|    Feb 19 Sun, 2017 8:10 pm
FLASH NEWS

പത്തനംതിട്ട ജില്ലയിലെ ഗവ. പ്ലീഡര്‍-പ്രോസിക്യൂട്ടര്‍ തസ്തികയിലേക്കുള്ള പട്ടികയായി

Published : 19th November 2016 | Posted By: SMR

പത്തനംതിട്ട: ജില്ലയിലെ ഗവ. പ്ലീഡര്‍-പ്രോസിക്യൂട്ടര്‍ തസ്തികയിലേക്കുള്ള പട്ടികയായി. സിപിഎം-നാല്, സിപിഐ-ഒന്ന്, ജനതാദള്‍-ഒന്ന് എന്നിങ്ങനെയാണ് തസ്തിക വീതം വച്ചിരിക്കുന്നത്. സിപിഎം തയ്യാറാക്കി നല്‍കിയ പട്ടികയില്‍ പാര്‍ട്ടിക്ക് പുറത്തു പോയവരും ഉണ്ട്. സിപിഐ പട്ടികയിലുള്ള ആളെപ്പറ്റി ബന്ധു നിയമനം ആണെന്ന ആരോപണവും ഉയര്‍ന്നു കഴിഞ്ഞു. ജില്ലാ ഗവ. പ്ലീഡര്‍ സ്ഥാനം ജനതാദളി(എസ്)നാണ് നല്‍കിയിരിക്കുന്നത്. കുളനടയില്‍ നിന്നുള്ള എ സി ഈപ്പനാണ് ജില്ലാ ഗവ. പ്ലീഡര്‍ സ്ഥാനത്തേക്കുള്ളത്. സിപിഎം പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നു വരുന്ന ഈപ്പനെ ജനതാദളുകാര്‍ വാടകയ്ക്ക് എടുത്തെന്നാണ് ഒരു വിഭാഗം സിപിഎം അഭിഭാഷകരുടെ ആരോപണം. സിപിഎമ്മിന് നല്‍കിയിരിക്കുന്ന അഡി. ഗവ. പ്ലീഡര്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത് ഇനിപ്പറയുന്നവരാണ്. ലോയേഴ്‌സ് യൂനിയന്‍ ജില്ലാ സെക്രട്ടറി എസ് മനോജ്, ജില്ലാ ജോയിന്റ് സെക്രട്ടറി ജയ്‌സണ്‍ മാത്യു, റാന്നി ഏരിയാ കമ്മിറ്റിയംഗം കെ പി സുഭാഷ്, ലോയേഴ്‌സ് യൂനിയന്‍ വനിതാ കൗണ്‍സില്‍ അംഗം ആഷാ ചെറിയാന്‍, മല്ലപ്പള്ളി ഏരിയാ കമ്മിറ്റിയംഗം എം ജെ വിജയന്‍, ഏഴംകുളം ലോക്കല്‍ കമ്മിറ്റിയംഗം അനില്‍ ഭാസ്‌കര്‍.ഇതില്‍ എസ് മനോജിനെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പ്രക്കാനം ലോക്കല്‍ കമ്മിറ്റി പുറത്താക്കാന്‍ തീരുമാനം എടുത്തിരുന്നതാണെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. കോന്നിയില്‍ നിന്നുള്ള അഭിഭാഷകനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയതാണ്. കുന്നന്താനത്തു നിന്നുള്ള എം ജെ വിജയന്‍ അതീവ ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്നയാളാണ്. തിരുവല്ല മണ്ഡലം സെക്രട്ടറി സി ആര്‍ രതീഷ്‌കുമാറിന്റെ ഭാര്യ രേഖ ആര്‍ നായരെയാണ് അഡീ. പ്ലീഡര്‍ പട്ടികയില്‍ സിപിഐ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലാ നേതാവു കൂടി മുന്‍കൈയെടുത്താണ് രേഖയെ കൊണ്ടു വന്നതെന്നും ഇതു ബന്ധു നിയമനമാണെന്നും സിപിഐക്കാരായ അഭിഭാഷകര്‍ ആരോപിക്കുന്നു. പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരായ 12 പേരുടെ പേരുകള്‍ വെട്ടിനിരത്തിയാണ് രേഖയ്ക്ക് സ്ഥാനം കൊടുത്തത്. ഇതിനായി പാര്‍ട്ടിക്ക് കിട്ടേണ്ടിയിരുന്ന ജില്ലാ ഗവ. പ്ലീഡര്‍ സ്ഥാനം പോലും വേണ്ടെന്നു വച്ചെന്നും ഇവര്‍ പറയുന്നു. സംസ്ഥാന തലത്തില്‍ ജില്ലകളിലെ ഗവ. പ്ലീഡര്‍ സ്ഥാനം വീതം വച്ചപ്പോള്‍ മൂന്നെണ്ണമാണ് സിപിഐക്കു ലഭിച്ചത്. പത്തനംതിട്ട, കൊല്ലം, എറണാകുളം എന്നിവയായിരുന്നു അത്. എന്നാല്‍, പത്തനംതിട്ടയില്‍ അതിന് പറ്റിയ ആളില്ലെന്ന് പറഞ്ഞ് വയനാടുമായി വച്ചു മാറുകയാണുണ്ടായത്. വയനാടിന് പകരം പത്തനംതിട്ട ജനതാദളി(എസ്)ന് കൊടുക്കുകയും ചെയ്തു. രേഖയ്ക്ക് അഡീ. പ്ലീഡര്‍ സ്ഥാനം നല്‍കുന്നതിന് വേണ്ടി ജില്ലാ നേതൃത്വം കളിച്ച കളിയായിരുന്നു ഇതെന്നാണ് പറയുന്നത്. ജില്ലാ കോടതി-ഒന്ന്, അഡീഷനല്‍ കോടതികള്‍-നാല്, സബ് കോടതി-ഒന്ന്, മോട്ടോര്‍ ആക്‌സിഡന്റ് ട്രിബ്യൂണല്‍-ഒന്ന് എന്നിങ്ങനെയാണ് ഗവ. പ്ലീഡറുടെയും അഡി. പ്ലീഡര്‍മാരുടെയും തസ്തിക ഒഴിവുള്ളത്. ഇതിനായി ജില്ലാ ജഡ്ജി ആദ്യം 21 പേരുടെ പാനല്‍ തയാറാക്കി കലക്ടര്‍ക്ക് നല്‍കിയിരുന്നു. അതിനു ശേഷം കലക്ടറുടെ അഭ്യര്‍ഥന പ്രകാരം 64 പേരുടെ പാനല്‍ കൂടി ജില്ലാ ജഡ്ജി തയ്യാറാക്കി. 21 പേരുടെ ആദ്യപാനല്‍ ജഡ്ജി തയാറാക്കിയത് മറ്റു കോടതികളിലെ ജഡ്ജിമാരുടെയും മുതിര്‍ന്ന അഭിഭാഷകരുടെയും അഭിപ്രായം സ്വീകരിച്ചും വക്കീലന്മാരുടെ കോടതിയിലെ പ്രകടനം കണക്കിലെടുത്തുമായിരുന്നു. എന്നാല്‍, ജഡ്ജി ആദ്യം തയാറാക്കിയ പാനലില്‍ നിന്ന് ഒരാള്‍ പോലും ഇപ്പോഴുള്ള പട്ടികയില്‍ വന്നിട്ടില്ലെന്നുള്ളതും ശ്രദ്ധേയമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക