|    Jun 20 Wed, 2018 5:21 am
Home   >  Pravasi   >  

പണമയക്കുന്നതിനു നികുതി; നിര്‍ദേശം ശൂറ കൗണ്‍സില്‍ തള്ളി

Published : 25th January 2017 | Posted By: fsq

 

റിയാദ്: വിദേശികളയക്കുന്ന പണത്തിനു നികുതി ചുമത്തണമെന്ന് നിര്‍ദേശം ശൂറ കൗണ്‍സില്‍ തള്ളി. ചര്‍ച്ചയില്‍ 86 കൗണ്‍സില്‍ അംഗങ്ങളും നിര്‍ദേശത്തെ എതിര്‍ക്കുന്നതായി അറിയിച്ചു. എന്നാല്‍ 36 പേര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്നു വോട്ടിനിടുകയും ഭൂരിപക്ഷത്തിന്റെ അഭിപ്രായം മാനിച്ച് നിര്‍ദേശം പിന്‍വലിക്കുകയും വിഷയം സാമ്പത്തിക സമിതിക്കു മടക്കുകയും ചെയ്യുകയായിരുന്നു.വിദേശികളയക്കുന്ന പണത്തിന് നിശ്ചിത ശതമാനം സര്‍ചാര്‍ജ് ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം ചര്‍ച്ച ചെയ്യാന്‍ സാമ്പത്തിക സമിതിയാണ് ശുപാര്‍ശ ചെയ്തിരുന്നത്. ഇന്നലെ ചേര്‍ന്ന ശൂറ കൗണ്‍സില്‍ യോഗത്തില്‍ വിഷയം ചര്‍ച്ചയ്ക്കു വരികയും കൗണ്‍സില്‍ ഇത് തള്ളുകയുമായിരുന്നു. ഇത്തരമൊരു നിര്‍ദേശം രാജ്യത്തെ വിദേശ നിക്ഷേപം പിന്‍വലിപ്പിക്കാന്‍ മാത്രമേ സഹായിക്കുവെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ശൂറ അംഗം സാമി സൈദാന്‍ മുന്നറിയിപ്പ് നല്‍കി. വിദേശികളയക്കുന്ന പണത്തിനു സര്‍ചാര്‍ജ് ഏര്‍പ്പെടുത്തില്ലെന്ന് ധന മന്ത്രി തന്നെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചര്‍ച്ചക്കു പ്രസക്തിയില്ലെന്ന്് അബ്ദുല്ല അല്‍ ബല്‍വി അഭിപ്രായപ്പെട്ടു. വിദേശികളെത്തിയത് അവരുടെ കുടുംബത്തിന്റെയും രാജ്യത്തിന്റെയും പുരോഗതി ലക്ഷ്യംവച്ചാണ്. അവര്‍ ജോലിചെയ്യുന്ന സ്ഥാപനവുമായി വ്യക്തമായ തൊഴില്‍ കരാറുകളുടെ അടിസ്ഥാനത്തിലാണ് അവര്‍ രാജ്യത്തെത്തിയത്. വിദേശികള്‍ രാജ്യത്ത് നിക്ഷേപം നടത്തുന്നതിനു എന്തു മാര്‍ഗമാണ് നിലവിലുള്ളതെന്നും അദ്ദേഹം ചോദിച്ചു.എന്നാല്‍ വിദേശികള്‍ക്ക് നിക്ഷേപത്തിന് അവസരം നല്‍കുന്നത്് രാജ്യത്ത് ബിനാമി ബിസിനസിനു വഴിയൊരുക്കുക മാത്രമാണ് ചെയ്യുകയെന്ന്് മറ്റൊരംഗം അബ്ദുല്ല അല്‍സഅദൂന്‍ പറഞ്ഞു. വിദേശികള്‍ അവരുടെ രാജ്യത്തേക്ക് അയക്കുന്ന പണത്തിനോ വിദേശത്തു നിന്ന് സൗദിയിലേക്ക് അയക്കുന്ന പണത്തിനോ ഒരു തരത്തിലുമുള്ള നികുതി ഏര്‍പ്പെടുത്തില്ലെന്ന് സൗദി ധന മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പണമയക്കുന്നതിന് നികുതി നല്‍കേണ്ടി വരുമെന്ന വാര്‍ത്ത വിദേശികള്‍ വലിയ ആശങ്കയോടെയാണ് കണ്ടിരുന്നത്. ആറു ശതമാനം സര്‍ചാര്‍ജ്് ഏര്‍പ്പെടുത്തണമെന്ന് ശുപാര്‍ശ ചെയ്ത് മുന്‍ ശൂറ കൗണ്‍സില്‍ അംഗം ഡോ. ഹിസാം അല്‍ അന്‍ഖരി സമര്‍പ്പിച്ച പഠന റിപോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ ശൂറ കൗണ്‍സില്‍ സാമ്പത്തിക സമിതി നിര്‍ദേശിക്കുകയായിരുന്നു. ആദ്യ വര്‍ഷം ആറു ശതമാനം സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി പിന്നീടുള്ള വര്‍ഷങ്ങളില്‍ നിരക്ക് കുറയ്ക്കാമെന്നായിരുന്നു ഡോ. ഹിസാം അല്‍ അന്‍ഖരിയുടെ നിര്‍ദേശം. നിരക്ക് കുറച്ചു കൊണ്ടുവന്ന് അഞ്ചു വര്‍ഷം കൊണ്ട് സര്‍ചാര്‍ജ് രണ്ടു ശതമാനമായി ചുരുക്കണമെന്നും സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുന്നതോടൊപ്പം വിദേശികള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ നിലവാരം ഉയര്‍ത്തണമെന്നും അദ്ദേഹം പഠന റിപോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ പിന്തുണച്ച് രാജ്യത്തെ ഏതാനും പ്രമുഖ സാമ്പത്തിക വിദഗ്ധരും രംഗത്തെത്തുകയുണ്ടായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss