|    Apr 19 Thu, 2018 9:32 pm
FLASH NEWS

പതിമൂന്ന് നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ അഞ്ചുവര്‍ഷവും മാറ്റമുണ്ടാവില്ല: മന്ത്രി

Published : 30th August 2016 | Posted By: SMR

കാഞ്ഞങ്ങാട്: പതിമൂന്നിനം നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ അഞ്ച് വര്‍ഷവും മാറ്റമുണ്ടാകില്ലെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. പ്രകടന പത്രികയില്‍ നല്‍കിയ ഈ വാഗ്ദാനം സര്‍ക്കാര്‍ പാലിക്കും. ഓണക്കാലത്ത് സപ്ലൈകോ സബ്‌സിഡി നല്‍കുന്നതിന് 81.32 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
പൊതുവിതരണ മേഖലയ്ക്ക് കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച 75 കോടി രൂപയ്ക്ക് പകരം 150 കോടി രൂപയാണ് ആദ്യ മന്ത്രിസഭാ യോഗത്തില്‍ പ്രഖ്യാപിച്ചതെന്ന് മന്ത്രി പറഞ്ഞു.  ഒടയംചാലിലെ സപ്ലൈകോ മാവേലി സ്റ്റോര്‍ സൂപ്പര്‍മാര്‍ക്കറ്റായി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാവേലി സ്റ്റോറുകളില്‍ നിത്യോപയോഗ സാധനങ്ങള്‍ ഉറപ്പുവരുത്തുന്നതിന് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കും. മാവേലി സ്റ്റോറുകള്‍ വഴി വിതരണം ചെയ്യുന്ന സബ്‌സിഡി ഇതര സാധനങ്ങള്‍ പൊതുമാര്‍ക്കറ്റിലേതിനേക്കാള്‍ വിലക്കുറവില്‍ വില്‍ക്കും.
ഇതില്‍ നിന്ന് ലഭിക്കുന്ന നേരിയ ലാഭം സപ്ലൈകോയുടെ സബ്‌സിഡി നല്‍കുന്നതിന് ഉപയോഗിക്കും. സമൂഹത്തിന്റെ പൊതുവായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തിരമായി ഇടപെടും. സംസ്ഥാനത്തെ 37 ലക്ഷം പേര്‍ക്ക് സാമൂഹിക ക്ഷേമ പെന്‍ഷന്‍ നല്‍കുന്നതിന് 3000 കോടി രൂപയാണ് നീക്കി വച്ചിട്ടുള്ളത്. ഇത് കൃത്യസമയത്ത് ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കും. സംസ്ഥാനത്തെ ഭൂപ്രശ്‌നം പരിഹരിക്കുന്നതിന് റവന്യൂ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി നിലവിലുള്ള നിയമത്തിന് വിധേയമായി അര്‍ഹതയുള്ളവര്‍ക്കെല്ലാം ഭൂമി കൊടുക്കും. ജില്ലയിലെ പിഎച്ച്‌സികളില്‍ പരമാവധി ഡോക്ടര്‍മാരെ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു.
ഒടയംചാല്‍ വെള്ളരിക്കുണ്ട് റോഡില്‍ ചെമ്മങ്ങാട്ട് ബില്‍ഡിങില്‍ നടന്ന ചടങ്ങില്‍ കോടോം-ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍ കംപ്യൂട്ടര്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഇ പത്മാവതി ബിപിഎല്‍ വിഭാഗങ്ങള്‍ക്കുള്ള ഓണക്കിറ്റ് വിതരണം ചെയ്തു.
കോടോം-ബേളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എല്‍ ഉഷ, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ടി വി ഉഷ, കെ ഭൂപേഷ്, എ സി മാത്യു, പരപ്പ ബ്ലോക്ക്പഞ്ചായത്ത് അംഗങ്ങളായ ടി ബാബു, പി ദാമോദരന്‍, പഞ്ചായത്ത് അംഗങ്ങളായ ടി പി സുമിത്ര, പി അമ്പാടി, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ ടി കോരന്‍, എം കുമാരന്‍, ബാബു കദളിമറ്റം, കെ പി മുഹമ്മദ്, അബ്രഹാം തോണക്കര, കെ രാജീവ് കുമാര്‍, എം കെ  ശശിധരന്‍, സപ്ലൈകോ കോഴിക്കോട് റീജ്യണല്‍ മാനേജര്‍ കെ രാജീവ്, ജില്ലാ സപ്ലൈ ഓഫിസര്‍ എം വിജയന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss