|    Apr 20 Fri, 2018 4:25 pm
FLASH NEWS

പണിമുടക്ക്: ജില്ലയില്‍ പൂര്‍ണം; ജനജീവിതം സ്തംഭിച്ചു

Published : 3rd September 2016 | Posted By: SMR

താമരശ്ശേരി: കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളി വിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂനിയന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പണിമുടക്ക് മലയോര മേഖലയില്‍ ബന്ദിന്റെ പ്രതീതി സൃഷ്ടിച്ചു. കട കമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞു കിടന്നു. സ്വകാര്യ വാഹനങ്ങളൊഴികെ വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല.
അന്യസംസ്ഥാനങ്ങളില്‍ നിന്നു വന്ന പല വാഹനങ്ങളും സമരം തുടങ്ങുന്നതിനു മുമ്പ്തന്നെ എത്തിയ സ്ഥലങ്ങളില്‍ നിര്‍ത്തിയിടുകയായിരുന്നു. സമരത്തിനിടയില്‍ ഓടിയ ചരക്കു ലോറി താമരശ്ശേരിയില്‍ തടഞ്ഞു. ഈ ലോറിയും മറ്റു വാഹനങ്ങളും പഴയ ബസ്സ്റ്റാന്റില്‍ കയറ്റിയിട്ടു. പുതുപ്പാടി, കോടഞ്ചേരി, ഓമശ്ശേരി, പൂനൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും ഹര്‍ത്താലിന്റെ അവസ്ഥയായിരുന്നു.
എന്നാല്‍ ഉള്‍നാടുകളില്‍ സമരം സാരമായി ബാധിച്ചില്ല. പൊതുപണിമുടക്ക് ജനങ്ങള്‍ ആഘോഷമാക്കുകയും ചെയ്തു. വ്യാഴാഴ്ച രാത്രി 12 മണിവരെ പച്ചക്കറി, ഇറച്ചിക്കടകള്‍ എന്നിവിടങ്ങളില്‍ വന്‍ തിരക്കനുഭവപ്പെട്ടു. പല സ്ഥലത്തും കോഴി സ്റ്റാളുകളില്‍ ഇറച്ചി കിട്ടാത്ത അനുഭവമായിരുന്നു. ബീഫ് സ്റ്റാളുകളിലും വന്‍ തിരക്കനുഭവപ്പെട്ടു. ഇതിനിടയില്‍ മദ്യ വില്‍പനയും തകൃതിയായി നടന്നു. നൂറും നൂറ്റി അമ്പതും രൂപ അധികം നല്‍കിയാണ് വിദേശ മദ്യം വില്‍പന നടത്തിയത്.
വില അമിതമായി വാങ്ങിയെന്നാരോപിച്ചു താമരശ്ശേരി-ചുങ്കം ബൈപ്പാസ് റോഡില്‍ വാക്കേറ്റവും ചെറിയ തോതിലുള്ള സംഘര്‍ഷവും ഉണ്ടായിരുന്നെങ്കിലും പോലിസ് എത്തുമ്പോഴേക്കും കച്ചവടക്കാരും ആവശ്യക്കാരും സ്ഥലം വിട്ടു. പണിമുടക്കിനെ തുടര്‍ന്ന് വഴിയില്‍ കുടുങ്ങിയവര്‍ക്ക് സന്നദ്ധസംഘടനകള്‍ വെള്ളവും ലഘു ഭക്ഷണവും വിതരണം ചെയ്തു.
വടകര: കേന്ദ്രസര്‍ക്കാരിന്റെ ജന-തൊഴിലാൡവിരുദ്ധ നയത്തിനെതിരെ സംയുക്ത ട്രേഡ് യൂനിയന്‍ ദേശീയ തലത്തില്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കില്‍ വടകര നഗരം നിശ്ചലമായി. സാധാരണ നിലയില്‍ സംസ്ഥാനത്ത് വിവിധ സംഘടനകള്‍ നടത്താറുള്ള പണിമുടക്കിന് വിപരീതമായി മുഴവന്‍ തൊഴിലാളികളും സംയുക്തമായപ്പോള്‍ എല്ലാ മേഖലയിലും സ്തംഭനാവസ്ഥ തന്നെയാണ് അനുഭവപ്പെട്ടത്.
സര്‍ക്കാര്‍ ഓഫിസുകളും സ്‌കൂളുകളും മറ്റും മുഴുവനായും അടഞ്ഞുകിടന്നു. ചില ബൈക്കും, ആശുപത്രി, എയര്‍പോര്‍ട്ട് വാഹനങ്ങളല്ലാതെ മറ്റൊരു വാഹനം പോലും നിരത്തിലിറങ്ങിയിരുന്നില്ല.
പണിമുടക്ക് നഗരവാസികള്‍ ഉല്‍സവമാക്കി
കോഴിക്കോട്: കേന്ദ്ര ട്രേഡ് യൂനിയനുകളുടെ സംയുക്ത സമിതി ആഹ്വാനം ചെയ്ത ദേശീയപണിമുടക്കില്‍ നഗരത്തിലെ ജനജീവിതം സ്തംഭിച്ചു. ബിഎംഎസ് ഒഴികെ മറ്റെല്ലാ തൊഴിലാളി യൂനിയനുകളും പണിമുടക്കില്‍ പങ്കെടുത്തു. നഗരവാസികള്‍ പണിമുടക്ക് ഉല്‍സവമാക്കുകയായിരുന്നു.
ഐഎന്‍ടിയുസി, എഐടിയുസി, സിഐടിയു, എസ്ടിയു തുടങ്ങിയ തൊഴിലാളി യൂനിയനുകള്‍ പങ്കെടുത്ത പണിമുടക്ക് അക്ഷരാര്‍ഥത്തില്‍ ബന്ദായിമാറി. സ്വകാര്യ വാഹനങ്ങളില്‍ അധികവും ബൈക്കുകള്‍ മാത്രം നിരത്തിലിറങ്ങി. കടകള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. ഹോട്ടലുകളും പണിമുടക്കില്‍ പങ്കെടുത്തതോടെ പണിമുടക്കിനെക്കുറിച്ചോര്‍ക്കാതെ യാത്ര ചെയ്തവര്‍ ഭക്ഷണം കിട്ടാതെ വലഞ്ഞു. ദീര്‍ഘദൂര ട്രെയിനുകളില്‍ വന്നിറങ്ങിയ യാത്രക്കാര്‍ റെയില്‍വെ സ്‌റ്റേഷനില്‍ കുടുങ്ങി.
ഇവര്‍ക്ക് നഗരത്തിലെ സന്നദ്ധ സംഘടനകള്‍ ഭക്ഷണപാക്കറ്റുകള്‍ എത്തിച്ചു കൊടുത്തു. ഇരുചക്രവാഹനങ്ങളില്‍ പതിവുപോലെ വാഹനം കിട്ടാത്തവര്‍ക്ക് ലിഫ്റ്റ് നല്‍കി സഹായം നല്‍കിയവരും ഉണ്ട്. പോലിസ് വാഹനങ്ങളും വഴിയാധാരമായ യാത്രക്കാര്‍ക്ക് സഹായസവാരി നല്‍കി. മിഠായ്‌ത്തെരുവ്, മാവൂര്‍ റോഡ്, പാളയം, വലിയങ്ങാടി, തുടങ്ങിയ വ്യാപാരകേന്ദ്രങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. അര്‍ധരാത്രി പണിമുടക്ക് ആരംഭിച്ചതിനാല്‍ ഒട്ടേറെ യാത്രക്കാര്‍ പുതിയ ബസ്സ്റ്റാന്റില്‍ കുടുങ്ങി.
ഇവരില്‍ രണ്ടു അന്യസംസ്ഥാന തൊഴിലാളികളും ഉള്‍പ്പെട്ടു. വിദേശത്തുനിന്നും വന്ന വിനോദസഞ്ചാരികള്‍ക്ക് ഇത്രയും ശക്തമായ ഒരു പണിമുടക്ക് നേരില്‍കണ്ട ത്രില്ലായിരുന്നു. പണിമുടക്കിയ തൊഴിലാളികള്‍ നഗരത്തില്‍ പ്രകടനം നടത്തി. മുന്‍കൂട്ടി ഏറെ മാസങ്ങള്‍ക്ക് മുമ്പ് തന്നെ പ്രഖ്യാപിച്ച പണിമുടക്കായതിനാല്‍ നഗരവാസികള്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു ഉല്‍സവം പോലെയാണ് കൊണ്ടാടിയത്. ഇറച്ചിക്കടകളിലും വിദേശമദ്യവില്‍പ്പനശാലകളിലും വ്യാഴാഴ്ച റെക്കോര്‍ഡ് കച്ചവടം നടന്നതായാണ് റിപോര്‍ട്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss