|    Jan 18 Wed, 2017 7:41 pm
FLASH NEWS

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിക്കും

Published : 21st December 2015 | Posted By: SMR

പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളജ് ഇന്നുമുതല്‍ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. വിവരം പുറത്തറിയിക്കാതെ രഹസ്യമായിട്ടാണ് പ്രവര്‍ത്തനം നടക്കുക. അഖിലേന്ത്യാ മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധനകള്‍ അടക്കമുള്ള കടമ്പ കടക്കുന്നതിന് വേണ്ടിയാണ് കോന്നി മെഡിക്കല്‍ കോളജ് പത്തനംതിട്ടയെന്ന് പേരും വച്ച് പ്രവര്‍ത്തനം തുടങ്ങുന്നത്. ഇന്ന് രണ്ടുവകുപ്പു മേധാവിമാരാണ് ചുമതലയേല്‍ക്കുന്നത്.
കോട്ടയം, തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നു കോന്നിയിലേക്ക് സ്ഥലം മാറ്റപ്പെട്ട ഫിസിഷ്യന്‍, കണ്ണിന്റെ ഡോക്ടര്‍ എന്നിവര്‍ ഇന്ന് ചുമതലയേറ്റ ശേഷം ഒപിയില്‍ കുറേ സമയം രോഗികളെ പരിശോധിക്കും. അതു കഴിഞ്ഞാല്‍ തിരികെ സ്വന്തം ലാവണത്തിലേക്ക് മടങ്ങുന്ന ഇവരെ പിന്നെ മെഡിക്കല്‍ കോളജ് തുടങ്ങിയ ശേഷമേ കാണൂ. നാളെ മറ്റു രണ്ടു വിഭാഗത്തില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ ചുമതലയേല്‍ക്കും. അവരും ചുമതലയേറ്റ് ഒപ്പിട്ട ശേഷം ഒപിയില്‍ കുറച്ച് സമയം കുത്തിയിരുന്ന് മടങ്ങും.
കോന്നി മെഡിക്കല്‍ കോളജിന് അംഗീകാരം പെട്ടെന്ന് ലഭ്യമാക്കുന്നതിന് വേണ്ടിയാണ് പ്രവര്‍ത്തനം ജനറല്‍ ആശുപത്രിയില്‍ തുടങ്ങുന്നത്. ഇതിനായി സൂപ്രണ്ടിനെയും പ്രിന്‍സിപ്പലിനെയും നേരത്തേ നിയമിച്ചിരുന്നു. ഒരു മെഡിക്കല്‍ കോളജിന് വേണ്ട അടിസ്ഥാന സൗകര്യമൊന്നും ഒരുക്കാതെ തട്ടിക്കൂട്ട് പരിപാടി ഒപ്പിക്കാനാണ് ഇപ്പോഴുള്ള നീക്കം.
എന്നാല്‍, തട്ടിക്കൂട്ട് മെഡിക്കല്‍ കോളജ് അനുവദിക്കില്ലെന്നും ഇതിനെതിരേ നിസ്സഹകരണ സമരം നടത്തുമെന്നും കെജിഎംഒഎ അറിയിച്ചു. ജനറല്‍ ആശുപത്രിയില്‍ ഇപ്പോള്‍ തന്നെ ആവശ്യത്തിന് ഡോക്ടര്‍മാരില്ല. മെഡിക്കല്‍ കോളജ് തുടങ്ങുന്നതിന് മുന്നോടിയായി ജില്ലാ കലക്ടര്‍ ഇവിടെ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി കഴിഞ്ഞദിവസം വിളിച്ചു കൂട്ടിയിരുന്നു. അതില്‍ ഓപറേഷന്‍ തീയറ്റര്‍ ഉടന്‍ തുറക്കാനും എക്‌സ്-റേ, സി.ടി. സ്‌കാന്‍, ലാബ് സൗകര്യം 24 മണിക്കൂറാക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍, ഇതൊന്നും മെഡിക്കല്‍ കോളജിന് വേണ്ടിയാണെന്ന് യോഗത്തില്‍ ഒരു ചെറിയ സൂചന പോലും ജില്ലാ നല്‍കിയിട്ടില്ല. മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് എല്ലാം രഹസ്യമാക്കി നടത്തുന്നത്. മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം തുടങ്ങിയെന്നറിഞ്ഞാല്‍ രോഗികള്‍ കൂട്ടത്തോടെയെത്തും. യാതൊരു അടിസ്ഥാന സൗകര്യവുമില്ലാത്തതിനാല്‍ പ്രശ്‌നമാവും.
നിലവില്‍ ജനറല്‍ ആശുപത്രിയില്‍ കാഷ്വാലിറ്റിയില്‍ പോലും ഡോക്ടര്‍മാരില്ല. കാര്‍ഡിയോളജിസ്റ്റും ന്യൂറോ സര്‍ജനുമില്ല. മുന്‍കാലങ്ങളില്‍ ശബരിമല തീര്‍ഥാടന കാലത്തെങ്കിലും പ്രധാനപ്പെട്ട ഡോക്ടര്‍മാരെ കിട്ടിയിരുന്നു. ഇപ്പോള്‍ കാഷ്വാലിറ്റിയിലേക്ക് പോലും ഡോക്ടര്‍മാരെ കിട്ടുന്നില്ല എന്നതാണ് സ്ഥിതി. ടോയ്‌ലറ്റ്, കുടിവെള്ളം അടക്കം യാതൊരുവിധ അടിസ്ഥാന സൗകര്യവും ഇവിടെയില്ല. മെഡിക്കല്‍ കോളജിന് വേണ്ടി പുതുതായി ഡോക്ടര്‍മാര്‍ വരുന്നത് അനുസരിച്ച് സ്റ്റാഫ് പാറ്റേണിലും മാറ്റം വരുത്തിയിട്ടില്ല.
ചുരുക്കിപ്പറഞ്ഞാല്‍ ഇപ്പോള്‍ നടക്കുന്ന ഈ നാടകം നിലവിലുള്ള ഡോക്ടര്‍മാരുടെ ജോലിഭാരം വര്‍ധിപ്പിക്കാന്‍ മാത്രമേ ഉപകരിക്കൂ. ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന പ്രഫസര്‍മാരെ ഇവിടേക്ക് നിയമിച്ചിട്ടുണ്ടെങ്കിലും അവരൊന്നും മെഡിക്കല്‍ കോളജ് പൂര്‍ത്തിയാവാതെ എത്തില്ല. ആ നിലയ്ക്ക് അവരുടെ ജോലിഭാരം കൂടി ഏറ്റെടുക്കാന്‍ കഴിയില്ലെന്നാണ് നിലവിലുള്ള ഡോക്ടര്‍മാരുടെ അഭിപ്രായം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 66 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക