|    Apr 26 Thu, 2018 9:35 am
FLASH NEWS

പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് പരാതികളേറുന്നു

Published : 5th October 2016 | Posted By: Abbasali tf

പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിയിയുടെ പ്രവര്‍ത്തനത്തെ കുറിച്ച് പരാതികളേറുന്നു. ഓപറേഷന്‍ തിയേറ്ററിന്റെ പ്രവര്‍ത്തനം തൊട്ട് ഒപി ടിക്കറ്റ് കുറിച്ചു കൊടുക്കുന്നതുവരെ പരാതികളില്‍പ്പെടും. മുന്നറിയിപ്പില്ലാതെ ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുക്കുന്നതും റാന്നി, കോന്നി താലൂക്കുകളിലെ മലയോര മേഖലയില്‍ നിന്നു 50 മുതല്‍ 100 കിലോമീറ്റര്‍ താണ്ടി ആശുപത്രിയിലെത്തുന്ന രോഗികളെ ദുരിതത്തിലാക്കുന്നു. ഇതിന് പുറമേയാണ് മന്ത്രിതലത്തില്‍ ഇടപെടലുണ്ടായിട്ടും 18 വയസ്സുവരെയുള്ള കുട്ടികളുടെ സൗജന്യ ചികില്‍സ മുടങ്ങുന്നത്. ഫാര്‍മസിയില്‍ ആവശ്യത്തിന് മരുന്നുകള്‍ പോലും ലഭ്യമല്ല. എല്ലാം പുറത്തെ മെഡിക്കല്‍ സ്റ്റോറുകളിലേക്കും ലാബുകളിലേക്കും  കുറിച്ചുകൊടുക്കുന്നു. പ്രധാന ഓപറേഷന്‍ തീയേറ്റര്‍ അടച്ചിട്ടിട്ട് ഒരു വര്‍ഷം കഴിഞ്ഞു. മൂന്ന് കോടി രൂപ ചെലവിട്ടാണ് പുതിയ ബ്ലോക്കിന്റെ നാലാം നിലയില്‍ ആധുനിക ഓപ്പറേഷന്‍ തീയേറ്റര്‍ സജ്ജീകരിച്ചത്. ആറ് മേശകളിലായി ഒരേ സമയം ശസ്ത്രക്രിയ നടത്താനുള്ള സൗകര്യമുണ്ട്്്. നിസാര പ്രശ്‌നങ്ങളുടെ പേരില്‍ അടച്ചിട്ടിരിക്കുകയാണ്. ഇപ്പോള്‍ ചെറിയ ശസ്ത്രക്രിയകള്‍ മാത്രം അത്യാഹിത വിഭാഗത്തില്‍ നടത്തുന്നു. ഈച്ചയും കൊതുകും മൂലം ഈ ശസ്ത്രക്രിയ മുറിയില്‍ ഒരു നിമിഷം പോലും നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ്. സ്‌കാനിങ്, എക്‌സറേ മെഷിനുകള്‍ ഉണ്ടെങ്കിലും പ്രവര്‍ത്തിപ്പിക്കാനാളില്ല.  ഇതിനും പുറത്തെ സ്വകാര്യ ലാബുകളിലേക്ക്  പറഞ്ഞുവിടുന്നു. വിവിധ രക്ത പരിശോധനകളും പുറത്ത് ലാബില്‍ നടത്താന്‍ പറഞ്ഞുവിടുകയാണ്. ഇതിനായി ഓരോ ഡോക്ടര്‍ക്കും പ്രത്യേകം, പ്രത്യേകം ലാബുകളുണ്ട്. രാത്രി ഏഴ് കഴിഞ്ഞ് നിസാര അസുഖങ്ങളുമായി വരുന്നവരെ പോലും കോട്ടയം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുന്നതായും പരാതിയുണ്ട്. വൈകീട്ട് എത്തുന്ന രോഗികളെ പരിശോധിക്കാന്‍ ഡ്യൂട്ടി ഡോക്ടര്‍മാര്‍ക്ക് വൈമനസ്യമ പ്രകടിപ്പിക്കുന്നു. ജനറല്‍ ആശുപത്രിയെ കൊണ്ട് രോഗികള്‍ക്ക് യാതൊരു പ്രയോജനവും ഇല്ലാത്ത സ്ഥിതിയാണിപ്പോള്‍. സര്‍ജറിക്ക് നിര്‍ദ്ദേശിക്കപ്പെട്ടവര്‍ തലേന്ന് തന്നെ ബന്ധപ്പെട്ട ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് ഇടങ്ങളിലെത്തി പടി നല്‍കാന്‍ നിര്‍ബന്ധിതമാവുന്നു. ചില ഡോക്ടര്‍മാര്‍ ബിനാമികളെ വച്ച് മെഡിക്കല്‍ സ്റ്റോറുകളും നടത്തുന്നു. ഈ മെഡിക്കല്‍ സ്റ്റോറില്‍ നിന്നു മാത്രമേ അവര്‍ കുറിച്ചുകൊടുക്കുന്ന മരുന്നുകള്‍ ലഭ്യമാവൂ. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിത്യവും നൂറുകണക്കിന് രോഗികളാണ് ചികിത്സതേടി എത്തുന്നത്. 30 ഓളം ഡോക്ടര്‍മാരാണുള്ളത്. ഇതില്‍ മിക്കവരും മിക്ക ദിവസവും അവധിയിലാണ്. മുന്‍കൂട്ടി അവധി റിപോര്‍ട്ട് ചെയ്യാറില്ലെന്ന് അറിയുന്നു. രാവിലെ 9.30 ന് എത്തി ഉച്ചക്ക് 12.30 മണിയോടെ മിക്കവരും സ്ഥലംവിടും.പുറത്തെ സ്വകാര്യ ചികിത്സയോടാണ് ഡോക്ടര്‍മാര്‍ക്ക് താല്‍പര്യം. ഉച്ചക്കുശേഷം ഇവര്‍ താമസിക്കുന്ന വീടുകളില്‍ രോഗികളുടെ വന്‍ തിരക്കാണ്. അടുത്തയിടെ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസിനുള്ള കണ്‍സല്‍ട്ടേഷന്‍ ഫീസ് വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കുറഞ്ഞുപോയാല്‍ ബാക്കി ചോദിച്ചുവാങ്ങും. പരിശോധനകള്‍ അവര്‍ എഴുതിതരുന്ന ലാബുകളിലും നടത്തണം. ഈ ഇനത്തിലും ഡോക്ടര്‍മാര്‍ക്ക് നല്ലൊരു തുകയാണ് ലഭിക്കുന്നത്. രോഗികളുടെ പരിശോധനകളുമായി ബന്ധപ്പെട്ട നിരവധി  ഉപകരണങ്ങളാണ് ആശുപത്രിക്കുള്ളില്‍ പൊടിപിടിച്ച് കിടക്കുന്നത്. ആശുപത്രിയുടെ നിയന്ത്രണമുള്ള നഗരസഭയോ സ്ഥലം എംഎല്‍എയോ ഇക്കാര്യത്തില്‍ യാതൊരു ഇടപെടലും നടത്താന്‍ തയാറായിട്ടില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss