|    Aug 19 Sat, 2017 3:25 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പണിമുടക്കില്‍ പങ്കെടുത്തവരോട് കെഎസ്ആര്‍ടിസിയുടെ പ്രതികാര നടപടി ; 300ഓളം ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റി

Published : 4th August 2017 | Posted By: fsq

 

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് കെഎസ്ആര്‍ടിസിയില്‍ കഴിഞ്ഞദിവസം പണിമുടക്കിയ ജീവനക്കാര്‍ക്കു കൂട്ടസ്ഥലംമാറ്റം. കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂനിയന്‍ (എഐടിയുസി), ബിഎംഎസ് സംഘടനയില്‍ ഉള്‍പ്പെട്ട 300ഓളം ജീവനക്കാരെയാണു ദൂരസ്ഥലങ്ങളിലേക്കു മാറ്റിയത്. ഇടതുസര്‍ക്കാര്‍ തൊഴിലാളിവിരുദ്ധ സമീപനം സ്വീകരിക്കുകയാണെന്നും ശക്തമായ പ്രതിഷേധപരിപാടികള്‍ക്കു രൂപംനല്‍കുമെന്നും സിപിഐ അനുകൂല സംഘടനയായ എഐടിയുസി വ്യക്തമാക്കി. പണിമുടക്കിയ ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയുമാണ് കൂട്ടത്തോടെ മാറ്റിയത്. കരുനാഗപ്പള്ളി, എറണാകുളം, തിരുവനന്തപുരം സിറ്റി, കൊട്ടാരക്കര ഡിപ്പോകളില്‍ നിന്നുള്ള 137 ഡ്രൈവര്‍മാരെ ദൂരസ്ഥലങ്ങളിലേക്കു മാറ്റിയിട്ടുണ്ട്. കരുനാഗപ്പള്ളിയിലുള്ളവരെ കാസര്‍കോട്, പെരിന്തല്‍മണ്ണ, പൊന്നാനി, ഗുരുവായൂര്‍ എന്നിവിടങ്ങളിലേക്കും എറണാകുളത്തു നിന്നുള്ളവരെ തിരുവനന്തപുരത്തേക്കും കൊട്ടാരക്കരയിലേക്കും സ്ഥലംമാറ്റി. തിരുവനന്തപുരം സിറ്റിയില്‍ നിന്നുള്ളവരെ തൃശൂര്‍, ചാലക്കുടി, കൊടുങ്ങല്ലൂര്‍ ഡിപ്പോകളിലേക്കും മാറ്റി ഉത്തരവായി. 15 ദിവസം മുമ്പ് നിയമപ്രകാരം നോട്ടീസ് നല്‍കിയാണ് പണിമുടക്ക് നടത്തിയതെന്നും ജീവനക്കാരോടുള്ള പ്രതികാരനടപടിയാണ് മാനേജ്‌മെന്റ് സ്വീകരിക്കുന്നതെന്നും എഐടിയുസി പറയുന്നു. എന്നാല്‍ നോട്ടീസ് നല്‍കിയതു കൊണ്ടുമാത്രം അത് പണിമുടക്കാനുള്ള അവകാശമാവില്ലെന്നാണ് കോര്‍പറേഷന്റെ വിശദീകരണം. പണിമുടക്കുമൂലം കോര്‍പറേഷനും ജനങ്ങള്‍ക്കും വലിയ നഷ്ടം സംഭവിച്ചു. നഷ്ടം നികത്താനുള്ള നടപടിയെടുക്കാന്‍ സര്‍ക്കാര്‍ മാനേജ്‌മെന്റിന് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും കെഎസ്ആര്‍ടിസി വിശദീകരിക്കുന്നു. ഉത്തരവ് മരവിപ്പിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്താനാണ് എഐടിയുസിയുടെ നീക്കം. അതിനിടെ, ഉത്തരവില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ കോര്‍പറേഷന്‍ സിഎംഡി രാജമാണിക്യത്തെ ഉപരോധിച്ചു. അതേസമയം, കെഎസ്ആര്‍ടിസിയിലെ ഓപറേഷന്‍ ജീവനക്കാരുടെ ഡ്യൂട്ടി പരിഷ്‌കാരം പരാജയത്തിലേക്കു നീങ്ങുകയാണ്. ഡ്യൂട്ടിസമയം പുനക്രമീകരിച്ചശേഷം വരുമാനത്തില്‍ വന്‍ഇടിവാണു നേരിടുന്നത്. പ്രതിദിനം ശരാശരി 50 ലക്ഷമാണ് നഷ്ടം. സ്ഥിരം ജീവനക്കാര്‍ക്ക് പോലും മതിയായ ഡ്യൂട്ടി നല്‍കാന്‍ കഴിയുന്നില്ലെന്ന് ആക്ഷേപമുണ്ട്. കോര്‍പറേഷന്‍ പുനസ്സംഘടന പഠിക്കാന്‍ നിയോഗിക്കപ്പെട്ട സുശീല്‍ ഖന്നയുടെ ശുപാര്‍ശയനുസരിച്ചാണ് ഡ്യൂട്ടി സമയം പരിഷ്‌കരിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക