|    May 1 Mon, 2017 12:17 am
FLASH NEWS

പണം പിന്‍വലിക്കുന്നവരും ദുരിതക്കയത്തില്‍

Published : 17th November 2016 | Posted By: SMR

മഞ്ചേരി: അക്കൗണ്ടില്‍ പണം നിക്ഷേപിച്ചവര്‍ക്ക് ബാങ്കുകള്‍ ഇരുട്ടടി കൊടുത്തു തുടങ്ങി. പതിനായിരവും ലക്ഷങ്ങളും നിക്ഷേപിച്ചവരെയാണ്, പിന്‍വലിക്കുപ്പോള്‍ കുറഞ്ഞ സംഖ്യ നല്‍കി പ്രയാസപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കോടിക്കണക്കിന് രൂപയാണ് മിക്ക ബാങ്കുകളിലും സ്വീകരിച്ചത്. തുടര്‍ന്ന് ആവശ്യക്കാര്‍ പിന്‍വലിക്കല്‍ ആരംഭിച്ചതോടെയാണ് ബാങ്കുകളുടെ യഥാര്‍ഥ രൂപം പുറത്തുവന്നത്. തുടക്കത്തില്‍ പതിനായിരം രൂപ വരെ കൊടുത്തിരുന്നുവെങ്കിലും ഇന്നലെ മുതല്‍ ആറായിരവും നാലായിരവുമാക്കി കുറച്ചിരിക്കുകയാണ്. പണം ആവശ്യത്തിനെത്തിയിട്ടില്ലെന്നാണ് ബാങ്കുകള്‍ പറയുന്നത്. ഇതോടെ പണമിടപാട് മാത്രം നടത്തുന്ന കച്ചവടക്കാരും കല്യാണം, തുടങ്ങിയ അത്യാവശ്യങ്ങള്‍ക്കും എടുക്കാമെന്നു കരുതിയവര്‍ക്കുമാണ് അക്കിടി പറ്റിയത്. ചെക്ക് മുഖാന്തരം ഇടപാട് നടത്തുന്നവര്‍ക്കു പ്രയാസം നേരിടുന്നില്ല. 500, 1000 നോട്ടുകള്‍ അസാധുവാക്കിയതോടെ ഭയംമൂലം നിരവധിയാളുകളാണ് പണം സ്വന്തം അക്കൗണ്ടിലിട്ടത്. ഇത് എടുക്കാനെത്തിയതോടെയാണു ബാങ്കുകള്‍ നിബന്ധന കര്‍ശനമാക്കുന്നത്. ലഭ്യതക്കനുസരിച്ച് പല ബാങ്കുകളും വ്യത്യസ്ഥ രീതിയില്‍ പണം കൊടുക്കുന്നുണ്ട്. എടിഎം വഴിയെടുക്കാനും പ്രയാസം നേരിടുന്നുണ്ട്. ഫെഡറല്‍, എസ്ബിടി ബാങ്കുകളുടെ എടിഎം മാത്രമാണു പ്രവര്‍ത്തിക്കുന്നത്. ഇതിനാണെങ്കില്‍ രാവിലെ മുതല്‍ വരി നിന്നെങ്കില്‍ മാത്രമേ കുറച്ചെങ്കിലും പണം ലഭിക്കു. ഹോട്ടല്‍, മീന്‍, ഇറച്ചി തുടങ്ങിയ കച്ചവടവും മറ്റും നടത്തി ഉപജീവനം കണ്ടെത്തുന്നവര്‍ക്കാണ് ഇതില്‍ പ്രയാസം നേരിട്ടത്. ആഴ്ചയില്‍ പോത്തിനെയും മറ്റും വാങ്ങാന്‍ പുതിയ നോട്ടുകള്‍ ഉപയോഗിക്കാമെന്നു കരുതിയാണ് ബാങ്കില്‍ ഇവര്‍ പണം നിക്ഷേപിച്ചത്. എടുക്കാന്‍ വരുമ്പോഴാണു നിബന്ധനയുടെ വിവരമറിയുന്നതും. ബാങ്കുകള്‍ ഇന്നലെ രാവിലെ 10,000 രൂപ കൊടുത്തെങ്കിലും പണം തീര്‍ന്നതോടെ നിര്‍ത്തിവച്ചു. അടുത്ത ആഴ്ചയില്‍ നടക്കേണ്ട കല്യാണത്തിനും പ്രസവ ചികില്‍സയ്ക്കും മറ്റും പണം എടുക്കാമെന്നു കരുതിയവര്‍ക്കാണു ശരിക്കും ബാങ്കുകള്‍ പണി കൊടുത്തിരിക്കുന്നത്. സമീപ പ്രദേശങ്ങളിലെ അഞ്ച് ബ്രാഞ്ചുകള്‍ക്കും നൂറു രൂപയുടെ നോട്ടുകള്‍ ലഭിക്കാത്തതിനാലാണ് എടിഎം പ്രവര്‍ത്തിപ്പിക്കാത്തതെന്ന് മഞ്ചേരി കനറാ ബാങ്ക് ബ്രാഞ്ച് മാനേജര്‍ പറഞ്ഞു. 2,000 രൂപയുടെ നോട്ടുകള്‍ നിറയ്ക്കാനുള്ള സംവിധാനം ആയിട്ടുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day