|    Sep 26 Tue, 2017 11:41 pm
Home   >  Todays Paper  >  page 10  >  

പണം വെളുപ്പിക്കല്‍: ജിദ്ദയില്‍ പിടിയിലായവരില്‍ മലയാളികളും; അന്വേഷണം ദുബയിലേക്ക്

Published : 31st October 2016 | Posted By: SMR

ജിദ്ദ: ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ജിദ്ദയില്‍ ഏതാനും ദിവസം മുമ്പ് പിടിയിലായവരില്‍ മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായി. പിടിയിലായവരില്‍ ചിലര്‍ കേരളത്തിലാണ് തങ്ങളുടെ സ്വദേശമെന്നു പോലിസിനോട് വ്യക്തമാക്കിയതായി അറബ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 16 പേരാണ് ജിദ്ദയില്‍ ഹവാല ഇടപാടുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളത്.
പ്രതികളില്‍ നിന്നു ലഭിച്ച വിവരമനുസരിച്ച് അന്വേഷണം ദുബയിലേക്കു വ്യാപിപ്പിച്ചു. ഹവാല ഇടപാടിന്റെ പേരില്‍ സ്വരൂപിക്കുന്ന പണം ദുബയിലെ ഒരു പ്രമുഖ വ്യക്തിക്കാണ് എത്തിച്ചുകൊടുക്കാറുള്ളതെന്ന് അറസ്റ്റിലായവര്‍ പോലിസിനു മൊഴി നല്‍കി. ദുബയില്‍ വിപുലമായ സംവിധാനത്തോടെ ഓഫിസ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ 50 ജീവനക്കാര്‍ ഹവാല ഇടപാടിനു മാത്രമായി ജോലി ചെയ്യുന്നുണ്ടെന്ന് മൊഴിയില്‍ പറയുന്നു.
ജിദ്ദയിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലും ബൂഫിയകളിലും ജോലി ചെയ്യുന്നവരില്‍ നിന്നു പണം സ്വരൂപിച്ച് ദുബയിലേക്ക് എത്തിക്കുകയാണ് സംഘം ചെയ്തിരുന്നത്. വ്യക്തികളില്‍ നിന്ന് പണം സ്വരൂപിക്കുന്നതിന് മാസത്തില്‍ 1500 റിയാല്‍ പ്രതിഫലം പറ്റിയിരുന്നതായും ജിദ്ദയിലെ കിലോ രണ്ടില്‍ പിടിയിലായ വ്യക്തി മൊഴി നല്‍കിയിരുന്നു. ഇയാള്‍ നേരത്തേ ഉംറ വിസയിലെത്തി നാലു വര്‍ഷത്തിനു ശേഷം പിടിക്കപ്പെടുകയും നാടുകടത്തുകയും ചെയ്തതായിരുന്നു. വീണ്ടും സൗദിയിലെത്തിയാണ് ഹവാല ഇടപാട് ജോലിയില്‍ പ്രവേശിച്ചത്. വരുമാനത്തില്‍ കവിഞ്ഞ സംഖ്യ ബാങ്ക് മുഖേന അയക്കുന്നതിനു നിയന്ത്രണമുള്ളതിനാലാണ് പലരും ഹവാല ഇടപാടുകാരെ ആശ്രയിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക