|    Jan 22 Sun, 2017 9:59 pm
FLASH NEWS

പണി പൂര്‍ത്തിയായിട്ടും കക്കടവ് പാലം ഉദ്ഘാടനം വൈകുന്നു

Published : 20th February 2016 | Posted By: SMR

മാനന്തവാടി: ദശാബ്ദങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കക്കടവ് പാലം പണി പൂര്‍ത്തിയാക്കിയിട്ടും ഉദ്ഘാടനം നടത്താനാവാതെ അധികൃതര്‍. പാലത്തിനോട് ചേര്‍ന്നുള്ള അപ്രോച്ച് റോഡുകളുടെ നിര്‍മാണം വൈകിയതും പാലവുമായി ബന്ധപ്പെട്ട് കിടക്കുന്ന മൂന്നു റോഡുകള്‍ തകര്‍ന്നു കിടക്കുന്നതും നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കുമെന്ന ഭയം കാരണമാണ് ഇന്നു നടത്താനിരുന്ന ഉദ്ഘാടന പരിപാടിയില്‍ നിന്ന് അധികൃതര്‍ പിന്മാറിയത്.
2003 മുതലാണ് മൂന്നു പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന സുപ്രധാന പാലത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍ നാട്ടുകാര്‍ തുടങ്ങിയത്. കോട്ടത്തറ, പടിഞ്ഞാറത്തറ, വെള്ളമുണ്ട പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും കരിങ്ങാരി, കൊമ്മയാട്, കക്കടവ്, പാലയാണ, മുണ്ടക്കുറ്റി, വേങ്ങേരിക്കുന്ന്, എടത്തറ പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് പ്രയോജന പ്രദവുമായ പാലത്തിനായി മാറി മാറി വന്ന തിരഞ്ഞെടുപ്പുകളില്‍ വോട്ട് ബഹിഷ്‌കരണമുള്‍പ്പെടെയുള്ള തന്ത്രങ്ങള്‍ പ്രദേശവാസികള്‍ നടത്തിയിരുന്നു.
കഴിഞ്ഞ ഇടതുമുന്നണി ഭരണകാലത്ത് പാലത്തിനായി ഒരു കോടി രൂപ വകയിരുത്തിയെങ്കിലും എസ്റ്റിമേറ്റ് തുക മുഴുവനില്ലാത്തതിനാല്‍ ടെന്‍ഡര്‍ നടത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നു വന്ന യുഡിഎഫ് സര്‍ക്കാര്‍ 2003ലാണ് എസ്റ്റിമേറ്റ് തുകയായ 4.8 കോടി രൂപ പാലത്തിനായി അനുവദിച്ചത്. ഇതേ വര്‍ഷം തന്നെ പാലത്തിന്റെ തറക്കല്ലിടല്‍ കര്‍മം കല്‍പ്പറ്റയില്‍ മുഖ്യമന്ത്രി നിര്‍വഹിക്കുകയും ചെയ്തു. ഒന്നര വര്‍ഷത്തിനകം പൂര്‍ത്തിയാക്കേണ്ടിയിരുന്ന പാലം കരാറുകാരന്റെ അനാസ്ഥ കാരണം മൂന്നു വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയായത്. എന്നാല്‍, അപ്രോച്ച് റോഡുകളുടെ നിര്‍മാണത്തിന് ഫണ്ടില്ലാത്തതിനാല്‍ പാലം തുറന്നു നല്‍കാന്‍ കഴിയാത്ത നിലയിലാണ്. ഇതോടൊപ്പം തരുവണയില്‍ നിന്നു കക്കടവ് പാലം വരെയുള്ള റോഡിന്റെ കൂടുതല്‍ ഭാഗവും തകര്‍ന്നിരിക്കുകയാണ്.
ഇതു നവീകരിക്കാനായി 30 ലക്ഷം രൂപ മന്ത്രി പി കെ ജയലക്ഷ്മിയുടെ ഫണ്ടില്‍ നിന്ന് അനുവദിച്ചെന്നു പറയുന്നുണ്ടെങ്കിലും ഇതുവരെയും ഭരണാനുമതി നല്‍കിയില്ലെന്നാണ് അറിയുന്നത്. പാലം കടന്ന് മുണ്ടക്കുറ്റിയിലേക്കും ചേര്യംകൊല്ലിയിലേക്കുമുള്ള റോഡുകളും തകര്‍ന്നു കിടക്കുകയാണ്. അപ്രോച്ച് റോഡില്‍ സോളിങ് പോലും നടത്തിയിട്ടില്ല. ഇതിനിടെ ഇന്നു ജില്ലയിലെത്തുന്ന പൊതുമരാമത്ത് മന്ത്രിയെക്കൊണ്ട് പാലം ഉദ്ഘാടനം നടത്താനുള്ള നീക്കമാണ് നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്നു മാറ്റിയത്. അടുത്തമാസം തിരഞ്ഞെടുപ്പ് വിജ്ഞാപനമുണ്ടാവുമെന്നിരിക്കെ, ഇക്കാലയളവില്‍ പണി പൂര്‍ത്തിയാക്കാനാണ് പൊതുമരാമത്ത് വകുപ്പിന്റെ നീക്കം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 45 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക