|    Nov 15 Thu, 2018 8:13 pm
FLASH NEWS
Home   >  Dont Miss   >  

പണം തന്നാല്‍ ഹിന്ദുത്വ അജണ്ട പ്രചരിപ്പിക്കാം; ഒളികാമറയില്‍ കുടുങ്ങിയത് 25ഓളം മാധ്യമങ്ങള്‍

Published : 26th May 2018 | Posted By: mtp rafeek


ന്യുഡല്‍ഹി: ലോകസഭാതിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കു വേണ്ടി വര്‍ഗീയ കലാപമുണ്ടാക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുവാനും തിരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കുവാനും കോടികള്‍ ആവശ്യപെട്ട് ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങള്‍. ഹിന്ദുത്വ ധ്രുവീകരണം സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാനായി പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടത് 1000കോടി രൂപയാണ്. കോബ്രാ പോസ്റ്റ് നടത്തിയ ഓപ്പറേഷന്‍ 136ന്റ രണ്ടാം ഘട്ടത്തിലാണ് മാധ്യമങ്ങളെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.

ടൈംസ് ഓഫ് ഇന്ത്യയെ കൂടാതെ രണ്ട് ഡസനോളം മറ്റ് മാധ്യമങ്ങളും കോബ്രാ പോസ്റ്റിന്റെ ഒളിക്യാമറാ ഓപ്പറേഷനില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യാ ടുഡേ, ഹിന്ദുസ്ഥാന്‍ ടൈംസ്, സീ ന്യൂസ്, നെറ്റ്വര്‍ക്ക് 18, സ്റ്റാര്‍ ഇന്ത്യ, എബിപി ന്യൂസ്, ദൈനിക് ജാഗരണ്‍, റേഡിയോ വണ്‍, റെഡ് എഫ്എം, ലോക്മാത്, എബിഎന്‍ ആന്ധ്ര ജ്യോതി, ടിവി5, ദിനമലര്‍, ബിഗ് എഫ്എം, കെ ന്യൂസ്, ഇന്ത്യ വോയ്‌സ്, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ്, എംവിടിവി, ഓപ്പണ്‍ മാഗസിന്‍ എന്നിവയുടെ ഉടമകളോ പ്രധാന സ്ഥാനങ്ങളിലിരിക്കുന്നവരോ  ഒളിക്യാമറയില്‍ കുടുങ്ങിയിരിക്കുന്ന മറ്റ് മാധ്യമങ്ങള്‍.

2014 ലെ  പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തരേന്ത്യയിലെ ദേശീയ മധ്യമങ്ങള്‍ നൂറു കണക്കിന് കോടി രൂപ വാങ്ങി ബിജെപി അനുകൂല വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നുവെന്ന ആരോപണമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ഓപ്പറേഷന്റെ സാധ്യത പരിഗണിക്കപ്പെട്ടത്. ദൈനിക് ഭാസ്‌ക്കര്‍ ഇതില്‍ ഉള്‍പ്പെടേണ്ടതാണെങ്കിലും ഹൈക്കോടതി വിലക്ക് നിലനില്‍ക്കുന്നതിനാല്‍ കോബ്രാ പോസ്റ്റ് ദൈനിക് ഭാസ്‌ക്കറിനെ ഒഴിവാക്കിയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

കോബ്രാ പോസ്റ്റ് മാധ്യമ പ്രവര്‍ത്തകനായ പുഷ്പ് ശര്‍മ്മയാണ് ശ്രീമദ് ഭഗവത് ഗീതാ പ്രചാര്‍ സമിതി എന്ന സംഘടനയുടെ പേരില്‍ വിവിധ മാധ്യമ സ്ഥാപനങ്ങളുടെ തലവന്മാരുമായി കൂടിക്കാഴ്ച്ച നടത്തിയത്. ആദ്യം മതചടങ്ങുകളുടെ പേരില്‍ ഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിക്കുക, പിന്നീട് വര്‍ഗീയ വേര്‍തിരിവ് ഉണ്ടാക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുക, അതിന് ശേഷം രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ എതിരാളികളെ മോശമായി ചിത്രീകരിക്കുക എന്നിങ്ങനെയാണ് പുഷ്പ് ശര്‍മ്മ മുന്നോട്ടു വെച്ച കാംപയിന്‍ രീതി.

യാതൊരു സങ്കോചവുമില്ലാതെ ഇക്കാര്യങ്ങള്‍ക്ക് അനുകൂലമായാണ് എല്ലാ മാധ്യമ മേധാവികളും പ്രതികരിച്ചത്. ഇതില്‍ ബര്‍ത്തമാന്‍ പത്രിക, ദൈനിക് സമ്പദ് എന്നീ രണ്ട് മാധ്യമ സ്ഥാപനങ്ങള്‍ മാത്രമാണ് തങ്ങള്‍ക്ക് വര്‍ഗീയത പ്രചരിപ്പിക്കാന്‍ കഴിയില്ലെന്ന ധീരമായ നിലപാട് സ്വീകരിച്ചത്. വലിയ ഓഫര്‍ മുന്നില്‍ വെച്ചിട്ടും ഇവര്‍ നിലപാടില്‍ മാറ്റം വരുത്താന്‍ തയ്യാറായില്ല. പണം ലഭിക്കുകയാണെങ്കില്‍ വിശ്വാസം, മതം എന്നിവ മറയാക്കി ഹിന്ദുത്വ ആശയങ്ങള്‍ പചരിപ്പിക്കാമെന്നും,തിരഞ്ഞെടുപ്പിനോടനൂബന്ധിച്ച് വര്‍ഗീയ വേര്‍തിരിവ് ഉണ്ടാക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ എഴുതാമെന്നും മറ്റു മാധ്യമങ്ങള്‍ സമ്മതിച്ചു. കൂടാതെ രാഷ്ട്രീയ എതിരാളികളെ അപകീര്‍ത്തി പെടുത്തുന്നവാര്‍ത്തകള്‍, പരസ്യങ്ങള്‍ ,തുടങ്ങിയവ പ്രസിദ്ധീകരിക്കാമെന്നും മാധ്യമങ്ങള്‍ സമ്മതിക്കുന്നുണ്ട്.

ഇന്ത്യ ടുഡേ ഗ്രൂപ്പ് വൈസ് ചെയര്‍പേഴ്‌സന്‍ കാലി പൂരി

പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍, എഫ്എം പ്ലാറ്റ്‌ഫോം കാംപെയ്‌നായി ഉപയോഗിക്കാം,സമരം ചെയ്യുന്ന കര്‍ഷകരെ മാവോയിസ്റ്റുകളായി ചിത്രീകരിച്ച് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാം, രാഹുല്‍ ഗാന്ധിയെ ടാര്‍ഗറ്റ് ചെയ്യുകയും സ്വഭാവദൂഷ്യം ആരോപിക്കുകയും ചെയ്യാം തുടങ്ങിയവയെല്ലാം മാധ്യമങ്ങള്‍ ഉറപ്പ് നല്‍കുന്നുണ്ട്. കള്ളപ്പണം സ്വീകരിക്കുന്നതിലും ചില മാധ്യമപ്രതിനിധികള്‍ക്ക് മടിയൊന്നുമില്ല. ആര്‍എസ്എസുമായി തങ്ങളുടെ ബന്ധം ചില മാധ്യമപ്രവര്‍ത്തകര്‍ സ്റ്റിങ് ഓപ്പറേഷനില്‍ തുറന്നു പറഞ്ഞു. ബിജെപിയ്ക്കായി കാംപെയ്ന്‍ ചെയ്യാന്‍ തങ്ങള്‍ക്ക് സന്തോഷമേയുള്ളു എന്നായിരുന്നു പലരുടെയും പ്രതികരണം. അധികാരത്തിലിരിക്കുന്ന പാര്‍ട്ടിക്ക് അനുകൂലമായി വാര്‍ത്തകള്‍ സൃഷ്ടിക്കാമെന്നും അതിനായി സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ടീമിനെ നിയമിക്കാം എന്നുമായിരുന്നു സീ ന്യൂസിന്റെ വാഗ്ദാനം.

ടൈംസ് ഗ്രൂപ്പ് ഉടമയും മാനേജിങ് ഡയറക്ടറുമായി വിനീത് ജെയിന്‍, എക്‌സിക്യൂട്ടീവ് പ്രസിഡന്റ് സഞ്ജീവ് ഷാ, ഇന്ത്യ ടുഡേ ഗ്രൂപ്പ് വൈസ് ചെയര്‍പേഴ്‌സന്‍ കാലി പൂരി, ടി വി ടുഡേ ചീഫ് റെവന്യൂ ഓഫിസര്‍ രാഹുല്‍ കുമാര്‍ ഷോ തുടങ്ങിയവരൊക്കെ ഒളികാമറയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഏറിയും കുറഞ്ഞും കോബ്ര പോസ്റ്റ് റിപോര്‍ട്ടറുടെ ആവശ്യങ്ങള്‍ ഇവര്‍ അംഗീകരിക്കുന്നുമുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss