|    May 26 Fri, 2017 10:17 pm
FLASH NEWS

പണ്ഡിതരുടെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് വഖ്ഫ് സംരക്ഷണവേദി

Published : 2nd July 2016 | Posted By: SMR

കൊച്ചി: വഖ്ഫുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ തീരുമാനങ്ങളെ വിമര്‍ശിച്ചും പിഎസ്‌സി വഴിയുള്ള നിയമനങ്ങളെ എതിര്‍ത്തും ചില മതപണ്ഡിതന്‍മാര്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കേരളാ വഖ്ഫ് സംരക്ഷണവേദി സംസ്ഥാന കമ്മിറ്റി.
വഖ്ഫ് ബോര്‍ഡ് നിയമനങ്ങളിലൂടെ കോടികള്‍ തട്ടിയവരേയും വഖ്ഫ് സ്വത്തുക്കള്‍ വിറ്റ് കുബേരന്മാരായവരേയും ഇക്കാലമത്രയും സംരക്ഷിച്ചുപോന്നിട്ടുള്ള തല്‍പര രാഷ്ട്രീയ കക്ഷികളെ സഹായിക്കാനാണ് ഇതിലൂടെ ചിലര്‍ ലക്ഷ്യമിടുന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു. കേരളത്തില്‍ അന്യാധീനപ്പെട്ട വഖ്ഫ് സ്വത്തുക്കള്‍ തിരിച്ചുപിടിക്കാനും വഖ്ഫ് അഴിമതികള്‍ തടയാനും സത്വരനടപടികള്‍ സ്വീകരിക്കുമെന്ന വഖ്ഫ് മന്ത്രി കെ ടി ജലീലിന്റെ പ്രഖ്യാപനം സ്വാഗതാര്‍ഹമണ്.
രണ്ടുലക്ഷത്തില്‍പരം കോടിരൂപയുടെ വഖ്ഫ് അഴിമതികള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ മുമ്പില്‍ വഖ്ഫ് സംരക്ഷണവേദി രേഖാമൂലം ചൂണ്ടിക്കാട്ടിയിട്ടും ഒരു നടപടിയും എടുത്തിരുന്നില്ലെന്ന വസ്തുതയെ വിസ്മരിക്കുന്നതും നിയമനങ്ങളില്‍ വന്‍ അഴിമതി നടന്നിട്ടുള്ളതിനെ കണ്ടില്ലെന്നു നടിക്കുന്നതും പണ്ഡിതോചിത നടപടിയല്ലെന്നും യോഗം അഭിപ്രായപ്പെട്ടു. സത്യസന്ധരായ ആളുകള്‍ ലാഭേച്ഛയില്ലാതെ ദൈവത്തിനു സമര്‍പിച്ച വഖ്ഫ് സ്വത്തുക്കള്‍ അര്‍ഹതയില്ലാതെ സ്വന്തമാക്കി വരുമാനം കൊയ്യുന്ന സകല വഖ്ഫ് കൊള്ളക്കാര്‍ക്കും അതിനു കൂട്ടുനില്‍ക്കുന്ന വഖ്ഫ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കും വഖ്ഫ് മന്ത്രിയുടെ പ്രസ്താവന ആശങ്കപരത്തിയിട്ടുണ്ട്.
വഖ്ഫ് ന്യൂനപക്ഷ വകുപ്പുകള്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ ഏകീകരിക്കാനുള്ള സര്‍ക്കാര്‍ നയം നല്ല ചുവടുവയ്പാണെന്ന് യോഗം അഭിപ്രായപ്പെട്ടു. കേരളത്തിലെ വഖ്ഫ് കൊള്ളയെക്കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ വഖ്ഫ് മന്ത്രി മുമ്പാകെ സമര്‍പ്പിക്കുവാന്‍ യോഗം സംസ്ഥാന പ്രസിഡന്റ് ടി എം അബ്ദുല്‍സലാം പട്ടാളത്തെ ചുമതലപ്പെടുത്തി.
കേരളത്തിലെ വഖ്ഫ് വില്‍പനയും കൈമാറ്റവും മറ്റ് നിയമവിരുദ്ധ വഖ്ഫ് കൊള്ളയെക്കുറിച്ചും അറിയാവുന്നവര്‍ വിവരം സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ സലാം(ഫോണ്‍: 9388603107), വൈസ് പ്രസിഡന്റ് റഷീദ് അറയ്ക്കല്‍(ഫോണ്‍: 9895603419) എന്നിവരെ അറിയിക്കണമെന്ന് യോഗം അഭ്യര്‍ഥിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day