|    Apr 24 Tue, 2018 10:40 am
FLASH NEWS
Home   >  Todays Paper  >  page 12  >  

പണിയെടുത്താല്‍ പോരാ, മലയാളവും പഠിക്കണം

Published : 23rd September 2016 | Posted By: SMR

എച്ച് സുധീര്‍

തിരുവനന്തപുരം: കേരളത്തിലെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ ഇനിമുതല്‍ പണിയെടുത്താല്‍ മാത്രം പോരാ, മലയാളവും ഹിന്ദിയും പഠിക്കണം. സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തിലാണ് ഈ പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ രൂപരേഖ സാക്ഷരതാമിഷന്‍ തയ്യാറാക്കിവരുകയാണ്.
പ്രാഥമികമായ കൂടിയാലോചനകള്‍ നടന്നതായും രണ്ടുമാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കി നവംബറില്‍ പദ്ധതി ആരംഭിക്കുമെന്നും സാക്ഷരതാമിഷന്‍ ഡയറക്ടര്‍ പി എസ് ശ്രീകല തേജസിനോട് പറഞ്ഞു. സാക്ഷരതാ മിഷന്റെ കീഴിലുള്ള പ്രേരക്മാര്‍ വഴി പഞ്ചായത്ത്തലത്തില്‍ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രാഥമിക സാക്ഷരത മാത്രമായതിനാല്‍ അധ്യാപകരുടെ ആവശ്യം വരുന്നില്ല. അറിവുനല്‍കാനായി ലൈബ്രറി കൗണ്‍സിലിന്റെ സഹായവും പ്രയോജനപ്പെടുത്തും. ഇക്കാര്യത്തില്‍ അവരുമായി ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല. ഇതരസംസ്ഥാനക്കാരെ പങ്കെടുപ്പിച്ച് പ്രാദേശിക ഗ്രന്ഥശാലകള്‍ വഴി സാമൂഹികസാക്ഷരതയ്‌ക്കൊപ്പം ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിച്ച് ബോധവല്‍ക്കരണവും നല്‍കും. അറിവുപകരാനായി വിദ്യാര്‍ഥികള്‍, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ എന്നിവരുടെ സേവനവും ഉപയോഗപ്പെടുത്തും. ഏകദേശ കണക്കുകള്‍ അനുസരിച്ച് സംസ്ഥാനത്ത് 25 ലക്ഷത്തോളം ഇതരസംസ്ഥാന തൊഴിലാളികളാണ് ജോലിചെയ്യുന്നത്. കേരളത്തിന്റെ ഭാഗമായി മാറിയ ഇവരെ കേരളത്തിന്റെ സംസ്‌കാരവും ഭാഷയും പഠിപ്പിക്കുകയെന്നതാണ് പ്രധാനമായും സാക്ഷരതാമിഷന്‍ ലക്ഷ്യമിടുന്നത്. ഇതരസംസ്ഥാന തൊഴിലാളികള്‍ ഏറെ താമസിക്കുന്ന പെരുമ്പാവൂരിലാവും ആദ്യഘട്ടമെന്ന നിലയില്‍ പദ്ധതി നടപ്പാക്കുകയെന്നാണു സൂചന.
നിലവില്‍ സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങളില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കു വലിയ പങ്കുണ്ടെന്ന പ്രചാരണമാണ് മലയാളികളുടെ ഇടയിലുള്ളതെന്ന് ശ്രീകല ചൂണ്ടിക്കാട്ടുന്നു. ഇതിനുപുറമേ കേരളത്തിലെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ വലിയതോതില്‍ അന്യതാബോധവും അനുഭവിക്കുന്നു. ഇത് പലപ്പോഴും വിദ്വേഷത്തിലേക്കും അക്രമമനോഭാവത്തിലേക്കുമെത്തിക്കും. ഭാഷ പഠിക്കുന്നതിനൊപ്പം കേരളത്തിന്റെ സംസ്‌കാരവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്നതോടെ അവര്‍ നേരിടുന്ന അന്യതാബോധം ഇല്ലാതാവുകയും കുറ്റവാസനകള്‍ കുറയുകയും ചെയ്യും. ഇനിയുള്ള കാലങ്ങളില്‍ സംസ്ഥാനത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ കുറയുകയല്ല, കൂടുകയാണു ചെയ്യുക. പലരും കുടുംബവുമായി കേരളത്തില്‍ താമസവുമാക്കി. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ സംസ്‌കാരത്തിലേക്ക് അവരെ അടുപ്പിച്ചുനിര്‍ത്തുകയാണു വേണ്ടതെന്നും ശ്രീകല പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് ജോലിക്കെത്തിയിട്ടുള്ള ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ പദ്ധതിയുടെ ഭാഗമായി ശേഖരിക്കേണ്ടതുണ്ട്. എന്നാല്‍, ഇവരെ സംബന്ധിച്ച് വ്യക്തമായ കണക്കുകള്‍ സര്‍ക്കാരിന്റെ കൈവശമില്ല. പോലിസ് സ്‌റ്റേഷനുകളില്‍ സൂക്ഷിച്ചിട്ടുള്ള മൈഗ്രന്റ് ലേബേഴ്‌സ് രജിസ്റ്റര്‍ പ്രകാരം 1,34,177 ഇതരസംസ്ഥാന തൊഴിലാളികള്‍ 2015 ഒക്ടോബര്‍ 30 വരെ സംസ്ഥാനത്ത് എത്തിയെന്നാണു കണക്ക്. എന്നാല്‍, 2010ലെ കുടിയേറ്റ ക്ഷേമ പദ്ധതിപ്രകാരം കഴിഞ്ഞ ഫെബ്രുവരി വരെ കേവലം 52,422 ഇതരസംസ്ഥാന തൊഴിലാളികള്‍ക്കു മാത്രമാണ് രജിസ്‌ട്രേഷന്‍ നല്‍കിയിട്ടുള്ളത്.
2015ല്‍ ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പഠനറിപോര്‍ട്ട് പ്രകാരം 25,00,000 ഇതരസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ ജോലിചെയ്തുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss