|    Oct 23 Tue, 2018 11:33 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

പണത്തിന്റെ അപര്യാപ്തത പറഞ്ഞ് പുതിയ ഉപകരണങ്ങള്‍ നല്‍കുന്നില്ല : എയ്ഡ്‌സ് കണ്ടെത്താന്‍ ഇപ്പോഴും നിരോധിത ടെസ്റ്റുകള്‍

Published : 22nd September 2017 | Posted By: fsq

 

മലപ്പുറം: ആര്‍സിസിയില്‍ നിന്നു രക്തം സ്വീകരിച്ച കുഞ്ഞിന് എച്ച്‌ഐവി ബാധയുണ്ടായത് എയ്ഡ്‌സ് കണ്ടെത്താന്‍ ഇപ്പോഴും പല സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളിലും നിരോധിത ടെസ്റ്റുകള്‍ അവലംബിക്കുന്നതിനാല്‍. അംഗീകൃത ടെസ്റ്റായ എലീസ നടത്താനുള്ള സംവിധാനം സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലോ മെഡിക്കല്‍ കോളജുകളിലോ ഇല്ലെന്നതാണ് ആരോഗ്യവിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നത്. സര്‍ക്കാര്‍ ആതുരാലയങ്ങളില്‍ എലീസ ടെസ്റ്റിന് ആവശ്യമായ ഉപകരണങ്ങള്‍ കേടുവന്നാല്‍ അവ മാറ്റിനല്‍കുകയോ സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്തുകയോ ചെയ്യുന്നില്ല. പണത്തിന്റെ അപര്യാപ്തത പറഞ്ഞ് പുതിയ ഉപകരണങ്ങള്‍ നല്‍കാന്‍ എല്ലാ കാലത്തും ആരോഗ്യവകുപ്പും സര്‍ക്കാരും മടിക്കുന്നതായി വിദഗ്ധ ഡോക്ടര്‍മാര്‍ പരാതി പറയുന്നു. എലീസ ടെസ്റ്റിന് സൗകര്യമില്ലാത്തതിനാല്‍ പഴയ രീതിയിലുള്ള കാര്‍ഡ് ടെസ്റ്റ് അവലംബിക്കുന്നത് മെഡിക്കല്‍ കോളജ് പോലുള്ള വലിയ ആശുപത്രികളില്‍ വരെ തുടരുന്നു. ഇതിനു പുറമേ ടെസ്റ്റ് കാര്‍ഡുകള്‍ ലാഭിക്കാന്‍ ജീവനക്കാര്‍ പരിശോധന നടത്തിയ കാര്‍ഡ് ഉപേക്ഷിക്കാതെ അതില്‍ തന്നെ ഒന്നിലധികം പേരുടെ രക്തമിശ്രിതമെടുത്ത്  ചെയ്യുന്ന പൂളിങ് ടെസ്റ്റ് സമ്പ്രദായവും തുടരുകയാണ്. ജീവനു തന്നെ ഭീഷണിയാവുന്ന തികച്ചും അശാസ്ത്രീയവും നിരോധിതവുമായ പൂളിങ് ടെസ്റ്റ് രീതി അവലംബിക്കുന്നതിനെതിരേ മേലധികാരികള്‍ കര്‍ശന നടപടിയെടുക്കാത്തതും ഗുരുതരമായ പ്രശ്‌നങ്ങള്‍ക്കു കാരണമാവുന്നുണ്ട്. തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്ന യോഗ്യതയില്ലാത്തവരെയും പൂളിങ് ടെസ്റ്റ് രീതി അവലംബിക്കുന്നവരെയും കണ്ടെത്തി സര്‍ക്കാരിലേക്ക് റിപോര്‍ട്ട് നല്‍കല്‍ രക്തബാങ്കുകളുടെയും ഐസിടിസി ലാബുകളുടെയും ചുമതല വഹിക്കുന്ന മെഡിക്കല്‍ ഓഫിസര്‍മാരുടെ ഉത്തരവാദിത്തമാണ്. ഈ പശ്ചാത്തലത്തില്‍ കേരളത്തിലെ മുഴുവന്‍ രക്തബാങ്കുകളിലെയും ഐസിടിസി സെന്ററുകളിലെയും ടെക്‌നീഷ്യന്മാരുടെ യോഗ്യതയും പ്രവര്‍ത്തനരീതികളും പരിശോധനയ്ക്കു വിധേയമാക്കണം. ലാബുകളില്‍ നിര്‍ബന്ധമായും സ്ഥാപിക്കേണ്ട യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും ലഭ്യതയും പ്രവര്‍ത്തനക്ഷമതയും പരിശോധിക്കണം. സംസ്ഥാന സര്‍ക്കാരും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും വിതരണം ചെയ്യുന്ന എച്ച്‌ഐവി ടെസ്റ്റുകള്‍ക്ക് ഉള്‍പ്പെടെയുള്ള കിറ്റുകളുടെ കാര്യക്ഷമതയും പരിശോധനാവിധേയമാക്കണം. ഒരേ രക്തസാംപിളുകളില്‍ വിവിധ പരിശോധനാകേന്ദ്രങ്ങളില്‍നിന്നു പോസിറ്റീവും നെഗറ്റീവുമായ ഫലം വരുന്നത് പരിശോധിക്കണം. നിലവാരം കുറഞ്ഞ കിറ്റുകള്‍ ഉപയോഗിച്ചുള്ള ടെസ്റ്റുകള്‍ മൂലം എച്ച്‌ഐവി അണുബാധയുള്ളവരെ ഇല്ലാത്തവരായും (ഫാള്‍സ് നെഗറ്റീവ്), ഇല്ലാത്തവരെ അണുബാധയുള്ളവരായും (ഫാള്‍സ് പോസിറ്റീവ്) മനസ്സിലാക്കുന്ന അവസ്ഥയുണ്ട്. ഇതെല്ലാം സംഭവിക്കുന്നത് അശ്രദ്ധയും പിടിപ്പുകേടും മൂലമാണെന്നാണ് പരക്കെ ആക്ഷേപം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss