|    Dec 17 Sun, 2017 3:25 pm
FLASH NEWS

പതിറ്റാണ്ടിലേറെയായി തരിശ്ശിട്ടിരിക്കുന്ന പാടശേഖരങ്ങളില്‍ കൃഷിയിറക്കാനാവാതെ കര്‍ഷകര്‍

Published : 9th July 2016 | Posted By: SMR

മാള: പതിറ്റാണ്ടിലേറെയായി തരിശ്ശിട്ടിരിക്കുന്ന പാടശേഖരങ്ങളില്‍ കൃഷിയിറക്കാന്‍ കുടുംബശ്രീകളും പുരുഷ സ്വയം സഹായ സംഘങ്ങളും തയ്യാറായിട്ടും ഭൂഉടമകള്‍ പാടശേഖരങ്ങള്‍ പാട്ടത്തിന് നല്‍കാന്‍ തയ്യാറാവുന്നില്ലെന്ന് പരാതി.
കുഴൂര്‍ ഗ്രാമപ്പഞ്ചായത്തിലെ എരവത്തൂര്‍ പാടശേഖരങ്ങളിലും തിരുമുക്കുളം പാടശേഖരത്തിലുമാണ് അനിശ്ചിതത്ത്വം നിലനില്‍ക്കുന്നത്. ഒരു പതിറ്റാണ്ടിലേറെയായി തരിശ്ശിട്ടിരിക്കുകയാണീ പാടശേഖരങ്ങള്‍. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് വന്നതിനെ തുടര്‍ന്നും കേരളത്തെ വെട്ടി മുറിക്കുന്ന എക്‌സ്പ്രസ് വേക്കുള്ള ആലോചനകള്‍ സര്‍ക്കാര്‍ തലത്തില്‍ കൊണ്ടുപിടിച്ചപ്പോഴുമാണ് എരവത്തൂര്‍ പാടശേഖരങ്ങളിലെയടക്കം ഹെക്റ്ററുകണക്കിന് പാടശേഖരങ്ങളിലെ ഭൂമികള്‍ മോഹവിലക്ക് ബിനാമികള്‍ തട്ടിയെടുത്തത്.
അതുവരെ മൂന്ന് പൂവും സജീവമായി കൃഷിയിറക്കിയിരുന്ന പാടശേഖരങ്ങളില്‍ പിന്നീട് യാതൊരു കൃഷിയും ചെയ്തിട്ടില്ല. പുല്ല് നിറഞ്ഞ് തരിശ്ശായി കിടക്കുകയാണ് പൊന്നു വിളയുന്ന ഹെക്റ്ററുകണക്കിന് പാടശേഖരങ്ങള്‍.
കുടുംബശ്രീകളും പുരുഷ സ്വയം സഹായ സംഘങ്ങളും കൃഷി വകുപ്പു—ദ്ദ്യോഗസ്ഥരും ഭൂവുടമകളോട് നിരന്തരം ആവശ്യപ്പെട്ടിട്ടും പാട്ടത്തിന് ഭൂമി വിട്ടു നല്‍കാന്‍ അവരാരും തന്നെ തയ്യാറാവുന്നില്ല. തിരുമുക്കുളം പാടശേഖരങ്ങളിലാണെങ്കില്‍ സ്ഥലങ്ങളുടെ ഉടമകള്‍ ആരൊക്കെയെന്ന് അറിയാത്തതാണ് വിനയാകുന്നത്.
50 ഏക്കറിലധികം വരുന്ന പാടശേഖരങ്ങളില്‍ അഞ്ച് വര്‍ഷം മുന്‍പ് വരെ കൃഷിയിറക്കിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. കൃഷിക്ക് ഏറെ അനുയോജ്യമായ ഈ പാടശേഖരങ്ങളള്‍ തരിശ്ശായി കിടക്കുന്നത് കൃഷിയെ സ്‌നേഹിക്കുന്നവരെ വേദനയിലാഴ്തുകയാണ്. ഭൂമി പാട്ടത്തിന് എടുത്തോ സ്വന്തമായ ഭൂമിയിലോ കൃഷിയിറക്കിയാല്‍ മാത്രമാണ് തരിശ് ഭൂമിയില്‍ കൃഷിയിറക്കുന്നതിനായുള്ള സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാകൂ.
വിത്തും വളവും സബ്‌സിഡി നിരക്കില്‍ ലഭിച്ചാലേ തരിശ് ഭൂമിയിലെ കൃഷി നടത്താനാകൂ. തരിശ് നിലങ്ങള്‍ നെല്‍ കൃഷിക്കായി ഒരുക്കണമെങ്കില്‍ ഹെക്റ്ററിന് മുപ്പതിനായിരം രൂപ വരെ വേണ്ടി വരുമെന്നാണ് കൃഷിവകുപ്പ് അധികൃതരുടെ കണക്ക്.
ഇതിന് പുറമേ വിത്തിനും വളത്തിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഭാരിച്ച ചെലവ് വേറേയുംവരും. സര്‍ക്കാരിന്റെ സബ്‌സിഡി ലഭ്യമായാല്‍ മാത്രമാണ് നെല്‍കൃഷി ചെയ്യുന്നവര്‍ക്ക് ഗുണപ്രദമാകുകയുള്ളൂ എന്നും അധികൃതര്‍ പറയുന്നു. പ്രശ്‌ന പരിഹാരത്തിനായി അഡ്വ. വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരിക്കയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss