|    Sep 22 Sat, 2018 4:22 pm
FLASH NEWS
Home   >  Editpage  >  Editorial  >  

പഠാന്‍കോട്ട് ആക്രമണവും അന്വേഷണ റിപോര്‍ട്ടും

Published : 22nd June 2017 | Posted By: fsq

 

2016 ജനുവരി 2നു പഞ്ചാബിലെ പഠാന്‍കോട്ട് വ്യോമസേനാ താവളത്തില്‍ അതിര്‍ത്തി കടന്നുവന്ന അക്രമികള്‍ നടത്തിയ ആക്രമണം രാഷ്ട്രത്തെ നടുക്കുകയും പാകിസ്താനുമായുള്ള ബന്ധങ്ങള്‍ കൂടുതല്‍ വഷളാക്കുന്നതിനു വഴിവയ്ക്കുകയും ചെയ്തിരുന്നു. ദേശീയ സുരക്ഷാ മേധാവി അജിത് ഡോവല്‍ നേരിട്ടു മേല്‍നോട്ടം വഹിച്ച ഓപറേഷനിലൂടെയാണ് അക്രമികളെ വകവരുത്താന്‍ കഴിഞ്ഞത്. സൈനികത്താവളങ്ങളുടെയും സ്ഥാപനങ്ങളുടെയും സുരക്ഷ സംബന്ധിച്ച് ഒരുപാട് വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയതാണ് പഠാന്‍കോട്ട് സംഭവം. ഏതാണ്ട് ഒരു വര്‍ഷം കഴിഞ്ഞാണ് ഇന്ത്യന്‍ വ്യോമസേന അതു സംബന്ധിച്ച് അന്വേഷിക്കാന്‍ തയ്യാറായത്. സംഭവം സംബന്ധിച്ച് പ്രത്യേക അന്വേഷണം നടത്തിയ എന്‍ഐഎയുടെ മുമ്പില്‍ വ്യോമസേനാ താവളത്തിലെ ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഹാജരാവാതിരുന്നത് വിവാദമാവുകയുണ്ടായി. വ്യോമസേന നിശ്ചയിച്ച അന്വേഷണസംഘം ഇപ്പോള്‍ പുറത്തുവിട്ട വിവരങ്ങള്‍ നമ്മുടെ സൈനികത്താവളങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ഗുരുതരമായ വീഴ്ചയുണ്ടാവുന്നു എന്നു വ്യക്തമാക്കുന്നതാണ്. പഠാന്‍കോട്ട് സ്‌റ്റേഷന്‍ കമാന്‍ഡറായ ജെ എസ് ധമൂനെപ്പറ്റി തന്നെയാണ് ഏറ്റവും കൂടുതല്‍ പരാതിയുയര്‍ന്നത്.  അന്വേഷണ സമിതി അധ്യക്ഷന്‍ എയര്‍ വൈസ് മാര്‍ഷല്‍ അമിത് ദേവും സംഘവും ചൂണ്ടിക്കാട്ടുന്നത്, താവളത്തിനുള്ളില്‍ കടന്ന അക്രമികളെ വ്യോമസേനയിലെ കമാന്‍ഡോകള്‍ക്ക് സമയത്തു നേരിടാന്‍ പറ്റിയിരുന്നുവെങ്കില്‍ അഞ്ചു സുരക്ഷാ ഭടന്‍മാരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്നാണ്. അക്കാരണം കൊണ്ടുതന്നെ മാരകമായ ആയുധങ്ങള്‍ ധരിച്ചെത്തിയ അക്രമികള്‍ അഞ്ചു ദിവസം താവളത്തിനുള്ളില്‍ തന്നെ വെടിയുതിര്‍ത്തുകൊണ്ടിരുന്നു. ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പു നല്‍കുന്ന ഇന്റലിജന്‍സ് റിപോര്‍ട്ട് ഉണ്ടായിട്ടും അധികൃതര്‍ അത് അവഗണിക്കുകയും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാതിരിക്കുകയും ചെയ്തു. അക്രമികള്‍ ഉപയോഗിച്ച കയര്‍ ചുറ്റുമതിലില്‍ തൂങ്ങിക്കിടക്കുന്നതു പോലും കാവല്‍ഭടന്‍മാര്‍ ശ്രദ്ധിച്ചില്ല. കാവല്‍പ്പുരകളില്‍ ഡ്യൂട്ടി ചെയ്യാന്‍ ആരെയും നിയോഗിച്ചില്ല. ഫഌഡ്‌ലൈറ്റുകളോ ഇലക്ട്രോണിക് സെന്‍സറുകളോ ശരിക്കു പ്രവര്‍ത്തിച്ചിരുന്നില്ല. വിവിധ സൈനിക ഘടകങ്ങളുടെ പ്രവര്‍ത്തനം പരിശോധിക്കുന്നതിനു പാര്‍ലമെന്റിനോ ഭരണഘടനാപരമായ മറ്റു ഏജന്‍സികള്‍ക്കോ അധികാരമില്ലാത്തതിനാല്‍ ഇത്തരം അന്വേഷണ റിപോര്‍ട്ടുകളുടെ ഗതി എന്താവുമെന്നു പ്രവചിക്കുക പ്രയാസകരമാണ്. മാത്രമല്ല, സൈനിക വിഭാഗങ്ങളുടെ കാര്യക്ഷമതയില്ലായ്മ ചൂണ്ടിക്കാട്ടുന്നതു പോലും രാജ്യദ്രോഹമായി ചിത്രീകരിക്കുന്ന ഒരന്തരീക്ഷം നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ പരിമിതമായ അര്‍ഥത്തില്‍ മാത്രമേ വിമര്‍ശനങ്ങള്‍ ഉയരുകയുള്ളൂ. അതേയവസരം, സൈനികത്താവളങ്ങളുടെ സുരക്ഷയെന്നത് രാജ്യരക്ഷയെ സംബന്ധിച്ച് അത്യന്തം നിര്‍ണായകമാണെന്നതു മറന്നുകൂടാ. പഠാന്‍കോട്ട് ആക്രമണത്തെക്കുറിച്ച് വ്യോമസേന തന്നെ തയ്യാറാക്കിയ റിപോര്‍ട്ടും അതിലെ ശുപാര്‍ശകളും അധികൃതര്‍ ഗൗരവത്തില്‍ ചര്‍ച്ച ചെയ്യുമെന്നുതന്നെ നമുക്കു പ്രത്യാശിക്കാം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss