|    Oct 16 Tue, 2018 8:56 am
FLASH NEWS
Home   >  Kerala   >  

പത്തനംതിട്ടയില്‍ ആറ് വില്ലേജുകളിലെ 1843 പട്ടയങ്ങള്‍ റദ്ദാക്കി

Published : 28th September 2017 | Posted By: shadina sdna

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ ആറ് വില്ലേജുകളിലെ 1843 പട്ടയങ്ങള്‍ റദ്ദാക്കി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് റവന്യൂ മന്ത്രിയായിരുന്ന അടൂര്‍ പ്രകാശ് വിതരണം ചെയ്ത പട്ടയങ്ങള്‍ നിയമപ്രകാരമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് റവന്യൂ വകുപ്പ് റദ്ദാക്കിയത്. ഈ ഭൂമി വനഭൂമിയാണന്നും പട്ടയം നല്‍കാന്‍ കഴിയില്ലന്നുമുള്ള വനം വകുപ്പിന്റെ ഉത്തരവ് മറികടന്നാണ് 4835 ഏക്കര്‍ സ്ഥലത്തിന് പട്ടയം നല്‍കിയത്. സീതത്തോട്, തണ്ണിത്തോട്, ചിറ്റാര്‍, കോന്നിതാഴം, അരുവാപ്പുലം കലഞ്ഞൂര്‍ വില്ലേജുകളിലെ 1843 പട്ടയങ്ങളാണ് റവന്യൂ വകുപ്പ് റദ്ദുചെയ്തത്. ഇതില്‍ സീതത്തോട്, തണ്ണിത്തോട്, ചിറ്റാര്‍ വില്ലേജുകളില്‍പ്പെട്ടവര്‍ക്ക് പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട് അന്നത്തെ കോന്നി തഹസീല്‍ദാര്‍ വനം വകുപ്പിനോട് റിപോര്‍ട്ട് തേടിയിരുന്നു. എന്നാല്‍ ഈ ഭൂമി വനഭൂമിയാണന്നും കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ പതിച്ചു നല്‍കാന്‍ കഴിയില്ലന്ന് കാണിച്ച് 2015 ഡിസംബര്‍ 2ന് റാന്നി ഡിഎഫ്ഒ ബി ജോസഫ് കോന്നി തഹസീല്‍ദാര്‍ക്ക് മറുപടി നല്‍കി.എന്നാല്‍ വനം വകുപ്പിന്റെ റിപ്പോര്‍ട്ട് മുഖവിലക്കെടുക്കാതെ റവന്യു വകുപ്പ് പട്ടയ നടപടികളുമായി മുന്നോട്ടു പോയി. 2016 ജനുവരി 26ന് പത്തനംതിട്ട ഗസ്റ്റ് ഹൗസില്‍ ജില്ലാകലക്ടര്‍ ഉള്‍പ്പടെയുള്ളവരുടെ യോഗം റവനന്യൂ മന്ത്രിയായിരുന്നഅടൂര്‍ പ്രകാശ് വിളിച്ചു. തുടര്‍ന്ന് കോന്നിയില്‍ ഭൂമി പതിവ് തഹസീല്‍ദാരുടെ ഓഫിസും തുറന്നു. ഈ ഓഫിസ് 41 26 കൈവശക്കാര്‍ക്കായി 4865 ഏക്കര്‍ ഭൂമി പട്ടയമായി നല്‍കാന്‍ തീരുമാനിച്ചു. ഇതില്‍ 1843 പേര്‍ക്ക് പട്ടയം അനുവദിച്ചു. 2016 ഫെബ്രുവരി 28ന് ചിറ്റാറില്‍ പട്ടയമേള സംഘടിപ്പിച്ച് അടൂര്‍ പ്രകാശ് തന്നെ 40 പട്ടയങ്ങള്‍ വിതരണം ചെയ്തു. ബാക്കിയുള്ളവ വിതരണത്തിനായി തയ്യാറാക്കി.എന്നാല്‍ പട്ടയം നല്‍കിയ ഭൂമി വനഭൂമിയാണന്ന് വനം വകുപ്പ് ഉറപ്പിച്ചതും കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ പട്ടയം നല്‍കിയ നടപടി സുപ്രിം കോടതി വിധിയുടെ ലംഘനവുമാണന്ന് കണ്ടതോടെയാണ് റവന്യൂ വകുപ്പ് പട്ടയം റദ്ദാക്കാന്‍ നടപടികള്‍ തുടങ്ങിയത്. ഇത് റിസര്‍വ് വനമായി നിലനില്‍ക്കുന്നതിനാല്‍ വനേതര ആവശ്യത്തിന് ഉപയോഗിക്കാന്‍ നിയമ തടസ്സമുണ്ടന്ന് കാട്ടി തുടര്‍ നടപടിക്ക് പത്തനംതിട്ട ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ ഉത്തരവിട്ടു. തുടര്‍ന്ന് കോന്നി തഹസീല്‍ദാര്‍ ടി ജി ഗോപകുമാര്‍ പട്ടയങ്ങള്‍ റദ്ദു ചെയ്യുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നിയമം ലംഘിച്ച് തയ്യാറാക്കിയ പട്ടയങ്ങള്‍ പട്ടയമേളയിലൂടെ വിതരണം നടത്തിയപ്പോള്‍ സംസ്ഥാന ഖജനാവിന് ലക്ഷങ്ങളാണ് നഷ്ടമായത്. കുടിയേറ്റക്കാരുടെ മറവില്‍ ഒട്ടേറെ മത സ്ഥാപനങ്ങള്‍ക്കും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പട്ടയം നല്‍കിയിരുന്നു

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss