|    Jul 24 Mon, 2017 10:44 pm
FLASH NEWS

പണപ്പിരിവും അച്ചടക്കലംഘനവും; കോണ്‍ഗ്രസ് കൗണ്‍സിലറെപാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

Published : 15th October 2016 | Posted By: Abbasali tf

തൊടുപുഴ: പണപ്പിരിവിന്റെയും അച്ചടക്ക ലംഘനത്തിന്റെയും പേരില്‍ നഗരസഭാ കൗണ്‍സിലിലെ കോണ്‍ഗ്രസ് അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.കൗണ്‍സിലര്‍ എം കെ ഷാഹുല്‍ ഹമീദ് കാസിം മങ്ങാട്ടിനെയാണ് ഗുരുതരമായ സാമ്പത്തിക ആരോപണങ്ങളുടെ പേരില്‍ ഡിസിസി പ്രസിഡന്റ് റോയി കെ പൗലോസ് പാര്‍ട്ടിയില്‍ നിന്ന് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. കോണ്‍ഗ്രസ് നേതാവും നഗരസഭാ വൈസ് ചെയര്‍മാനുമായ ടി കെ സുധാകരന്‍നായര്‍ക്കെതിരെ  കൗണ്‍സില്‍ യോഗത്തില്‍ ഷാഹുല്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇത് പാര്‍ട്ടിയേയും യുഡിഎഫ്. സംവിധാനത്തെയും അപമാനിക്കുന്നതിന് കരുതിക്കൂട്ടി നടത്തിയ നീക്കമാണെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് ആക്ടിങ് പ്രസിഡന്റ് ജാഫര്‍ഖാന്‍ മുഹമ്മദ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് വൈസ് ചെയര്‍മാന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഷാഹുലിന് കോണ്‍ഗ്രസ് നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. മാത്രമല്ല ഇയാളുടെ പണപ്പിരിവിനെതിരേ മണ്ഡലം പ്രസിഡന്റുമാര്‍ പാര്‍ട്ടി വേദികളില്‍ പരാതി ഉന്നയിച്ചിരുന്നു. ഐഎന്‍ടിയുസിയുടെ പേരില്‍ നിര്‍ബന്ധ പിരിവ് നടത്തുന്നതായി കച്ചവടക്കാരുടേയും കരാറുകാരുടേയും പരാതികള്‍ വന്നപ്പോഴും ശക്തമായ താക്കീതുകള്‍ നല്‍കിയിരുന്നു. എന്നിട്ടും അച്ചടക്ക ലംഘനം തുടര്‍ന്ന സാഹചര്യത്തിലാണ് നടപടി. ഇതിനു മുമ്പായി നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരേയും മണ്ഡലം പ്രസിഡന്റുമാരേയും വിളിച്ചുചേര്‍ത്ത് ഡിസിസി പ്രസിഡന്റ് അഭിപ്രായം ആരാഞ്ഞിരുന്നു. ഷാഹുലിനെക്കുറിച്ചുള്ള പരാതികളെക്കുറിച്ച് അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കെപിസിസി എക്‌സിക്യൂട്ടീവ് അംഗമായ ആര്‍ ബാലന്‍പിള്ളയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ തനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടില്ലെന്ന് എം കെ ഷാഹുല്‍ ഹമീദ് പറഞ്ഞു. ഏകപക്ഷീയമായെടുത്ത നടപടിക്കെതിരേ കെപിസിസി പ്രസിഡന്റിന് പരാതി നല്‍കും. സംഘടനയോ പാര്‍ട്ടിയോ പറയാത്ത ഫണ്ടുകള്‍ പിരിച്ചിട്ടില്ല. വൈസ് ചെയര്‍മാന്‍ സ്ഥാനം ആവശ്യപ്പെട്ടതിലുള്ള പ്രശ്‌നമാണ് ഇപ്പോഴത്തേതെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക