|    May 25 Thu, 2017 8:07 pm
FLASH NEWS

പഠനനിലവാരം ഉയര്‍ത്താന്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതി

Published : 1st September 2016 | Posted By: SMR

കണ്ണൂര്‍: ജില്ലയിലെ 3 മുതല്‍ 12 വരെ ക്ലാസുകളിലുള്ള വിദ്യാര്‍ഥികളുടെ പഠന നിലവാരം ഉയര്‍ത്താനുള്ള ജില്ലാപഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതി സപ്തംബര്‍ 5ന് ഉച്ചയ്ക്ക് 2ന് ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പി കെ ശ്രീമതി എംപി ഉദ്ഘാടനം ചെയ്യുമെന്ന് പ്രസിഡന്റ് കെ വി സുമേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ചടങ്ങില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ 100 ശതമാനം വിജയം നേടിയ സ്‌കൂളുകളെ അനുമോദിക്കും. സമഗ്ര വിദ്യാഭ്യാസ പദ്ധതിക്കായി ജില്ലാപഞ്ചായത്ത് 50 ലക്ഷം രൂപയാണ് വകയിരുത്തിയത്. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ തിരഞ്ഞെടുത്ത 25 സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളും നടപ്പാക്കും. ജില്ലയിലെ പ്രൈമറി മുതല്‍ ഹയര്‍ സെക്ക ന്‍ഡറി തലം വരെയുള്ള വിദ്യാഭ്യാസ നിലവാരവും വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യവും മെച്ചപ്പെടുത്താനുള്ള സമഗ്രമായ ഇടപെടലാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
3 മുതല്‍ 7 വരെ ക്ലാസുകളിലാണ് പദ്ധതി ആദ്യം ആരംഭിക്കുന്നത്. മാതൃഭാഷ, ഗണിതം, ഇംഗ്ലീഷ് വിഷയങ്ങളില്‍ അടിസ്ഥാന ശേഷി ഉറപ്പിക്കാന്‍ പ്രത്യേക കോച്ചിങ് പദ്ധതിയില്‍ ഉണ്ടാവും. തുടര്‍ന്ന് 8ാം ക്ലാസ് മുതല്‍ ഹയര്‍ സെക്കന്‍ഡറി തലത്തിലേക്കും പദ്ധതി വ്യാപിപ്പിക്കും. 8, 9 ക്ലാസുകളില്‍ മാതൃഭാഷ, ഗണിതം, ഭൂമിശാസ്ത്രം, ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്താന്‍ പ്രത്യേക പരിപാടികള്‍ ഉണ്ടാവും. പത്താം ക്ലാസില്‍ മുഴുവന്‍ വിഷയങ്ങളുടെയും പഠന നിലവാരം ഉയര്‍ത്തും. ഇതിനായി ഓരോ സ്‌കൂളിനും പ്രത്യേകം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. ഇതനുസരിച്ചായിരിക്കും അവിടെ പ്രവര്‍ത്തനങ്ങള്‍ നടത്തുക.
ഓരോ സ്‌കൂളിലെയും വിദ്യാര്‍ഥികള്‍ തന്നെയായിരിക്കും മാസ്റ്റര്‍ പ്ലാനിന് ആവശ്യമായ പ്രാഥമിക സ്‌കൂള്‍ സര്‍വേ നടത്തി റിപോര്‍ട്ട് തയ്യാറാക്കുക. ഓരോ ഡിവിഷനിലെയും ഒരു സ്‌കൂള്‍ ഇതിനായി തിരഞ്ഞെടുക്കും. അവിടെ ഡിവിഷനംഗം ചെയര്‍മാനായി സ്‌കൂള്‍ വികസന സമിതി ഉണ്ടാക്കും. പൂര്‍വ വിദ്യാര്‍ഥികളെയും നാട്ടുകാരെയുമെല്ലാം ഏകോപിപ്പിച്ച് സ്‌കൂള്‍ വികസന നിധിയും സ്വരൂപിക്കും. ഇതോടൊപ്പം കുട്ടികളുടെ മാനസികവും ശാരീരികവുമായ വികാസം ലക്ഷ്യമിട്ടുള്ള കായിക പരിശീലനവും ബോധവല്‍ക്കരണ പരിപാടികളും പദ്ധതിയുടെ ഭാഗമായുണ്ടാവും.
വാര്‍ത്താസമ്മേളനത്തില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ പി ജയബാലന്‍, വി കെ സുരേഷ് ബാബു, കെ ശോഭ, ടി ടി റംല, സെക്രട്ടറി എം കെ ശ്രീജിത്ത് സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day