|    Feb 23 Fri, 2018 8:18 pm
FLASH NEWS

പഠിച്ചും പഠിപ്പിച്ചും നാല് പതിറ്റാണ്ടുകള്‍ : പവിത്രന്‍ മാഷിന് ഒരു ലക്ഷം വിദ്യാര്‍ഥികളുടെ ഗുരുപുജ

Published : 8th August 2017 | Posted By: fsq

 

പുല്‍പ്പള്ളി: പഠിച്ചും പഠിപ്പിച്ചും നാല് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി സ്വദേശിയായ ടി പി പവിത്രനെന്ന അധ്യാപകന് പറയാനുള്ളത് ജീവിതാനുഭവങ്ങളുടെ നേര്‍സാക്ഷ്യങ്ങള്‍. ഇതിനകം തന്നെ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ പഠിച്ച ഈ അധ്യാപകന്‍ ഏറ്റവുമൊടുവില്‍ കല്ലുവയല്‍ ജയശ്രീ സ്‌കൂളിനോട് അനുബന്ധിച്ചുള്ള സി കെ രാഘവന്‍ മെമ്മോറിയല്‍ ബി എഡ് കോളജിലെ പ്രിന്‍സിപ്പലായി ജോലി ചെയ്ത് വരികയാണ്. ഡിഗ്രികളുടെ തോഴനായിരുന്നു എന്നും പവിത്രന്‍മാഷ്. അദ്ദേഹത്തിന് മുമ്പിലെ വിദ്യാഭ്യാസത്തിന്റെ ഒരു നേര്‍രേഖ അതിന്റെ സാക്ഷ്യപത്രമാണ്. കോഴിക്കോട് ജില്ലയിലെ നന്മണ്ട പ്രൈമറി സ്‌കൂളില്‍ ഹൈ സ്‌കൂള്‍ പഠനം വരെ പൂര്‍ത്തിയാക്കിയ പവിത്രന്‍ പിന്നീട് മീഞ്ചന്ത ആര്‍ട്‌സ് കോളജില്‍ നിന്നും പ്രീഡിഗ്രി പഠനം നടത്തി. തുടര്‍ന്ന് കേരളത്തിലെ ആദ്യകോളജുകളിലൊന്നായ മലബാര്‍ ക്രിസ്റ്റ്യന്‍ കോളജില്‍ നിന്നും ബി എ എക്കണോമിക്‌സില്‍ ബിരുദം നേടി. ഗുരുവായൂരപ്പന്‍ കോളജില്‍ നിന്നും എം എ എക്കണോമിക്‌സും,  പിന്നീട് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും എം എ ഹിസ്റ്ററി ബിരുദവും സ്വന്തമാക്കിയ പവിത്രന്‍മാഷ് കോഴിക്കോട് ഗവ. ട്രെയിനിങ് കോളജില്‍ നിന്നും ബി എഡ് പഠനവും, കേരളാ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് എം എഡും, മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംഫിലും, പിന്നീട് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് എം സി റ്റിയും നേടി. അപ്പോഴും പഠിക്കാനുള്ള അഭിനിവേശം പവിത്രനില്‍ അവശേഷിച്ചു. ഇതോടെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും എഡ്യുക്കേഷന്‍ ആന്റ് സൈക്കോളജി എന്ന വിഷയത്തില്‍ പിഎച്ച്ഡി സ്വന്തമാക്കി. പതിറ്റാണ്ടുകള്‍ നീണ്ട വിദ്യാഭ്യാസത്തിലൂടെ മികച്ചൊരു അധ്യാപകനായി അനായാസം അദ്ദേഹം മാറി. ബാലുശ്ശേരി ആദര്‍ശ വിദ്യാപീഠത്തിലായിരുന്നു അധ്യാപനജീവിതത്തിന്റെ തുടക്കം. അതിന് ശേഷം പേരാമ്പ്ര സികെജിഎം കോളജ്, കോഴിക്കോട് ഗവ. ട്രെയിനിങ് കോളജ്, ഗവ. ലോ കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായി. തുടര്‍ന്ന് പ്രശസ്തമായ വടകര മടപ്പള്ളി ഗവ. കോളജിലും, മീഞ്ചന്ത ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലും  അധ്യയനം നടത്തി. അധ്യാപനജീവിതം അവിടം കൊണ്ടും അദ്ദേഹം അവസാനിപ്പിച്ചില്ല. ലോ കോളജില്‍ തന്നെ മടങ്ങിയെത്തി ലീഗല്‍ എക്കണോമിക്‌സ് എന്ന വിഷയത്തില്‍ ക്ലാസ്സുകളെടുത്തു. 2006-ല്‍ അവിടെ നിന്നാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കുന്നത്. വിരമിച്ച ശേഷവും വിവിധ സ്ഥാപനങ്ങള്‍ കഴിവിനെ മാനിച്ചുകൊണ്ട് അദ്ദേഹത്തെ തേടിയെത്തി. അങ്ങനെ സുല്‍ത്താന്‍ ബത്തേരി മാര്‍ബസേലിയോസ് ബി എഡ് സെന്ററിലും, പേരാമ്പ്ര മദര്‍ തെരേസ ബി എഡ് സെന്ററിലും പ്രിന്‍സിപ്പലായി ജോലി നോക്കി. 2013-ലാണ് വീണ്ടും അധ്യാപകനായി വയനാട്ടിലെത്തുന്നത്. അത് പുല്‍പ്പള്ളി സി കെ രാഘവന്‍ മെമ്മോറിയല്‍ ബി എഡ് സെന്റര്‍ അധികൃതരുടെ അപേക്ഷ പരിഗണിച്ചായിരുന്നു. അധ്യാപകപഠനം നടത്തിയവരടക്കം അദ്ദേഹം വിദ്യ അഭ്യസിപ്പിച്ച് വിട്ടത് ഒരു ലക്ഷത്തോളം പേരെയായിരുന്നു. 12 വര്‍ഷം വിവിധ കോളജുകളില്‍ പ്രിന്‍സിപ്പലായി ജോലി ചെയ്തു. കോഴിക്കോട് സാമുതിരി എച്ച് എസ് എസിലെ അധ്യാപികയായ ഷീബയാണ് പവിത്രന്‍മാഷിന്റെ ഭാര്യ. ബോസ്‌ക് കമ്പനി സീനിയര്‍ സോഫ്ട് വെയര്‍ എന്‍ജിനീയറായ ഫെബിനും, വിദ്യാര്‍ത്ഥിയായ ഋതികുമാണ് മക്കള്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss