|    Apr 22 Sun, 2018 6:41 am
FLASH NEWS

പണിമുടക്ക് പൂര്‍ണം; നേരിയ സംഘര്‍ഷം

Published : 3rd September 2016 | Posted By: SMR

തിരുവനന്തപുരം: സംയുക്ത തൊഴിലാളി യൂനിയനുകളുടെ നേതൃത്വത്തില്‍ നടന്ന അഖിലേന്ത്യാ പണിമുടക്ക് ജില്ലയില്‍ പൂര്‍ണം. ചില സ്വകാര്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും ഒഴികെയുള്ള വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. ചാല, പാളയം തുടങ്ങിയ പ്രധാനമാര്‍ക്കറ്റുകളും നിശ്ചലമായിരുന്നു.  ചെറിയ സംഘര്‍ഷങ്ങള്‍ ഒഴിച്ചാല്‍ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റെയില്‍വെ സ്റ്റേഷനിലെത്തിയ യാത്രക്കാരെ ആര്‍സിസിയിലേക്കും എയര്‍പോര്‍ട്ടിലേക്കും ജനറല്‍ ആശുപത്രിയിലേക്കും എത്തിക്കുന്നതിന് പോലീസ് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു.
നിരവധിയാളുകളെ ഇരുചക്രവാഹനങ്ങളിലും മറ്റ് സ്വകാര്യവാഹനങ്ങളിലും കയറ്റാനുള്ള സൗകര്യവും പോല്ിസ് ഒരുക്കി. സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിച്ചെങ്കിലും ഹാജര്‍നില വളരെ കുറവായിരുന്നു. സമരത്തെ തുടര്‍ന്ന് വിഎസ്എസ്‌സിയുടെ പ്രവര്‍ത്തനം തടസപ്പെട്ടു. വിഎസ്എസ്‌സിയുടെ മുട്ടടയിലെ പ്രധാന ഗ്യാരേജ് രാവിലെ മുതല്‍ സമരാനുകൂലികള്‍ ഉരോധിച്ചു. ജീവനക്കാരെ കൊണ്ടുപോകേണ്ട മുന്നൂറോളം വാഹനങ്ങള്‍ ഗ്യാരേജില്‍ കുടുങ്ങിയതോടെ ചരിത്രത്തില്‍ ആദ്യമായി വിഎസ്എസ്‌സിയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. ശ്രീഹരിക്കോട്ടയിലേക്ക് കൊണ്ടുപോകേണ്ട റോക്കറ്റിന്റെ ഭാഗങ്ങളും പുറത്തിറക്കാനായില്ല. പിഎംജിയിലും മേലാറന്നൂരിലും സംഘര്‍ഷം ഉണ്ടായി.
രാവിലെയുണ്ടായ കല്ലേറില്‍ സിപിഎമ്മിന്റെ മേലാറന്നൂര്‍ ബ്രാഞ്ച് കമ്മിറ്റി ഓഫീസിന്റെ ജനല്‍ ചില്ല് തകര്‍ന്നതാണ് സംഘര്‍ഷത്തിന് കാരണമായത്. ബിജെപി പ്രവര്‍ത്തകരാണ് അക്രമത്തിന് കാരണമെന്ന് സിപിഎം ആരോപിച്ചു. പ്രകടനം നടത്തിയ സിപിഎം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സ്ഥലത്തുണ്ടായിരുന്ന ബിജെപിയുടെ ബോര്‍ഡുകളും കൊടിമരങ്ങളും നശിപ്പിച്ചു. പിഎംജിയില്‍ പണിമുടക്ക് അനുകൂലികള്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെ മര്‍ദിച്ചു. വീടിനോട് ചേര്‍ന്ന ഓഫീസ് തുറന്നു പ്രവര്‍ത്തിപ്പിച്ച ഇദ്ദേഹത്തെ ജോലി നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് 15 ഓളം വരുന്ന സമരാനുകൂലികള്‍ മര്‍ദ്ദിക്കുകയായിരുന്നു. ചിലയിടങ്ങളില്‍ ഓട്ടോറിക്ഷയില്‍ യാത്രക്കാരെ കയറ്റിയത് നേരിയ വാക്കേറ്റങ്ങള്‍ക്ക് വഴിവെച്ചു. ഇതേ തുടര്‍ന്ന് സ്റ്റാന്‍ഡിലുണ്ടായിരുന്ന ഓട്ടോകള്‍ സമരക്കാര്‍ മാറ്റിച്ചു. പണിമുടക്കിനെ തുടര്‍ന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ കാല്‍നടയായി ഔദ്യോഗിക വസതിയില്‍ നിന്നും എകെജി സെന്ററിലേക്ക് പോയി.
റെയില്‍വെ സ്റ്റേഷനില്‍ നിന്നും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ വീട്ടിലേക്ക് പോയതും കാല്‍നടയായി തന്നെയാണ്. എന്നാല്‍ സമരം ടെക്‌നോപാര്‍ക്കിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചില്ല. പോലീസ് സുരക്ഷയോടെ ജീവനക്കാരെ പ്രത്യേക വാഹനങ്ങളില്‍ ടെക്‌നോപാര്‍ക്കില്‍ എത്തിച്ചു. ബാങ്കിങ് മേഖലയിലെ നാല് തൊഴിലാളി യൂനിയനുകളും പണിമുടക്കില്‍ പങ്കെടുത്തു. ബാങ്കുകളെല്ലാം അടഞ്ഞു കിടന്നത് ബിസിനസ് രംഗത്തേയും പ്രതികൂലമായി ബാധിച്ചു. ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് റിസര്‍വ്ബാങ്കിന്റെയും നബാര്‍ഡിന്റെയും പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചതായി തൊഴിലാളി സംഘടനാ നേതാക്കള്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss