|    Oct 21 Sat, 2017 1:35 am
FLASH NEWS

പണിമുടക്ക് പൂര്‍ണം; ഒറ്റപ്പെട്ട മേഖലകളില്‍ സംഘര്‍ഷം

Published : 3rd September 2016 | Posted By: SMR

മലപ്പുറം: രാജ്യത്തെ പ്രധാന തൊഴിലാളി സംഘടനകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ നീണ്ട ദേശീയ പണിമുടക്ക് ജില്ലയില്‍ പൂര്‍ണം. ഒറ്റപ്പെട്ട മേഖലകളില്‍ നേരിയ സംഘര്‍ഷങ്ങളൊഴിച്ചാല്‍ എവിടെനിന്നും പണിമുടക്കുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ റിപോര്‍ട്ട് ചെയ്തില്ല. സമാധാനപരമായി ദേശീയ പണിമുടക്കിനോട് ജില്ലയിലെ തൊഴിലാളികളും ജനങ്ങളും പ്രതികരിച്ചത്. എടപ്പാളില്‍ മാത്രമാണു ജില്ലയില്‍ പണിമുടക്കുമായിബന്ധപ്പെട്ട് പറയത്തക്ക പ്രശ്‌നങ്ങളുണ്ടായത്.
പണിമുടക്കനുകൂലികള്‍ പോലിസ് സാന്നിധ്യത്തില്‍ കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ചത് ഇവിടെ നേരിയ സംഘര്‍ഷത്തിനിടയാക്കി. പണിമുടക്ക് നഗരങ്ങളെപ്പോലെ തന്നെ ഗ്രാമങ്ങളെയും ഒരുപോലെ ബാധിച്ച പ്രതീതിയായിരുന്നു. നഗരങ്ങളില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ഒറ്റപ്പെട്ട സ്വകാര്യ വാഹനങ്ങള്‍  മാത്രമാണ് നിരത്തിലിറങ്ങിയത്. എന്നാല്‍ ഗ്രാമങ്ങളില്‍ കടകള്‍ സാധാരണപോലെ തുറന്നു പ്രവര്‍ത്തിച്ചെങ്കിലും ഗതാഗതം പൂര്‍ണമായി നിലച്ചമട്ടായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫിസുകളും മിക്കതും അടഞ്ഞുതന്നെ കിടന്നു. കെഎസ്ആര്‍ടിസി ഒരു ഷെഡ്യൂളിലും സര്‍വീസ് നടത്തിയില്ല. എന്നാല്‍ ഹജ്ജ് തീര്‍ഥാടകരെയും എയര്‍പോര്‍ട്ട് യാത്രക്കാരേയും ആശുപത്രിയിലേക്കുള്ള യാത്രക്കാരേയും പണിമുടക്ക് അനുകൂലികള്‍ തടഞ്ഞതേയില്ല.
എടക്കരയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ചരക്ക് വാഹനങ്ങളാണ് സംയുക്ത ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ തടഞ്ഞത്.  രാത്രിയില്‍ നാടുകാണി ചുരത്തില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ പത്ത് മണിയോെടയാണ് എടക്കരയില്‍ എത്തിയത്. എടക്കര, വഴിക്കടവ് പഞ്ചായത്തുകളിലെ സ്‌കൂളുകള്‍, വ്യാപാര സ്ഥാനങ്ങള്‍, ഓഫിസുകള്‍  പ്രവര്‍ത്തിച്ചില്ല.  ജില്ലയിലെ പ്രധാന തൊഴിലാളി സംഘടനകളായ സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി,എസ്ടിയു തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ പണിമുടക്കിന് അഭിവാദ്യമര്‍പ്പിച്ച് പ്രകടനം നടത്തി. സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂനിയന്‍ (എസ്ഡിടിയു) പ്രവര്‍ത്തകരും ദേശീയ പണിമുടക്കില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക