|    Mar 23 Fri, 2018 10:00 pm
FLASH NEWS

പത്തനംതിട്ട നഗരസഭ തയ്യാറാക്കിയ ലൈഫ് മിഷന്‍ പദ്ധതിയില്‍ വ്യാപക ക്രമക്കേട്

Published : 2nd August 2017 | Posted By: fsq

 

പത്തനംതിട്ട: ലൈഫ്മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളെ തിരഞ്ഞെടുത്തതില്‍ പത്തനംതിട്ട നഗരസഭ തയ്യാറാക്കിയ പട്ടികയില്‍ വ്യാപക ക്രമക്കേടെന്ന്് ആക്ഷേപം. അനര്‍ഹരായവരെ ഉള്‍പ്പെടുത്തിയും അര്‍ഹരായവരെ ഒഴിവാക്കിയുമാണ് പട്ടിക തയ്യാറാക്കിയതെന്ന് വ്യക്തമാക്കുന്നതാണ് കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ പുറത്തുവരുന്ന വിവരം. നഗരസഭാ പരിധിയില്‍ 473 പേരുടെ പട്ടികയാണ് തയ്യാറായത്.   കഴിഞ്ഞ ദിവസം ഇത് കൗണ്‍സിലര്‍മാര്‍ക്ക് നല്‍കി. ഇതോടെയാണ് വ്യാപക ക്രമക്കേട് നടന്നതായി വിവരം ലഭിച്ചത്. ഇതിനിടയില്‍ പത്താം വാര്‍ഡില്‍ തയ്യാറാക്കിയ പട്ടികയില്‍ അര്‍ഹരായവരെ ഒഴിവാക്കി അനര്‍ഹരെ തിരുകി കയറ്റിയതായി ആരോപിച്ച് വാര്‍ഡ് കൗണ്‍സിലര്‍ വല്‍സല നഗരസഭാ ചെയര്‍പേഴ്‌സന് പരാതി നല്‍കി. നഗരസഭയില്‍ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന കൗണ്‍സിലറായതുകൊണ്ടാവും ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ പിന്തുണയും തനിക്ക് ഇല്ലാതെ പോയതെന്നും ഇവര്‍ പറയുന്നു. സ്വന്തമായി ഒരു വീടു നിര്‍മിക്കുന്നതിനായി സഹായം തേടി നല്‍കിയ അപേക്ഷ രണ്ടുവര്‍ഷമായി പരിഗണിക്കുന്നില്ലെന്നും വല്‍സല പറഞ്ഞു. വല്‍സല വീടിനുവേണ്ടി നല്‍കിയ അപേക്ഷ നഗരസഭയുടെ ഇക്കൊല്ലത്തെ പുതുക്കിയ പട്ടികയിലും ഇടംകണ്ടില്ല. 17 വര്‍ഷം മുമ്പ് അന്നത്തെ നഗരസഭാ കൗണ്‍സില്‍ ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വല്‍സലയ്ക്കും കുടുംബത്തിനും വീടിനു സ്ഥലം അനുവദിച്ചെങ്കിലും ഇതു കൈമാറിയില്ല. നഗരത്തില്‍ പെട്ടിക്കടയും തട്ടുകടയും നടത്തി ഉപജീവനം നടത്തിവന്ന വല്‍സലയും ഭര്‍ത്താവ് തുളസീധരനും കുട്ടികളുമടങ്ങുന്ന വാടകവീടുകളിലാണ് കഴിഞ്ഞുവന്നത്. 2015ലെ നഗരസഭ തിരഞ്ഞെടുപ്പില്‍ 10ാം വാര്‍ഡില്‍ എസ്ഡിപിഐ പ്രതിനിധിയായ വല്‍സലയുടെ                        വിജയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.  സിപിഎം രണ്ടാംസ്ഥാനത്തും കോണ്‍ഗ്രസ് സിറ്റിങ് അംഗത്തിന് കെട്ടിവച്ച കാശും നഷ്ടപ്പെടുത്തിയായിരുന്നു വല്‍സലയുടെ വിജയം. ഇക്കഴിഞ്ഞ ഗ്രാമസഭയില്‍ വാര്‍ഡില്‍ നിന്നുള്ള ഗുണഭോക്തൃപട്ടികയില്‍ വല്‍സലയെ ഉള്‍പ്പെടുത്തിയിരുന്നു. പുതിയ ഗുണഭോക്തൃപട്ടിക പുറത്തുവന്നതോടെയാണ്    ഇക്കുറിയും തന്നെ അവഗണിച്ച വിവരം വല്‍സല അറിയുന്നത്.                  വീടും സ്ഥലവും ഇല്ലാത്തവര്‍ക്ക് ഫഌറ്റ് നിര്‍മിച്ചുനല്‍കുന്ന ലൈഫ് പദ്ധതിയിലും വല്‍സലയുടെ പേര് നിര്‍ദേശിച്ചിരുന്നതാണ്. മൈലാടുംപാറയില്‍ നഗരസഭയുടെ അധീനതയിലുള്ള സ്ഥലം ഭൂരഹിതര്‍ക്ക് വീടുവച്ചു നല്‍കാന്‍ കഴിഞ്ഞ നഗരസഭ കൗണ്‍സിലില്‍ തീരുമാനമുണ്ടായിരുന്നു. ഇതേസ്ഥലത്തു വീടും സ്ഥലവും ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് വല്‍സല ഇപ്പോള്‍. എന്നാല്‍ ലൈഫ് പദ്ധതിയിലേക്കുള്ള ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കിയത് നഗരസഭയല്ലന്ന് ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപ് അറിയിച്ചു. കുടുംബശ്രീ തയ്യാറാക്കി തന്ന പട്ടിക പരിശോധിച്ച് മാറ്റം വരുത്താന്‍ നഗരസഭയ്്്ക്ക് അധികാരമുണ്ട്. പട്ടിക എല്ലാ കൗണ്‍സലര്‍മാര്‍ക്കും നല്‍കും. അവരുടെ കൂടി നിര്‍ദേശം സ്വീകരിച്ച് അനര്‍ഹരെ ഒഴിവാക്കും. അര്‍ഹതയുള്ളവരെ ചേര്‍ക്കും. പട്ടികയനുസരിച്ച് അഞ്ചക്കാല, വെട്ടിപ്രം, കുമ്പഴ വെസ്റ്റ്, സൗത്ത്, ചുട്ടിപ്പാറ, വലഞ്ചുഴി തുടങ്ങിയ വാര്‍ഡുകളിലാണ് ഭവന,ഭൂരഹിതര്‍ ഏറെയുള്ളത്. എട്ടുമാസം മുമ്പാണ് കുടുംബശ്രീ അംഗങ്ങള്‍ ഭവനരഹിതരുടെ കണക്കെടുപ്പ് നടത്തിയത്. വീടില്ലാത്തവര്‍, വീടും സ്ഥലവും ഇല്ലാത്തവര്‍ എന്ന നിലയിലാണ് കണക്കെടുത്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss