|    Jun 24 Sun, 2018 10:10 pm
FLASH NEWS

പഠന നിലവാരം ഇനി രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ഓണ്‍ലൈനായി അറിയാം

Published : 26th February 2016 | Posted By: SMR

മലപ്പുറം: വിദ്യാര്‍ഥികളുടെ പഠന പുരോഗതിയും നിലവാരവും ഇനി രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും എവിടെ വെച്ചും ഓണ്‍ലൈനായി അറിയാം. 1 മുതല്‍ 8ാം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠനപുരോഗതി തുര്‍ച്ചയായി വിലയിരുത്തുന്നതിന് എസ്എസ്എ മലപ്പുറമാണ് സ്റ്റുഡന്റ് ക്വളിറ്റി മോണിറ്ററിംഗ് ടൂള്‍ (എസ്‌ക്യുഎംടി ) എന്ന പേരില്‍ ഓണ്‍ലൈന്‍ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന ജില്ലാതല മികവ് പ്രദര്‍ശനത്തില്‍ വെച്ച് ഐ.ടി, വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പുതിയ സംവിധാനത്തിന്റെ ലോഞ്ചിംഗ് നിര്‍വ്വഹിച്ചു.
പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ പഠനനിലവാരം തുടര്‍ച്ചയായി വിലയിരുത്താന്‍ കാര്യക്ഷമമായ രീതി സ്വീകരിക്കുക, വിവരസാങ്കേതിക വിദ്യയുടെ സാധ്യതയുപയോഗിച്ച് പൊതുവിദ്യാലയങ്ങളിലെ പഠനപുരോഗതി നിരീക്ഷിക്കുക, സാധാരണ രക്ഷിതാക്കള്‍ക്കും ഓരോ കുട്ടികളുടെയും പഠന നിലവാരവും പുരോഗതിയും വിരല്‍തുമ്പില്‍ ലഭ്യമാക്കുക വഴി വിദ്യാലയ ശാക്തീകരണം സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി കേരളത്തിലാദ്യമായാണ് മുലപ്പുറം എസ്എസ്എ യുടെ ആഭിമുഖ്യത്തില്‍ ഇത്തരം ഒരു ഓണ്‍ലൈന്‍ മോണിറ്ററിംഗ് രീതി ആവിഷ്‌കരിച്ചിരിക്കുന്നത്.
നാഷണല്‍ കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷനല്‍ റിസര്‍ച്ച് ആന്റ് ട്രൈനിംഗ് തയ്യാറാക്കിയ ക്വാളിറ്റി മോണിറ്ററിംഗ് ടൂളിനെ അടിസ്ഥാനപ്പെടുത്തിയാണ് എസ്‌ക്യുഎംടി വികസിപ്പിച്ചിട്ടുള്ളത്. സ്‌കൂളില്‍ നിന്ന് ഓരോ കുട്ടിയുടെയും പഠന പുരോഗതി നേരിട്ട് ഡാറ്റാ എന്‍ട്രി ചെയ്യാവുന്ന തരത്തിലാണ് പ്രസ്തുത സോഫ്റ്റ് വെയറിനെ രൂപപ്പെടുത്തിയിട്ടുള്ളത്.
രക്ഷിതാക്കള്‍ക്ക് കുട്ടിയുടെ ഹാജര്‍, ക്ലാസ്മാറ്റം, മാര്‍ക്ക് ഗ്രേഡ്, മറ്റു പഠന പുരോഗതി എന്നിവ നേരിട്ട് വിലയിരുത്താന്‍ ഈ സോഫ്റ്റ് വെയറിന്റെ സഹായത്തോടെ സാധ്യമാകും. അധ്യാപകര്‍ക്ക് മാര്‍ക്ക്‌ലിസ്റ്റ്, പ്രമോഷന്‍ ലിസ്റ്റ്, ക്ലാസ് മാറ്റം എന്നീ കാര്യങ്ങള്‍ ഒരൊറ്റ എന്‍ട്രിയിലൂടെ സാധ്യാമാകും എന്നതാണ് ഇതിന്റെ പ്രധാനപ്രത്യേകത. വിദ്യാഭ്യാസ ഓഫീസര്‍മാര്‍, അധ്യാപക വിദ്യാര്‍ത്ഥികള്‍, വിദ്യാഭ്യാസ നിലവാരവുമായി ബന്ധപ്പെട്ട് വിവിധ പഠനം നടത്തുന്നവര്‍, വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങള്‍, പൊതു പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ഓരോ സ്‌കൂളിന്റെയും, ക്ലസ്റ്റര്‍ തലം, ബ്ലോക്ക്തലം, ജില്ലാതലം എന്നീ മേഖലകളിലെ താരതമ്യ പഠനം നടത്താന്‍ ലഭ്യമായ വിവരങ്ങളും എസ്‌ക്യുഎംടിയില്‍ ലഭ്യമാകും.
പൊതുവിദ്യാലയങ്ങളുടെ മെച്ചപ്പെടുത്തലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തു തന്നെ ആദ്യമായി തയ്യാറാക്കിയ ഈ സോഫ്റ്റ് വെയര്‍ വികസിപ്പിച്ചത് മലപ്പുറം എസ്എസ്എ പ്രോജക്റ്റ് ഓഫിസിന്റെ നേതൃത്വത്തിലാണ്. വാര്‍ത്താ സമ്മേളനത്തില്‍ പി മുജീബുറഹ്മാന്‍, മുഹമ്മദ് സഹീര്‍,ബിഎം ഹുസൈന്‍, അലവി ഉമ്മത്തൂര്‍,അഫ്‌സല്‍,അനീസ്,റഫീഖ്,ശംസീര്‍,അനസ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss