|    Jun 21 Thu, 2018 6:31 am
FLASH NEWS

പത്തനംതിട്ട ജനറല്‍ ആശുപത്രി വികസനം : മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ എന്‍ജിനീയറിങ് കോളജ് സംഘം സ്ഥല പരിശോധന നടത്തി

Published : 2nd August 2017 | Posted By: fsq

 

പത്തനംതിട്ട: ജനറല്‍ ആശുപത്രി വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ ആറന്‍മുള എന്‍ജിനീയറിങ് കോളജ് സംഘം സ്ഥല പരിശോധന നടത്തി. വീണാ ജോര്‍ജ് എംഎല്‍എയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സംഘമെത്തിയത്. ആശുപത്രിയിലെ ജീര്‍ണാവസ്ഥയിലായ പഴയ കെട്ടിടങ്ങള്‍ പൊളിച്ച്‌നീക്കി പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ച് വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനം ക്രമീകരിക്കുകയാണ് പദ്ധതി. ഡിജിറ്റലൈസ്ഡ് ഒപി, ഒപി വെയ്റ്റിങ് റൂം, ഫാര്‍മസി, ഐ ക്ലിനിക്, ടോയ്‌ലെറ്റ് തുടങ്ങിയവയാണ് പ്രധാനമായും മാസ്റ്റര്‍ പ്ലാനിലുള്ളത്. ആയിരക്കണക്കിന് രോഗികള്‍ എത്തുന്ന ജനറല്‍ ആശുപത്രിയില്‍ അവര്‍ അനുഭവിക്കുന്ന ദുരിതത്തിന് ഡിജിറ്റലൈസ്ഡ് ഒപി വരുന്നതോടെ പരിഹാരമാവും. ഓരോ വിഭാഗത്തിനായി പ്രത്യേകം ഒപി ക്രമീകരിച്ച് ടോക്കണ്‍ നമ്പര്‍ അനുസരിച്ച് രോഗികള്‍ക്ക് ഡോക്ടറെ കാണാന്‍ കഴിയുന്ന സംവിധാനമാണ് ഡിജിറ്റലൈസ്ഡ് ഒപി. ഡോക്ടറെ കാണാന്‍ കാത്തിരിക്കുന്ന രോഗികള്‍ക്കായാണ് വെയ്റ്റിങ് റൂം നിര്‍മിക്കുന്നത്. ഫാര്‍മസിക്കായി പുതിയ കെട്ടിടം നിര്‍മിക്കുന്നതോടൊപ്പം നിലവില്‍ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയ്ക്കായി അനുവദിച്ച കാരുണ്യ ഫാര്‍മസിക്ക് സൗകര്യം ഏര്‍പ്പെടുത്തി നല്‍കും. ഇതിന് പ്ലാന്‍ തയ്യാറാക്കി സംസ്ഥാന നിര്‍മിതി കേന്ദ്രത്തിന് നല്‍കിയിട്ടുണ്ട്.  ആശുപത്രിയില്‍ നിലവിലെ ഉപയോഗ ശൂന്യമായ കെട്ടിടവും മറ്റും പൊളിച്ചുനീക്കി പരമാവധി സ്ഥലം കെട്ടിട               നിര്‍മാണത്തിനായി ഉപയോഗിക്കുകയാണ് പ്രധാനമായും ചെയ്യുന്നത്. നേത്ര വിഭാഗത്തിനായി പ്രത്യേകം ബ്ലോക്ക് നിര്‍മിക്കും. എ, ബി, സി ബ്ലോക്കുകളില്‍ അറ്റകുറ്റപ്പണി നടത്തും. പാര്‍ക്കിങിന് വിശാലമായ സ്ഥലം ഒരുക്കുകയും മാസ്റ്റര്‍ പ്ലാനിലുണ്ട്. ഒരു മാസത്തിനുള്ളില്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി നല്‍കുമെന്ന് എന്‍ജിനിയറിങ് കോളേജ് അധികൃതര്‍ അറിയിച്ചു. മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി കിട്ടുന്ന മുറയ്ക്ക് ഇത് പദ്ധതിയാക്കി സംസ്ഥാന സര്‍ക്കാരിന് നല്‍കും. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മാണം            ആരംഭിക്കാനാണ് ഉദ്ദ്യേശിക്കുന്നതെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. മാസ്റ്റര്‍ പ്ലാന്‍ മോണിറ്ററിങ് കമ്മിറ്റി പ്രവര്‍ത്തനം വിലയിരുത്തും.  ബി ബ്ലോക്കിന് സമീപം സ്വകാര്യ വ്യക്തിയില്‍നിന്ന് ഏറ്റെടുത്ത 17.5 സെന്റ് സ്ഥലത്ത് പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായുള്ള നടപടികള്‍ പൊതുമരാമത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു കഴിഞ്ഞു. കാര്‍ഡിയോളജി വിഭാഗവും അത്യാഹിത വിഭാഗവും സ്‌കാനിങ് സെന്ററുകളും ഐപിയുമെല്ലാം ഉള്‍പ്പെടുത്തി ക്രമീകരിച്ചുകൊണ്ട് ആറ് നില കെട്ടിടം നിര്‍മിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.നഗരസഭ ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപ്, വൈസ് ചെയര്‍മാന്‍ പി കെ ജേക്കബ്, കൗണ്‍സിലര്‍ ആര്‍ ഹരീഷ്, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍ ശ്രീലത, ആര്‍.എം.ഒ ഡോ. ആശിഷ് മോഹന്‍ കുമാര്‍, എന്‍ജിനിയറിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി സജീവ്, സിവില്‍ എന്‍ജിനീയറിങ് വിഭാഗം ഹെഡ് ജിഷാ ബാലകൃഷ്ണന്‍, അധ്യാപകന്‍ എബി തോമസ്, അസി. എന്‍ജിനിയറര്‍ സുജി മോള്‍, ഡോ. വി .ഉമേഷ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ തോമസ് ഉഴുവത്ത്, ആശുപത്രി വികസന സമിതിയംഗം നൗഷാദ് കണ്ണങ്കര യോഗത്തില്‍ പങ്കെടുത്തു. എന്‍ജിനിയറിങ് കോളജിലെ സിവില്‍ വിഭാഗം വിദ്യാര്‍ഥികളും സന്നിഹിതരായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss