|    Jan 20 Fri, 2017 3:31 pm
FLASH NEWS

പത്തനംതിട്ടയില്‍ കോടതി സമുച്ചയം; ആറ് ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

Published : 1st July 2016 | Posted By: SMR

പത്തനംതിട്ട: കോടതി സമുച്ചയം നിര്‍മിക്കുന്നതിന് പത്തനംതിട്ട വില്ലേജിലെ 242.91 ആര്‍ (6 ഏക്കര്‍) സ്ഥലം വസ്തു ഉടമകളോട് കൂടിയാലോചിച്ച് വിലനിശ്ചയിക്കുന്നതിന് ജില്ലാ കലക്ടര്‍ ചെയര്‍മാനായ കമ്മിറ്റിയെ അധികാരപ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവിന്റെ പകര്‍പ്പ് ഹൈ ക്കോടതിയില്‍ ഹാജരാക്കി.
സ്ഥലം ഏറ്റെടുക്കാനുള്ള കലക്ടറുടെ നിര്‍ദേശം മാര്‍ച്ച് 21ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന സ്റ്റേറ്റ് ലെവല്‍ മോണിട്ടറിങ് കമ്മറ്റി അംഗീകരിച്ചിരുന്നു.
ധനകാര്യവകുപ്പ് സ്ഥലം ഏറ്റെടുക്കാനുള്ള നിര്‍ദേശത്തിന് ഏപ്രില്‍ 29ന് അംഗീകാരം നല്‍കി.
കൂടിയാലോചനയിലൂടെ സ്ഥലം ഏറ്റെടുക്കാന്‍ ജില്ലാ കലക്ടറെ അധികാരപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ഡിസ്ട്രിക്ട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. പീലിപ്പോസ് തോമസും സെക്രട്ടറി ബിജു എം തങ്കച്ചനും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹരജിയില്‍ ഒരുമാസത്തിനകം തീരുമാനം എടുക്കുവാന്‍ സര്‍ക്കാരിനോട് 2016 ജനുവരിയില്‍ നിര്‍ദേശിച്ചു.
കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ ഉത്തരവിറക്കാതിരുന്ന വീഴ്ചയ്ക്ക് ചീഫ് സെക്രട്ടറി, ഹോം സെക്രട്ടറി, റവന്യൂസെക്രട്ടറി എന്നിവര്‍ക്കെതിരേ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുവാന്‍ ജില്ലാ ബാര്‍ അസോസിയേഷന്‍ വീണ്ടും ഹൈക്കോടതിയില്‍ ഹരജി നല്‍കി.
ഇതിനെ തുടര്‍ന്നാണ് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
സ്ഥലം ഉടമകളുമായി കൂടിയാലോചന നടപടികള്‍ അടിയന്തരമായി ആരംഭിക്കണമെന്ന് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. പീലിപ്പോസ് തോമസും സെക്രട്ടറി അഡ്വ. ബിജു എം തങ്കച്ചനും ജില്ലാ കലക്ടര്‍ എസ് ഹരികിഷോറിനെ സന്ദര്‍ശിച്ച് ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 49 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക