|    May 24 Wed, 2017 7:19 pm
FLASH NEWS

പണം വാങ്ങിയുള്ള വാടക ഗര്‍ഭധാരണം നിരോധിച്ചു

Published : 25th August 2016 | Posted By: SMR

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യാടിസ്ഥാനത്തില്‍ ഗര്‍ഭപാത്രം വാടകയ്ക്കു നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഇതു സംബന്ധിച്ച കരടു ബില്ലിനു മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇതുപ്രകാരം നിയമലംഘകര്‍ക്ക് 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കുമെന്ന് മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി.
ഇനി മുതല്‍ വിവാഹിതരായി അഞ്ചുവര്‍ഷം പൂര്‍ത്തിയായ ഇന്ത്യക്കാര്‍ക്ക് മാത്രമേ വാടക ഗര്‍ഭധാരണത്തിനു നിയമപരമായ അവകാശം ഉണ്ടായിരിക്കുകയുള്ളൂ. ഇത്തരം ഗര്‍ഭധാരണങ്ങള്‍ക്കും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വന്ധ്യത, കുഞ്ഞിനെ ചുമക്കുന്നതിനു ചികില്‍സാച്ചെലവ് മാത്രം നല്‍കുന്ന രീതി എന്നീ സാഹചര്യങ്ങളിലും അടുത്ത ബന്ധുക്കള്‍ക്കു മാത്രം വാടക ഗര്‍ഭധാരണത്തിന് അനുമതി ലഭിക്കും. എന്നാല്‍, അടുത്ത ബന്ധുക്കള്‍ ആരെല്ലാം എന്നതിനെക്കുറിച്ച് കരടു ബില്ലില്‍ വ്യക്തമാക്കുന്നില്ല.
വിദേശികള്‍ക്ക് ഇന്ത്യയില്‍ വാടക ഗര്‍ഭധാരണം നടത്താന്‍ അനുമതിയില്ല. കുട്ടികളില്ലാത്തവര്‍ക്കും ആരോഗ്യപരമായ കാരണങ്ങളാല്‍ ഗര്‍ഭധാരണം നടത്താന്‍ കഴിയാത്തവര്‍ക്കും കൃത്രിമ ഗര്‍ഭധാരണത്തിന് അടുത്ത ബന്ധുക്കളുടെ സഹായം തേടാം. ഇത്തരത്തില്‍ ഗര്‍ഭധാരണം നടത്തുന്ന ബന്ധുക്കള്‍ക്ക് ചികില്‍സാച്ചെലവുകള്‍ മാത്രമേ നല്‍കാവൂ. പൗരത്വം സംബന്ധിച്ച പ്രശ്‌നങ്ങള്‍ കാരണമാണ് വിദേശികള്‍ക്ക് ഇന്ത്യയില്‍ വാടക ഗര്‍ഭധാരണം നടത്താന്‍ അനുമതി നല്‍കാത്തത്. ഇതുവഴി ജനിക്കുന്ന കുട്ടികള്‍ ഭിന്നശേഷിയുള്ളവരാണെങ്കില്‍ ഉപേക്ഷിച്ചുപോവുന്ന കേസുകളും വിസ, പൗരത്വപ്രശ്‌നങ്ങളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
വിദേശികള്‍ക്കായി മനുഷ്യഭ്രൂണം ഇറക്കുമതി ചെയ്യുന്നത് നിരോധിക്കും. എന്നാല്‍, ഗവേഷണ ആവശ്യങ്ങള്‍ക്ക് വിലക്കില്ല. രാജ്യത്ത് പുതിയ വാടകഗര്‍ഭധാരണ ചികില്‍സാ ക്ലിനിക്കുകള്‍ക്ക് അനുമതി നല്‍കില്ല. ഇതു സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യാന്‍ പുതിയ ബോര്‍ഡിനു രൂപം നല്‍കും. ആരോഗ്യമന്ത്രി ജെ പി നഡ്ഡ, വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍, ഭക്ഷ്യമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ എന്നിവരുള്‍പ്പെട്ട സമിതിയാണ് കരടു ബില്ല് തയ്യാറാക്കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day