|    Dec 10 Mon, 2018 2:56 am
FLASH NEWS

പഠനത്തിന് കണ്‍സല്‍ട്ടന്‍സിക്കായി വിജ്ഞാപനമിറങ്ങി

Published : 1st May 2017 | Posted By: fsq

 

എരുമേലി: നിര്‍ദിഷ്ട ശബരിമല വിമാനത്താവളം കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ എവിടെയാവും നിര്‍മിക്കുകയെന്ന് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വ്യക്തമാവും. ഈ ജില്ലകളില്‍ തിരഞ്ഞെടുത്ത സ്ഥലങ്ങള്‍ പരിശോധിക്കുന്നതിനും ഏറ്റവും അനുയോജ്യമായ സ്ഥലം സംബന്ധിച്ച് സര്‍ക്കാരിന്റെ അനുമതിയോടെ തീരുമാനിച്ച് വിമാനത്താവളം നിര്‍മിക്കുന്നതിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനുമായി കണ്‍സല്‍ട്ടന്‍സിയെ തിരഞ്ഞടുത്ത് ചുമതല നല്‍കാന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം നിര്‍ദിഷ്ട വിമാനത്താവളത്തിന്റെ നോഡല്‍ ഏജന്‍സിയായ സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.  വിമാനത്താവളങ്ങള്‍ക്ക് വേണ്ടി പഠനങ്ങളും പദ്ധതികളും തയ്യാറാക്കി നല്‍കുന്ന ലോക നിലവാരമുള്ള കണ്‍സല്‍ട്ടിങ് ഏജന്‍സികളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നാളെ വരെ അപേക്ഷ നല്‍കാം. ഒമ്പതിന് അപേക്ഷകരില്‍ നിന്ന് മാര്‍ക്കിട്ട് കൂടുതല്‍ മാര്‍ക്ക് നേടിയ ക ണ്‍സല്‍ട്ടന്‍സിക്ക് സാധ്യതാ പഠനത്തിനായി ചുമതല നല്‍കും. തുടര്‍ന്ന് പഠനം പൂര്‍ത്തിയാക്കി നാല് മാസത്തിനകം അന്തിമ റിപോര്‍ട്ടും എന്‍വയോണ്‍മെന്റല്‍ ഇംപാക്ട് അസ്സസ്‌മെന്റ് പഠനവും പൂര്‍ത്തിയാക്കി ഒമ്പത് മാസത്തിനകം ക്ലിയറന്‍സും സമര്‍പിക്കുന്നതോടെ കണ്‍സല്‍ട്ടന്‍സിയുടെ ചുമതല പൂര്‍ത്തിയാവും. ഇന്റ്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെയും (ഐസിഎഒ) ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷ്‌ന്റെയും(ഡിജിസിഎ) മാര്‍ഗ നിര്‍ദേശ പ്രകാരമാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കേണ്ടത്. ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ നിയമ സാധുതാ പരിശോധന, സ്ഥലത്തിന്റെ മൂല്യ നിര്‍ണയം, ഏറ്റെടുക്കലിനുള്ള മാര്‍ഗങ്ങള്‍, 30 വര്‍ഷം മുന്നില്‍ കണ്ട് ദീര്‍ഘദൃഷ്ടിയോടെയുളള വിമാനത്താവള നിര്‍മാണം, പാസഞ്ച ര്‍ ടെര്‍മിനല്‍ സമുച്ചയം, കാര്‍ഗോ ടെര്‍മിനല്‍ കേന്ദ്രം, വെയര്‍ഹൗസ്, റണ്‍വേ, ടാക്‌സിവേ, റഡാര്‍ ആന്റ് ലാന്‍ഡിങ്  ടേക്ക് ഓഫ് സിസ്റ്റംസ്, കണ്‍ട്രോള്‍ ടവര്‍, ഫയര്‍സ്‌റ്റേഷന്‍, ഫ്യൂവലിങ് സ്‌റ്റേഷന്‍, ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റം, നൈറ്റ് ലാന്‍ഡിങ് ഫെസിലിറ്റി, മെയിന്റനന്‍സ് വര്‍ക് ഷോപ് തുടങ്ങി അന്താരാഷ്ട്ര വിമാനത്താവളമായി ഭാവിയില്‍ വികസിപ്പിക്കുന്നതിന് സഹായിക്കുന്ന മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനാണ് നിര്‍ദേശം. ബാങ്ക്, കണ്‍വന്‍ഷന്‍ സെന്റര്‍, ഗോള്‍ഫ് കോഴ്‌സ്, ബിസിനസ് സെന്റര്‍, പാര്‍ക്, ദേശീയ പാതകളുമായി ബന്ധിപ്പിച്ചു ള്ള റോഡ് ഗതാഗത സൗകര്യങ്ങള്‍  എന്നിവയും സാധ്യമാക്കിയിരിക്കണം. ചുരുക്കത്തില്‍ വിമാനത്താവള നിര്‍മാണത്തിന് അനുകൂലവും പ്രതികൂലവുമായ സവിശേഷതകളും ന്യൂനതകളും പാരിസ്ഥിതിക ഘടകങ്ങളും വരുമാന സാഹചര്യങ്ങളുമെല്ലാം വിലയിരുത്തി പരിശോധിച്ചാണ് പഠനം നടത്തി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കേണ്ടത്. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഏതാനും റബര്‍ തോട്ടങ്ങളാണ് വിമാനത്താവളത്തിന് വേണ്ടി പരിശോധിക്കാന്‍ നിര്‍ദേശിച്ചിട്ടുളളത്. ഇതിനായി സ ര്‍ക്കാര്‍ നിയോഗിച്ച  പ്രത്യേക സമിതി നല്‍കിയ ലിസ്റ്റില്‍ കോട്ടയം ജില്ലയിലെ മൂന്ന് എസ്‌റ്റേറ്റുകളുണ്ട്. ചെറുവള്ളി എസ്‌റ്റേറ്റ്, വെള്ളനാടി ട്രോപ്പിക്കല്‍ എസ്‌റ്റേറ്റ്, മുക്കൂട്ടുതറ പാലാമ്പടം തോട്ടം എന്നീ എസ്‌റ്റേറ്റുകളാണിവ. ഇതില്‍ 2256 ഏക്കറുള്ള ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റവും അനുയോജ്യമാണെന്ന് ഒരു വിദേശമലയാളി സംഘടനക്ക് വേണ്ടി എയ്‌കോം എന്ന സ്വകാര്യ കണ്‍സല്‍ട്ടന്‍സി കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ എസ്‌റ്റേറ്റ് ഏറ്റെടുക്കാന്‍ സര്‍ക്കാരിന് ഒട്ടേറെ നിയമതടസ്സങ്ങള്‍ നേരിടേണ്ടിവരുമെന്ന് പ്രത്യേക സമിതി പറയുന്നു. നിലവില്‍ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ അധീനതയിലാണ് എസ്‌റ്റേറ്റെങ്കിലും സര്‍ക്കാര്‍ ഭൂമിയാണെന്ന വാദത്തില്‍ സര്‍ക്കാരുമായി കേസ് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ  പ്രതികൂല സാഹചര്യം മുന്‍നിര്‍ത്തിയാണ് വെള്ളനാടി, മുക്കൂട്ടുതറ തോട്ടങ്ങള്‍ അഡീഷനല്‍ റവന്യു സെക്രട്ടറിയും സംഘവും കഴിഞ്ഞയിടെ സന്ദ ര്‍ശിച്ചത്. വെള്ളനാടി ട്രോപ്പിക്ക ല്‍ എസ്‌റ്റേറ്റില്‍ 450 ഏക്കറോളം സര്‍ക്കാര്‍ ഭൂമിയും പാട്ടക്കാലാവധിക്ക് ശേഷം വില്‍പന നടത്തി വാങ്ങിയ 350 ഏക്കറോളം അനധികൃത ഭൂമിയുമുണ്ടെന്ന് ആക്ഷേപമുണ്ട്. സമീപത്തെ മറ്റൊരു തോട്ടം കൂടി ചേര്‍ത്ത് 1300 ഏക്കറോളം സ്ഥലം  ലഭ്യമാവുമെങ്കിലും ഉയരമേറിയ കുന്നുകളുമുണ്ടെന്നാണ് പ്രത്യേക സമിതിയുടെ വിലയിരുത്തല്‍. 830 ഏക്കറുള്ള മുക്കൂട്ടുതറ എസ്‌റ്റേറ്റില്‍ സ്ഥലപരിമിതിയും കുന്നുകളും ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ രണ്ട് എസ്‌റ്റേറ്റുകള്‍ പരിഗണിക്കണമെന്ന് മുക്കൂട്ടുതറ സ്വദേശിയും കോണ്‍ഗ്രസ് നേതാവുമായ സി കെ മോഹിനി നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ്  പ്രത്യേക സമിതി സന്ദര്‍ശിച്ച് വിലയിരുത്തിയത്. നിലവില്‍ ശബരിമലയില്‍ നിന്ന് തിരുവനന്തപുരം, കൊച്ചി വിമാനതാവളങ്ങളിലേക്ക് യഥാക്രമം 170, 160 കിലോമീറ്ററാണ് ദൈര്‍ഘ്യം. നിര്‍ദിഷ്ട വിമാനത്താവളം തീര്‍ത്ഥാടകര്‍ക്കും കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലെ പ്രവാസികള്‍ക്കും സമഗ്ര വികസനത്തിനും പ്രയോജനകരമാവും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss