|    Aug 24 Thu, 2017 10:39 am

പണമടയ്ക്കാത്തതിനാല്‍ സ്വകാര്യ ആശുപത്രി മൃതദേഹം തടഞ്ഞുവച്ചു ; സഹായഹസ്തവുമായി മന്ത്രി എ കെ ബാലന്‍

Published : 2nd August 2017 | Posted By: fsq

 

കോഴിക്കോട്: വാഹനാപകടത്തില്‍ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയ്ക്കിടെ മരണമടഞ്ഞ പട്ടികജാതി യുവാവിന്റെ മൃതദേഹം പണമടയ്ക്കാത്തതിനാല്‍ സ്വകാര്യ ആശുപത്രി അധികൃതര്‍ തടഞ്ഞുവച്ചു. വിഷയം സ്ഥലം എംഎല്‍എ പട്ടികജാതി വികസന വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് മന്ത്രി സഹായം വാഗ്ദാനം ചെയ്തത്. കോഴിക്കോട് മലാപ്പറമ്പ് അംബേദ്കര്‍ കോളനിയിലെ രേണുകയുടെ മകന്‍ അര്‍ജുന്‍കിഷന്‍ (18) ജൂലൈ 22ന് രാവിലെ ഏഴ് മണിക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷന് സമീപം വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. നാട്ടുകാര്‍ നഗരത്തിലെ പ്രധാന സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും വൈകിട്ടോടെ യുവാവ് മരിച്ചു. 83,234 രൂപ അടയ്ക്കാതെ മൃതദേഹം വിട്ടുനല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. യുവാവിന്റെ പിതാവ് നേരത്തെ മരണമടഞ്ഞു. യുവാവാണ് കുടുംബത്തിന്റെ വരമാന മാര്‍ഗം. വാസയോഗ്യമായ ഒരു വീട് പോലും കുടുംബത്തിനില്ല. ഈ സാഹചര്യത്തില്‍ തുക കണ്ടെത്താന്‍ കുടുംബത്തിന് ആകുമായിരുന്നില്ല. കോഴിക്കോട് മേയര്‍ ആശുപത്രിയുമായി ബന്ധപ്പെടുകയും നാട്ടുകാര്‍ പതിനായിരം രൂപ സമാഹരിച്ച് നല്‍കുകയും ബാക്കി തുക രണ്ട് ദിവസത്തിനകം അടക്കാമെന്ന മേയറുടെ ഉറപ്പിന്‍മേല്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വിട്ടുനല്‍കി. കുടുംബത്തിന്റെ സ്ഥിതി സ്ഥലം എംഎല്‍എ പ്രദീപ് കുമാര്‍ ഉടന്‍ മന്ത്രി എ കെ ബാലന്റെ ശ്രദ്ധയില്‍പ്പെടുത്തി. അപേക്ഷ നല്‍കിയാല്‍ മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അടിയന്തിരമായി തുക നല്‍കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. 25ന് മാതാവ് അപേക്ഷ നല്‍കി. 27ന് 83,234 രൂപ അനുവദിച്ച് മന്ത്രി ഉത്തരവിട്ടു. 31ന് സര്‍ക്കാര്‍ ഉത്തരവും ഇറങ്ങി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക