|    Oct 16 Tue, 2018 3:32 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

പഠനമികവില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ മുന്‍പന്തിയില്‍

Published : 29th January 2017 | Posted By: fsq

 

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ തിരിച്ചുവരവിന്റെ പാതയിലെന്ന് റിപോര്‍ട്ടുകള്‍. സ്വകാര്യ സ്‌കൂളുകളില്‍ നിന്ന് മാറി മാതാപിതാക്കള്‍ സര്‍ക്കാര്‍ സ്‌കുളുകളെ ആശ്രയിക്കുന്നതിന്റെ തോത് വര്‍ധിക്കുന്നതായും വിദ്യാഭ്യാസ മേഖലയിലെ സന്നദ്ധസംഘടനയായ ആനുവല്‍ സ്റ്റാറ്റസ് ഓഫ് എജ്യൂക്കേഷന്‍ (അസര്‍) നടത്തിയ സര്‍വേ റിപോര്‍ട്ടില്‍ പറയുന്നു.കേരളം, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേരുന്നവരുടെ എണ്ണത്തില്‍ അടുത്തകാലത്തു വന്‍ വര്‍ധനയാണു ഉണ്ടായിരിക്കുന്നത്. കേരളത്തി ല്‍ അഞ്ചാംക്ലാസ് മുതലാണ് സിബിഎസ്ഇ സ്‌കുളുകളില്‍നിന്ന് സര്‍ക്കാര്‍ സ്‌കൂളിലേക്കും സര്‍ക്കാര്‍ എയ്ഡഡ് സ്‌ക്കൂളിലേക്കും കുടിയേറുന്നത്. 2014ല്‍ 6നും14നും ഇടയിലുള്ള 62 ശതമാനം കുട്ടികള്‍ സ്വകാര്യ സ്‌കൂളുകളില്‍ പ്രവേശനം നേടി. എന്നാല്‍ 2016ല്‍ അത് 55 ശതമാനമായി കുറഞ്ഞു. തദ്ഫലമായി സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശനം 37 ശതമാനത്തില്‍നിന്നും 45 ശതമാനമായി ഉയര്‍ന്നതായും അസര്‍ റിപോര്‍ട്ടില്‍ പറയുന്നു. മറ്റു സംസ്ഥാനങ്ങളില്‍ റിപോര്‍ട്ട് പ്രകാരം സ്വകാര്യ സ്‌കൂളുകളിലേക്കുള്ള തള്ളിക്കയറ്റം 30.8ല്‍നിന്നും 30.5 ആയി കുറഞ്ഞു.കേരളത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ ചെറിയ ക്ലാസുകളില്‍ പഠിക്കുന്നവര്‍ സ്വകാര്യ സ്‌കൂളുകളിലെ അതേ ക്ലാസുകളില്‍ പഠിക്കുന്നവരെക്കാള്‍ മികവു പുലര്‍ത്തുന്നവരാണെന്നും പഠനഫലം പറയുന്നു. ഒന്നാംക്ലാസിലെ പാഠപുസ്തകം വായിക്കാനറിയുന്ന മൂന്നാംക്ലാസുകാരുടെ എണ്ണം 2014ല്‍ 40.2 ശതമാനമായിരുന്നത് 2016ല്‍ 42.5 ശതമാനമായി വര്‍ധിച്ചു. സര്‍ക്കാര്‍ സ്‌കൂളുകളിലെ നാലാംക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ കണക്കില്‍ മികച്ച നിലവാരം പുലര്‍ത്തുന്നവരാണ്. രണ്ടക്ക സംഖ്യകള്‍ തമ്മിലുള്ള വ്യവകലനം 2014ല്‍ മൂന്നാംക്ലാസ് വിദ്യാര്‍ഥികളില്‍ 25.4 ശതമാനത്തിനു അറിയാമായിരുന്നതു 2016ല്‍ 27.7 ശതമാനമായി ഉയര്‍ന്നു. എന്നാല്‍, ഇംഗ്ലീഷ് വായിക്കാനുള്ള അറിവിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രൈമറി ക്ലാസുകള്‍ പിന്നിലാണ്. 2009 മുതല്‍ അഞ്ചാംക്ലാസില്‍ പഠിക്കുന്ന 24.5 ശതമാനത്തിന് ചെറിയ ഇംഗ്ലീഷ് വാചകങ്ങള്‍ വായിക്കാന്‍ കഴിഞ്ഞു. 2009ലും ഇത് തുടരുകയാണെന്നും സര്‍വേഫലം വെളിവാക്കുന്നു. എന്നാല്‍ കേരളം, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ്, ഛത്തിസ്ഗഡ്, ഗുജറാത്ത്, മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ മികവ് പുലര്‍ത്തുന്നുണ്ട്. കേരളം, ഗുജറാത്ത് സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികളാണ് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ കൂടുതല്‍ പ്രവേശനം നേടുന്നതെന്ന് അസര്‍ റിസര്‍ച്ച് അസോഷ്യേറ്റ് സൗമ്യ നായര്‍ പറഞ്ഞു. കേരളത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളെ കുടുതലായി ആശ്രയിക്കുന്നത് മലബാറുകാരാണ്. തെക്കന്‍ കേരളത്തില്‍ സ്വകാര്യ സ്‌കൂളുകളോടാണ് പ്രിയം. മധ്യകേരളത്തില്‍ 60 ശതമാനം കുട്ടികള്‍ സ്വകാര്യ സ്‌കൂളുകളില്‍ പ്രവേശനം നേടുമ്പോള്‍ തെക്കന്‍ കേരളത്തില്‍ 62 ശതമാനവും വടക്കന്‍ കേരളത്തില്‍ അത് 45 ശതമാനവുമാണെന്നും ആനുവല്‍ സ്റ്റാറ്റസ് ഓഫ് എജ്യൂക്കേഷന്‍ റിപോര്‍ട്ടില്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss