|    Dec 15 Fri, 2017 11:54 am

പണിമുടക്ക്; സിപിഎം ആക്രമണത്തില്‍ പോലിസുകാരനടക്കം ആറു പേര്‍ക്ക് പരിക്ക്

Published : 3rd September 2016 | Posted By: SMR

കുമളി: പൊതുപണിമുടക്കിന്റെ മറവില്‍ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ അഞ്ചു യുവാക്കള്‍ക്ക് പരിക്കേറ്റു. ആക്രമണം തടയാനെത്തിയ പോലിസുകാരനെയും സിപിഎമ്മുകാര്‍ കൈയേറ്റം ചെയ്തു. വണ്ടിപ്പെരിയാര്‍ സ്വദേശികളായ സിദ്ദീഖ് മനസിലില്‍ പരീത് (25), മുരീപ്പാറയില്‍ റഫീഖ് (34), ബര്‍ക്കത്ത് മന്‍സിലില്‍ ബാസിത് (26), മുല്ലയ്ക്കല്‍ ഷാനു സുലൈമാന്‍ (28), മുല്ലയ്ക്കല്‍ ഷെഫീക് (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ പരീത് ഒഴികെയുള്ളവരെ വണ്ടിപ്പെരിയാര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. ഇവരെ മര്‍ദ്ദിക്കുന്നത് കണ്ട് തടസ്സപ്പെടുത്താനെത്തിയ കുമളി സ്‌റ്റേഷനിലെ സീനിയര്‍ പോലിസ് ഓഫീസര്‍ എബ്രഹാം ഐസകിനെയും സിപിഎം പ്രവര്‍ത്തകര്‍ കയേറ്റം ചെയ്തതായി പോലിസ് പറഞ്ഞു. ഇന്നലെ വൈകീട്ട് 5.30ഓടെ കുമളി ടൗണിനു സമീപം ചെളിമടയില്‍ വച്ചായിരുന്നു സംഭവം. വണ്ടിപ്പെരിയാറില്‍ നിന്ന് തമിഴ്‌നാട്ടിലേക്കു പോവാനെത്തിയ യുവാക്കളുടെ സംഘത്തെ സിപിഎം പ്രവര്‍ത്തകര്‍ അരമണിക്കൂറോളം ചെളിമടയില്‍ തടഞ്ഞിട്ടു. ഇതിനിടയില്‍ അറബികള്‍ സഞ്ചരിച്ച വാഹനം ഇവിടെയെത്തി. ഈ വാഹനവും ഇവിടെ തടഞ്ഞിടുകയായിരുന്നു. എന്തിനാണ് വാഹനം തടഞ്ഞിട്ടിരിക്കന്നതെന്ന് അറബി യുവാക്കളോട് ചോദിച്ചു.
പണിമുടക്ക് കാര്യം അറിയിച്ചതോടെ അറബി സിപിഎം പ്രവര്‍ത്തകരുടെ പക്കല്‍ എത്തി ചൂടായി സംസാരിച്ചതോടെ ഇവരെ വിട്ടയച്ചു. ഇതോടെ യുവാക്കളുടെ വാഹനവും മുന്നോട്ടെടുത്തതോടെ സിപിഎമ്മുകാര്‍ വീണ്ടും വാഹനം തടഞ്ഞു മാറ്റിയിടാന്‍ നിര്‍ദ്ദേശിച്ചു.
നമസ്‌കാരത്തിനായി പള്ളിയില്‍ പോകണമെന്നും തങ്ങളെ വിട്ടയക്കണമെന്നും യുവാക്കള്‍ ആവശ്യപ്പെട്ടെങ്കിലും കുറച്ചു കഴിഞ്ഞ് പോയാല്‍ മതിയെന്നായി സിപിഎമ്മുകാര്‍ പറയുകയും ചെയ്തു. ഇതോടെ ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റമായി.
ഇതിനിടയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ തങ്ങളെ മരക്കഷണങ്ങള്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു. ഇവരെ മര്‍ദിക്കുന്നത് കണ്ട് തടസ്സം പിടിക്കാനെത്തിയപ്പോഴാണ് പോലിസുകാരനും മര്‍ദ്ദനമേറ്റത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക