|    Mar 30 Thu, 2017 12:51 am
FLASH NEWS

പത്തനംതിട്ടയില്‍ ബിജെപിയില്‍ കൊഴിഞ്ഞുപോക്ക്

Published : 17th August 2016 | Posted By: SMR

പത്തനംതിട്ട: സംസ്ഥാനതലത്തിലെ നേതൃമാറ്റത്തെ തുടര്‍ന്ന് ബിജെപി പത്തനംതിട്ട ജി    ല്ലാഘടകത്തില്‍ നിലനിന്നിരുന്ന ഭിന്നത രൂക്ഷമായതോടെ നിരവധി പ്രവര്‍ത്തകര്‍ പാര്‍ട്ടിവിട്ടു. സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ സെക്രട്ടറിയുമായ എ ജി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള വലിയൊരു വിഭാഗമാണ് ബിജെപി വിട്ടത്. അഞ്ഞൂറിലധികം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടുവെന്നാണ് വിമതരുടെ പക്ഷം.
സിപിഎം നേതൃത്വവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനാണ് ഇവരുടെ തീരുമാനം. ആറന്‍മുള വിമാനത്താവള പദ്ധതിക്ക് വീണ്ടും കേന്ദ്രം പച്ചക്കൊടി കാട്ടിയ സാഹചര്യത്തില്‍ കൂടുതല്‍ രാജിയുണ്ടാവുമെന്നാണ് ഇവരുടെ നിലപാട്. നിലവില്‍ ബിജെപിയുടെ പ്രവര്‍ത്തനവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു വിഭാഗത്തെ പാര്‍ട്ടിയുടെ പ്രധാന ചുമതലകളില്‍ കുടിയിരുത്തുന്ന സമീപനത്തിനെതിരേ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചു. ബിജെപി വിട്ട സാഹചര്യത്തില്‍ സിപിഎം നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ചര്‍ച്ചകള്‍ പൂര്‍ണതയിലെത്താത്ത സാഹചര്യത്തില്‍ ഇതുസംബന്ധിച്ച കാര്യങ്ങള്‍ പുറത്തുപറയാനാവില്ല. ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും അദ്ദേഹം പറഞ്ഞു. കുമ്മനം രാജശേഖരന്‍ ബിജെപി അധ്യക്ഷ പദവിയിലെത്തിയതിനെ ശക്തമായി വിമര്‍ശിച്ചവരുടെ പക്ഷത്തായിരുന്നു ഉണ്ണികൃഷ്ണനും ജില്ലയിലെ ഒരുവിഭാഗം പ്രവര്‍ത്തകരും. തെറ്റ് തിരുത്താന്‍ ബിജെപി നേതൃത്വം തയ്യാറാവാത്ത സാഹചര്യത്തിലാണ് ബിജെപി ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. അതേസമയം, ഉണ്ണികൃഷ്ണനും കൂട്ടരും സിപിഎമ്മിലേക്കു തന്നെയാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഡിവൈഎഫ്‌ഐ റാന്നിയില്‍ സംഘടിപ്പിച്ച യുവസാഗരം പരിപാടിയില്‍ ഉണ്ണികൃഷ്ണനും സഹപ്രവര്‍ത്തകരും സജീവമായി പങ്കെടുത്തിരുന്നു. ആറന്‍മുള വിമാനത്താവള സമരവുമായി ബന്ധപ്പെട്ട് മുന്‍നിരയിലുണ്ടായിരുന്ന നേതാവായിരുന്നു ഉണ്ണിക്കൃഷ്ണന്‍.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉണ്ണികൃഷ്ണന്റെ നിസ്സഹകരണത്തിനെതിരേ ജില്ലാ നേതൃത്വം പരസ്യമായി രംഗത്തെത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റുനല്‍കാതെ തഴഞ്ഞതും ഉണ്ണികൃഷ്ണനെ ചൊടിപ്പിച്ചിരുന്നു. എന്നാല്‍, ഡിവൈഎഫ്‌ഐയുടെ പരിപാടിയില്‍ പങ്കെടുത്തത് സിപിഎം അംഗമെന്ന നിലയിലല്ലെന്നും ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലാണെന്നും ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. ഇന്നുവരെ ഒരു പാര്‍ട്ടിയിലും ചേര്‍ന്നിട്ടില്ലെന്നും മറിച്ചൊരു തീരുമാനം എടുക്കുകയാണെങ്കില്‍ പരസ്യമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day