.
ഭരണനേതൃത്വത്തിന്റെ ഈ നടപടിയില്‍ പ്രതിഷേധിച്ചാണ് എല്‍ഡിഎഫ് അംഗങ്ങള്‍ കൗണ്‍സില്‍ ബഹിഷ്‌കരിച്ചത്. തുടര്‍ന്ന് നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം വിളിച്ചു. നഗരസഭ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പി കെ അനീഷ്, സെക്രട്ടറി പി വി അശോക്കുമാര്‍, കൗണ്‍സിലര്‍മാരായ വി മുരളീധരന്‍, ആര്‍ ഹരീഷ്, വി ആര്‍ ജോണ്‍സണ്‍, ശോഭ കെ മാത്യു, ശുഭകുമാര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss