|    May 22 Tue, 2018 1:34 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

പണ്ഡിറ്റുകളുടെ പലായനം

Published : 22nd November 2016 | Posted By: SMR

slug-kashmirറെനി ഐലിന്‍

കശ്മീരിലെ യുവാക്കളെ ഞാന്‍ മുമ്പു പോയപ്പോഴും ഇപ്പോഴും ശ്രദ്ധിച്ചപ്പോള്‍ മനസ്സിലായത്, അവരുടെ രാഷ്ട്രീയബോധ്യത്തിനോ കാഴ്ചപ്പാടിനോ ഒരു മാറ്റവും വന്നിട്ടില്ല എന്നതാണ്. ആസാദി, സ്വയംഭരണം എന്നീ കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ഇത്തവണ കശ്മീര്‍ പോലിസിനെതിരേ പരക്കെ അക്രമം നടന്നല്ലോ എന്നു ചോദിച്ചപ്പോള്‍ പലരും പറഞ്ഞത് ഇങ്ങനെയാണ്: പോലിസാണ് അര്‍ധസൈനികര്‍ക്കും സൈനികര്‍ക്കും വഴികാട്ടുന്നത്. മാത്രമല്ല, ഞങ്ങളുടെ കുട്ടികള്‍ക്കെതിരേ ഭീകരനിയമം പിഎസ്എ (പബ്ലിക് സേഫ്റ്റി ആക്ട്) ചുമത്തുന്നത് ഇവരാണ്. അതിന്റെ പേരുപറഞ്ഞ് ആണ്‍കുട്ടികളുള്ള എല്ലാ വീടുകളിലും കയറി പോലിസ് പണം ആവശ്യപ്പെടുന്നു. മാത്രമല്ല, കുട്ടികളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന രീതി ഇപ്പോള്‍ സാധാരണമായിക്കഴിഞ്ഞു. വീടിനകത്തിരുന്ന ഇന്‍ഷാ മാലിക് എന്ന പെണ്‍കുട്ടിയാണ് പെല്ലറ്റ് കൊണ്ട് പരിപൂര്‍ണ അന്ധയായി മാറിയത്. കാവേരി നദീജല തര്‍ക്കത്തില്‍ എത്ര കോടി രൂപയുടെ വാഹനങ്ങളും കടകളുമാണ് കത്തിച്ചുകളഞ്ഞത്. ഇന്ത്യയിലെ രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്‌നത്തില്‍ കേന്ദ്രം എത്ര അനുനയത്തോടെയാണ് ഇടപെട്ടത്. ആരെയെങ്കിലും വെടിവച്ചുകൊന്നോ? പൊട്ടിത്തെറിച്ചുകൊണ്ട് ഹുസയ്ന്‍ എന്ന കോളജ് വിദ്യാര്‍ഥി ചോദിക്കുന്നു.
ഹാഷിം ദീര്‍ഘകാലമായി വാദ്യോപകരണങ്ങള്‍ വിതരണം ചെയ്യുന്ന ഒരു കമ്പനിയുടെ സെയില്‍സ് എക്‌സിക്യൂട്ടീവാണ്. കശ്മീരിലെ പ്രശ്‌നങ്ങളെ ആഴത്തില്‍ പഠിക്കുന്ന ഒരു ചരിത്രവിദ്യാര്‍ഥി. മറ്റേതൊരു കശ്മീരിയെയും പോലെ സ്വയംഭരണം സ്വപ്‌നം കാണുന്ന ഒരു യുവാവ്. ഇത്തവണ വിലപ്പെട്ടതും പ്രസക്തവുമായ കാര്യങ്ങള്‍ പറഞ്ഞുതന്നതും ഹാഷിമാണ്. അതുകൊണ്ടുതന്നെ വിവാദമായ പണ്ഡിറ്റ് പ്രശ്‌നത്തില്‍ നിന്നു തന്നെ തുടങ്ങി. നിങ്ങള്‍ പണ്ഡിറ്റുകളുടെ പ്രശ്‌നം ചോദിച്ച സ്ഥിതിക്ക് 90കളുടെ പോരാട്ടം മുതല്‍ പറഞ്ഞാലേ കാര്യങ്ങള്‍ മനസ്സിലാവൂ. 90കളിലെ തെറ്റ് ഇനി ഞങ്ങള്‍ ആവര്‍ത്തിക്കില്ല. അന്ന് എല്ലാ കശ്മീരികളും വിചാരിച്ചത് ഒരുമാസത്തിനുള്ളില്‍ സ്വാതന്ത്ര്യം കിട്ടുമെന്നാണ്. എല്ലാവരുടെയും കൈയില്‍ തോക്കും ഉണ്ടായിരുന്നു. പക്ഷേ, അതുതന്നെയാണ് ചില പ്രശ്‌നങ്ങള്‍ക്കും വഴിവച്ചത്. സായുധസംഘടനകള്‍ സംസ്ഥാന-കേന്ദ്ര രഹസ്യാന്വേഷണവിഭാഗത്തിലെ പണ്ഡിറ്റുകളുടെ കൃത്യമായ വിവരം ശേഖരിച്ച് അവരെ കൊന്നു എന്നത് സത്യമാണ്. പക്ഷേ, ചിലര്‍ നിരപരാധികളായ പണ്ഡിറ്റുകളെയും കൊന്നു. പക്ഷേ, പലായനത്തിന് പ്രധാന കാരണമായത് ഇതൊന്നുമല്ല. ജഗ്‌മോഹന്‍ (അടിയന്തരാവസ്ഥയിലെ തുര്‍ക്ക്മാന്‍ ഗേറ്റ് ഫെയിം) ഗവര്‍ണറായി സ്ഥാനമേറ്റപ്പോള്‍ പണ്ഡിറ്റ് പൗരപ്രമുഖരെ കണ്ട് രഹസ്യമായി നടത്തിയ സംഭാഷണത്തില്‍ താഴ്‌വരയില്‍ ഒരു മുസ്‌ലിം വംശഹത്യ നടത്താനാണ് കേന്ദ്രം പദ്ധതിയിടുന്നതെന്നും അതിനാല്‍ പണ്ഡിറ്റുകള്‍ സ്ഥലം വിടുന്നതാണു നല്ലതെന്നും ഉപദേശിച്ചു. പലര്‍ക്കും ഡല്‍ഹിയില്‍ താമസസൗകര്യവും സര്‍ക്കാര്‍ ജീവനക്കാരായവര്‍ക്കു ശമ്പളവും വാഗ്ദാനം ചെയ്തു. പക്ഷേ, ജഗ്‌മോഹന്‍ വിചാരിച്ചപോലെ കാര്യങ്ങള്‍ നടന്നില്ല.
(സാഹിറുദ്ദീന്‍ എന്ന പത്രപ്രവര്‍ത്തകന്‍ എഴുതിയ ‘ഫഌഷ് ബാക്ക്’ എന്ന കൃതിയില്‍ 1990 ജനുവരി 20ന് ജഗ്‌മോഹന്‍ കശ്മീരിലെ ജനങ്ങളോട് നടത്തിയ ഒരു ടെലിവിഷന്‍ പ്രക്ഷേപണം പരാമര്‍ശിക്കുന്നുണ്ട്. ഭീഷണിയായിരുന്നു ഗവര്‍ണറുടെ വാക്കുകളില്‍ മുഴുവന്‍ നിഴലിച്ചത്. പിറ്റേന്ന് ജനങ്ങള്‍ ലാല്‍ചൗക്കിലേക്കു പ്രതിഷേധ മാര്‍ച്ച് നടത്തി. ജഗ്‌മോഹന്‍ വാക്ക് ‘തെറ്റിച്ചില്ല.’ 52 പേരെ സിആര്‍പിഎഫ് വെടിവച്ചുകൊന്നു. 250 പേര്‍ക്കു പരിക്കേറ്റു.)
നമുക്ക് 90കളിലേക്കു മടങ്ങാം. അന്ന് ഞങ്ങളാരും വ്യാപകമായി ഒരു അതിക്രമവും പണ്ഡിറ്റുകള്‍ക്കെതിരേ നടത്തിയില്ല. കഴിഞ്ഞ 25 വര്‍ഷത്തിനിടയ്ക്ക് 256 പണ്ഡിറ്റുകളാണ് വധിക്കപ്പെട്ടത്. പിന്നെ എങ്ങനെയാണ് ഇന്ത്യയിലെ മാധ്യമങ്ങള്‍ക്കിത് ലക്ഷങ്ങളായത് എന്ന് എനിക്കറിയില്ല- ഹാഷിം പറയുന്നു.
ഇന്ന് പോരാട്ടത്തിന്റെ രൂപഭാവങ്ങളില്‍ വ്യത്യാസമുണ്ട്. 90 അല്ല 2016. 1998ല്‍ വന്ദാമ എന്ന സ്ഥലത്ത് 23 പണ്ഡിറ്റുകളെ കൊന്നത് ഹിസ്ബുല്‍ മുജാഹിദീനോ മറ്റ് സായുധഗ്രൂപ്പുകളോ അല്ല. അത് ഇന്ത്യന്‍സേന തന്നെയാണ് ചെയ്തത്. ഉദ്ദേശ്യം എന്തായിരുന്നുവെന്നു വ്യക്തമല്ലേ? 2000 മാര്‍ച്ച് 20ന് ചത്തീസ്പുരയില്‍ 36 സിഖുകാരെ കൂട്ടക്കൊല നടത്തിയതിന്റെ പിന്നില്‍ ആരാണെന്ന് ഇന്നു നമുക്കറിയാം. ഇവിടെ നടക്കുന്നതൊന്നും പുറംലോകം അറിയുന്നില്ല.
നിങ്ങള്‍ വിചാരിക്കുന്നപോലെ ഇവിടെ മുഴുവന്‍ ‘പണ്ഡിറ്റ് രഹിത താഴ്‌വര’ ഒന്നുമല്ല. ഇപ്പോള്‍ സമരം നൂറ് പിന്നിട്ടല്ലോ. കടകള്‍ തുറക്കുന്നുമില്ല. എന്റെ വീടിനടുത്ത് താമസിക്കുന്ന വൃദ്ധദമ്പതികള്‍ക്ക് സാധനങ്ങള്‍ വാങ്ങിക്കൊടുക്കുന്നതും സഹായിക്കുന്നതും എല്ലാം ഞാനാണ്. വിവാഹങ്ങള്‍, മരണങ്ങള്‍ ഇവയെല്ലാം നടക്കുമ്പോള്‍ പണ്ഡിറ്റുകളെ സഹായിക്കുന്നത് സമീപവാസികളായ മുസ്‌ലിംകളാണ്. പ്രശ്‌നങ്ങള്‍ ഇത്രയുമുണ്ടായിട്ടും കശ്മീരിലെ ഏതെങ്കിലും ക്ഷേത്രം ആക്രമിക്കപ്പെട്ടതായി നിങ്ങള്‍ എവിടെയെങ്കിലും വായിച്ചോ?
(ഞാന്‍ ലാല്‍ചൗക്കിനു സമീപമുള്ള റെസിഡന്‍സി റോഡിലൂടെ നടക്കുമ്പോള്‍ ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. അവിടത്തെ ക്ഷേത്രത്തിനു സമീപം കാവല്‍പ്പുരകളോ കവചിതവാഹനങ്ങളോ കണ്ടില്ല. ഡൗണ്‍ ടൗണിലെ ഗുരുദ്വാരയിലും കാവലില്ലായിരുന്നു).

      (അവസാനിക്കുന്നില്ല)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss