|    Apr 22 Sun, 2018 3:03 am
FLASH NEWS

പത്തനംതിട്ടയില്‍ തട്ടിക്കൂട്ടി ഒരു കായികമേള

Published : 28th November 2015 | Posted By: SMR

പത്തനംതിട്ട: തട്ടിക്കൂട്ടി ഒരു കായികമേള. പത്തനംതിട്ട റവന്യൂ ജില്ലാ കായികമേളക്കായി സ്റ്റേഡിയത്തില്‍ ഇറങ്ങുന്നവര്‍ക്ക് ഒറ്റവാക്കില്‍ പറയാന്‍ ഇത് മാത്രമേ കഴിയൂ. 11 ഉപജില്ലകളില്‍ നിന്നുള്ള 1500ല്‍ ഓളം കായികതാരങ്ങളാണ് മൂന്നു ദിവസങ്ങളിലായി നടക്കുന്ന മല്‍സരങ്ങളില്‍ മാറ്റുരയ്ക്കുന്നത്. മല്‍സരങ്ങള്‍ കൃത്യ സമയത്ത് തന്നെ ആരംഭിച്ചു. സീനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്റര്‍ ഓട്ടത്തോടെയാണ് മല്‍സരങ്ങള്‍ രാവിലെ ആരംഭിച്ചത്.
നിശ്ചയിച്ച സമയത്ത് തന്നെ വന്ന് ജില്ലാ കലക്ടര്‍ എസ് ഹരികിഷോര്‍ പതാക ഉയര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് 10.30ന് ഉദ്ഘാടന ചടങ്ങ് നിശ്ചയിച്ചിരുന്നെങ്കിലും അതും വൈകീ മുക്കാല്‍ മണിക്കൂര്‍. തിരുവല്ലയില്‍ നിന്നു പെട്ടെന്ന് വേദി പത്തനംതിട്ട ജില്ലാ സ്‌റ്റേഡിയത്തിലേക്ക് മാറ്റിയതിനാല്‍ വേണ്ടത്ര ഒരുക്കങ്ങള്‍ നടത്താനും കഴിഞ്ഞില്ല. പരിസരത്തെ കാട് വെട്ടിത്തെളിക്കാന്‍ കഴിഞ്ഞിരുന്നു. നഗരസഭയുടെ കായികതാരങ്ങളോടുള്ള വെല്ലുവിളിയാണ് പത്തനംതിട്ട ജില്ലാ സ്റ്റേഡിയം. വ്യാപാരമേളക്ക് നല്‍കി കേടുപാടുകള്‍ സംഭവിച്ച ട്രാക്ക് വൃത്തിയാക്കാന്‍ പോലും കഴിഞ്ഞില്ല. ചെറിയ കല്ലുകള്‍ ട്രാക്കില്‍ അങ്ങിങ്ങ് ചിതറി കിടപ്പുണ്ടായിരുന്നു. ജില്ലാ സ്‌റ്റേഡിയത്തില്‍ പവലിയന്റെയും മറ്റും നിര്‍മാണം നടക്കുന്നതിനാല്‍ മെറ്റലും കമ്പിയുമെല്ലാം ഗ്രൗണ്ടില്‍ കൂട്ടിയിട്ടിരിക്കുന്നു. ഇത് കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തു. ഉദ്ഘാടന ചടങ്ങിനായി പൊരിവെയിലത്ത് അധ്യാപകരുടെ കര്‍ക്കശ നിര്‍ദേശത്തിന് മുന്നില്‍ മുട്ടു മടക്കിയിരുന്ന കുട്ടികളോട് ചെയ്തതും ദ്രോഹം തന്നെ.
ജില്ലാ സ്‌റ്റേഡിയത്തിന്റെ കിഴക്ക് ഭാഗത്തായുള്ള കംഫര്‍ട്ട് സ്‌റ്റേഷന്റെ അറ്റകുറ്റപ്പണികള്‍ നടത്താതെ കിടക്കുന്നതിനാല്‍ കുട്ടികള്‍ക്ക് ഇതുകൊണ്ട് പ്രയോജനം ഇല്ലാത്ത സ്ഥിതിയാണ്. തകര്‍ന്ന് കിടക്കുന്ന ഈ കെട്ടിടത്തിലാണ് കുട്ടികള്‍ വസ്ത്രങ്ങള്‍ മാറുന്നത്.
കുട്ടികള്‍ക്ക് ഉച്ചക്ക് ഭക്ഷണ സൗകര്യം സംഘാടകര്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ഇരുന്ന് കഴിക്കാനുള്ള സൗകര്യങ്ങളും കുറവായിരുന്നു.
എന്‍.സി.സി വോളന്റിയര്‍മാരെ എല്ലാ തവണയും വോളന്റിയര്‍മാരായി നിയമിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇക്കുറി ഇവരുടെ സേവനവും ലഭ്യമായില്ല. ക്ലാസ്സുള്ള ദിവസങ്ങളില്‍ കേഡറ്റുകളെ സേവനത്തിന് വിടാന്‍ പാടില്ലെന്ന് ഉത്തരവ്. എന്നാല്‍ ജൂനിയര്‍ റെഡ്‌ക്രോസ് കുട്ടികളുടെ സേവനം ലഭിച്ചു.
സംഘാടകരുടെയും അധ്യാപക പ്രതിനിധികളുടെയും പങ്കാളിത്തവും വളരെ കുറഞ്ഞിരുന്നു. താല്‍പര്യമില്ലാത്തമട്ടില്‍ നടക്കുന്ന മേളയെ ഒറ്റനോട്ടത്തില്‍ തോന്നുകയുള്ളൂ. വഴിപാട് രീതിയിലാണ് ഒരാകാര്യങ്ങളും നടക്കുന്നത്. യാതൊരു പരിശീലനവും ലഭിക്കാത്ത കുട്ടികളെയാണ് സ്‌കൂളുകളില്‍ നിന്നു മല്‍സരിപ്പിക്കാന്‍ കൊണ്ടുവന്നത്. ഓട്ട മല്‍സരങ്ങള്‍ തുടങ്ങമ്പോഴേ പലരും ക്ഷീണം കൊണ്ട് പിന്മാറുന്നത് കാണാമായിരുന്നു. മല്‍സരങ്ങളുടെ പ്രാഥമിക കാര്യങ്ങള്‍ പോലും പല കുട്ടികള്‍ക്കും അറിയില്ലായിരുന്നു.
അധികൃതരുടെ അവഗണന കാരണം സംസ്ഥാനതലങ്ങളില്‍ നടക്കുന്ന മല്‍സരങ്ങളില്‍ ജില്ല ഏറ്റവും പിന്നിലാവുന്നതും ജനങ്ങളുടെ വിമര്‍ശനത്തിന് ഇടയാക്കുന്നു.
ടെക്‌നിക്കല്‍ മാനേജര്‍ കൊറ്റനാട് എസ്.സി.വി.എച്ച്.എസിലെ സി എന്‍ രാജേഷ് സ്‌റ്റേഡിയത്തിലെത്താത്തതും വിമര്‍ശനങ്ങള്‍ക്കിടയാക്കി. എന്തായാലും അധ്യക്ഷ സ്ഥാനത്തുണ്ടാവേണ്ടിയിരുന്ന ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപ് ഉള്‍പ്പടെ പത്തനംതിട്ട നഗരസഭയില്‍ നിന്നുള്ള ഒരൊറ്റ ജനപ്രതിനിധിയും അങ്ങോട്ടെത്തി നോക്കിയില്ലെന്നുള്ളതും പറഞ്ഞറിയേണ്ടിയിരിക്കുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss