|    Dec 14 Fri, 2018 6:35 am
FLASH NEWS

പതിനായിരം കുരുന്നുകള്‍ നാളെ അക്ഷരമുറ്റത്തേക്ക്

Published : 31st May 2017 | Posted By: fsq

 

തൊടുപുഴ: വേനലവധിക്ക് വിടനല്‍കി വീണ്ടുമൊരു അധ്യയനവര്‍ഷത്തിന് സ്‌കൂളുകളൊരുങ്ങി. ഈ വര്‍ഷം പുതുതായി 10,000 കുട്ടികളാണ് ഒന്നാം ക്ലാസില്‍ എത്തുകയെന്നാണു വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. പുതിയ കൂട്ടുകാരെ വരവേല്‍ക്കാനുള്ള തയാറെടുപ്പിലാണു സ്‌കൂളധികൃതര്‍. ജില്ലയില്‍ സ ര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകള്‍ ഉള്‍പ്പെടെ 465 വിദ്യാലയങ്ങളാണുള്ളത്. ഇവയിലെല്ലാം കൂടി ഒരു ലക്ഷത്തോളം വിദ്യാര്‍ഥികളാണു പഠിക്കുന്നത്. ജില്ലാതല പ്രവേശനോത്സവം നാളെ അമരാവതി ജിഎച്ച്എസ്എസില്‍ രാവിലെ 10നു നടക്കും. ബ്ലോക്കുതല പ്രവേശനോത്സവം അതതു ബ്ലോക്കില്‍ നടക്കും. ഇതു കൂടാതെ എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം നടക്കും. പുതുതായി എത്തുന്ന കൂട്ടുകാരെ മധുരപലഹാരവും മധുരപ്പെട്ടിയുമായി സ്‌കൂള്‍ അധികൃതര്‍ വരവേല്‍ക്കും. ബലൂണുകളും സമ്മാനിക്കും. ഇതിനുശേഷം പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം സ്‌കൂളുകളില്‍ നടക്കും. തുടര്‍ന്നു കുട്ടികളുടെ കലാപരിപാടികള്‍. ഉച്ചയ്ക്കു പായസസദ്യ. പ്രവേശനോത്സവത്തിന്റെ നടത്തിപ്പിനായി ജില്ലയിലെ ഓരോ സ്‌കൂളിനും ആയിരം രൂപ വീതമാണ് വിദ്യാഭ്യാസവകുപ്പ് അനുവദിച്ചിരിക്കുന്നത്. അറിവിന്റെ ആദ്യാക്ഷരം കുറിക്കാനെത്തുന്ന പുതിയ കൂട്ടുകാരെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണു ജില്ലയിലെ സ്‌കൂളുകള്‍. നിറക്കൂട്ടുകളുടെ വര്‍ണ വിസ്മയങ്ങള്‍ തീര്‍ത്താണ് സ്‌കൂള്‍ നഴ്‌സറികള്‍ ഒരുങ്ങുന്നത്. മുന്‍പ് അണ്‍ എയ്ഡഡ് സ്‌കൂളുകളുടെ നഴ്‌സറി ക്ലാസുകളില്‍ മാത്രം കണ്ടിരുന്ന വരകളുടെ ലോകം ഇപ്പോള്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളുടെ ക്ലാസ് മുറികളിലേക്കുമെത്തി. ഒട്ടുമിക്ക സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും ഇപ്പോള്‍ പ്ലേ സ്‌കൂള്‍, എല്‍കെജി ക്ലാസുകളുണ്ട്. ഇവിടെ എത്തുന്ന കുട്ടികള്‍ക്കായി അവരുടെ ഇഷ്ടകഥാപാത്രങ്ങളായ മായാവിയും കുട്ടൂസനും ലുട്ടാപ്പിയും ഡോറയും ഒക്കെയുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് ആര്‍ട്ടിസ്റ്റുകളെ എത്തിച്ചുവരെ ക്ലാസ് മുറികളിലെ വരകള്‍ ചിലര്‍ മനോഹരമാക്കി. ചോര്‍ന്നൊലിക്കുന്ന ഓടുകള്‍ മാറ്റിയും നിറംമങ്ങിയ ചുമരുകളിലെ വിള്ളലുകള്‍ അടച്ചു ചായം പൂശിയും കുട്ടികളെ സ്വീകരിക്കാനുള്ള തിരക്കിലാണ് സ്‌കൂള്‍ അധികൃതര്‍. നാളേക്കകം ജില്ലയിലെ എല്ലാ സ്‌കൂളുകളിലെയും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കണമെന്നാണു വിദ്യാഭ്യാസവകുപ്പിന്റെ നിര്‍ദേശം. ഇതു കണക്കിലെടുത്തു സ്‌കൂളുകളില്‍ രാവും പകലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.  അറ്റകുറ്റപ്പണികള്‍ക്കായി സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കു തദ്ദേശ സ്ഥാപനങ്ങളാണു തുക അനുവദിക്കുക. എയ്ഡഡ് സ്‌കൂളുകളില്‍ മെയിന്റനന്‍സ് ഗ്രാന്റ് പ്രത്യേകമായി അനുവദിക്കുന്നുണ്ട്. ജില്ലയിലെ സ്‌കൂളുകളിലെ ഫിറ്റ്‌നസ് പരിശോധന പ്രവേശനോത്സവത്തിനു മുന്‍പു പൂര്‍ത്തിയാക്കണമെന്നാണു നിര്‍ദേശം. ഇതിനായി ഹെഡ്മാസ്റ്റര്‍മാര്‍, പ്രിന്‍സിപ്പല്‍മാര്‍ എന്നിവര്‍ക്കു കര്‍ശന നിര്‍ദേശമാണ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ എ അബൂബേക്കര്‍ നല്‍കിയിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss