|    Oct 17 Tue, 2017 9:35 am
Home   >  Todays Paper  >  page 12  >  

പണിക്കോട്ടിയുടെ സ്മരണകളില്‍ മൂര്‍ത്തി മാഷിന് മരണമില്ല

Published : 1st September 2016 | Posted By: SMR

പി സി അബ്ദുല്ല

വടകര: മണിയൂര് പണിക്കോട്ടിയിലെ വീടിന്റെ ഉമ്മറത്തിരുന്ന് ഒരു വൃദ്ധന്‍ വി വി ദക്ഷിണാമൂര്‍ത്തിയെ ഓര്‍ത്ത് വിതുമ്പുന്നു. വെറും വിതുമ്പലല്ല; സമര സ്മരണകളുടെ ഇരമ്പലാണത്. എം കെ പണിക്കോട്ടിയെന്ന വടകര മണിയൂരിലെ 90 കാരനായ കമ്മ്യൂണിസ്റ്റ് എം കേളപ്പന്‍. സഖാക്കളുടെ പ്രിയപ്പെട്ട കേളപ്പേട്ടന് വി വി ദക്ഷിണാമൂര്‍ത്തിയെക്കുറിച്ച് പറയുമ്പോള്‍ യൗവനത്തിന്റെ പ്രസരിപ്പ്.
നാല് ദിവസം മുമ്പ് മരണപ്പെട്ട മൂത്ത സഹോദരി ചീരുവിന്റെ വിയോഗത്തില്‍ ദുഃഖിതനായി ഇരിക്കുമ്പോഴാണ് ടിവിയില്‍ ദക്ഷിണാമൂര്‍ത്തിയുടെ മരണവാര്‍ത്തയെത്തിയത്. അതോടെ എം കെ പണിക്കോട്ടി കൂടുതല്‍ ഖിന്നനായി. പണിക്കോട്ടിയും ദക്ഷിണാമൂര്‍ത്തിയും തമ്മിലുള്ള ആത്മബന്ധത്തിന് ഏഴ് പതിറ്റാണ്ടിലേറെ നീണ്ട ഇഴയടുപ്പവും ആഴവുമുണ്ട്. കോഴിക്കോട് ജില്ലയിലെ കമ്മ്യൂണിസ്റ്റ് ചലനങ്ങളില്‍ ഇരുവരും തോളോട് തോളായിരുന്നു.
പ്രായംകൊണ്ട് ദക്ഷിണാമൂര്‍ത്തിയെക്കാള്‍ മുതിര്‍ന്നത് എം കെ പണിക്കോട്ടിയാണ്. എന്നാല്‍, പാര്‍ട്ടിയില്‍ ദക്ഷിണാമൂര്‍ത്തിക്കാണ് സീനിയോറിറ്റി. അടിയന്തരാവസ്ഥ കാലത്താണ് പണിക്കോട്ടി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ജില്ലാകമ്മിറ്റിയിലെത്തിയത്. അതിനു മുമ്പേ ദക്ഷിണാമൂര്‍ത്തി ജില്ലാ കമ്മിറ്റിയംഗമായിരുന്നു. സിപിഎം ജില്ലാകമ്മിറ്റി വേദികളിലാണ് ഇരുവരും അടുത്തിടപഴകാനാരംഭിച്ചത്. പിന്നീട് കടത്തനാട്ടെയും കോഴിക്കോടിന്റെ ഇതര മേഖലകളിലെയും പാര്‍ട്ടി വഴികളില്‍ ഇരുവരും ഒരുമിച്ചു മുന്നേറി. അടിയന്തരാവസ്ഥ കാലത്ത് പാര്‍ട്ടി നിര്‍ദേശപ്രകാരം ദക്ഷിണാമൂര്‍ത്തി അറസ്റ്റ് വരിച്ചു. എന്നാല്‍, പോലിസിന് പിടികൊടുക്കാതെ പുറത്ത് പരസ്യമായി പാര്‍ട്ടി പ്രവര്‍ത്തനത്തിലേര്‍പ്പെടാനായിരുന്നു എം കെ പണിക്കോട്ടിക്ക് ലഭിച്ച നിര്‍ദേശം.
കിസാന്‍സഭ, കര്‍ഷക തൊഴിലാളി യൂനിയന്‍ തുടങ്ങിയ പോഷക സംഘടനകള്‍ കെട്ടിപ്പടുക്കുന്നതിലായിരുന്നു ഇരുവരും കൂടുതലും ഒരുമിച്ച് ചെലവഴിച്ചത്. പണിക്കോട്ടി നീണ്ട പത്തരവര്‍ഷം സിപിഎം ജില്ലാസെക്രട്ടറി സ്ഥാനം അലങ്കരിച്ചപ്പോള്‍ ദക്ഷിണാമൂര്‍ത്തിയായിരുന്നു അണിയറക്ക് പിന്നിലെ മാര്‍ഗദര്‍ശി.
വ്യക്തിജീവിതത്തിലും പൊതു ജീവിതത്തിലും ഒരുപോലെ സംശുദ്ധി കാത്തുസൂക്ഷിച്ച വ്യക്തിത്വമായിരുന്നു ദക്ഷിണാമൂര്‍ത്തിയുടേതെന്ന് സഖാവും ആത്മസുഹൃത്തുമായ എം കെ പണിക്കോട്ടി അനുസ്മരിക്കുന്നു. ദക്ഷിണാമൂര്‍ത്തിയുടെ വാക്കും പ്രവൃത്തിയും രണ്ടായിരുന്നില്ല. അടുത്തറിയുന്നവര്‍ക്ക് മാത്രമേ ദക്ഷിണാമൂര്‍ത്തിയിലെ നന്മകള്‍ പൂ ര്‍ണമായി തിരിച്ചറിയാനായിട്ടുള്ളൂ.
അസുഖ ബാധിതനായി ആശുപത്രിയില്‍ കിടക്കവെ രണ്ടാഴ്ച മുമ്പ് എം കെ പണിക്കോട്ടി മൂര്‍ത്തിയെ സന്ദര്‍ശിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക