|    Nov 21 Wed, 2018 5:38 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പഠനങ്ങള്‍ നടത്താതെ ചുങ്കപ്പാതയ്ക്കു വേണ്ടി നടത്തുന്ന പ്രഹസനങ്ങള്‍ വികസന വിരുദ്ധത

Published : 12th August 2018 | Posted By: kasim kzm

തളിക്കുളം (തൃശൂര്‍): പാരിസ്ഥിതികവും സാമൂഹികവുമായ പഠനം നടത്താതെ ചുങ്കപ്പാതയ്ക്കു വേണ്ടി നടത്തുന്ന പ്രഹസനങ്ങള്‍ വികസന വിരുദ്ധതയാണെന്നു മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. തളിക്കുളത്ത് എന്‍എച്ച് ആക് ഷന്‍ കൗണ്‍സില്‍ ആറു ദിവസമായി നടത്തിവരുന്ന നിരാഹാര പന്തലില്‍ ഭൂമി നഷ്ടപ്പെടുന്നവരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ചുങ്കപ്പാതയ്ക്കു വേണ്ടി സ്ഥലമെടുപ്പ് എന്നപേരില്‍ നടക്കുന്നത് വികസനമല്ല, അതിക്രമമാണ്. രാജ്യത്തെ ഏറ്റവും വലിയ അഴിമതി വീരന്മാരാണ് ഹൈവേ അതോറിറ്റിയുടെ മേലാളന്മാര്‍. ലക്ഷങ്ങള്‍ പലപ്പോഴും അവരുടെ കൈയില്‍ നിന്നു സിബിഐ പിടിച്ചെടുത്തിട്ടുണ്ട്. പട്ടികജാതിക്കാര്‍ താമസിക്കുന്ന കോളനികള്‍ തകര്‍ക്കുകയും കുടിവെള്ള സ്രോതസ്സുകള്‍ ഇല്ലാതാക്കുകയും ചെയ്യുന്ന ചുങ്കപ്പാത ജനങ്ങളുടെ വികസനത്തിനു വേണ്ടിയാണോ എന്ന് ചിന്തിക്കണം. ഇവര്‍ തയ്യാറാക്കുന്ന അലൈന്‍മെന്റുകള്‍ വെള്ളം തൊടാതെ വിഴുങ്ങുന്ന സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ നടപടി നീതീകരിക്കാനാവില്ല.
3 എ നോട്ടിഫിക്കേഷന്‍ വന്നു ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥലമെടുപ്പ് അളവ് നടക്കുന്നതില്‍ ദുരൂഹതയുണ്ട്. തീരദേശ മേഖലയിലെ അഞ്ച് എംഎല്‍എമാരും ത്രിതല പഞ്ചായത്തും ഈ അതിക്രമത്തിനെതിരേ രംഗത്തു വരണം. എല്ലാ കക്ഷികളും ഒരുമിച്ചു ചര്‍ച്ച ചെയ്തു നാടിനെ രക്ഷിക്കണം- സുധീരന്‍ പറഞ്ഞു. ഇതു സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സമരമല്ല. കേരളത്തില്‍ 45 മീറ്റര്‍ റോഡ് അപ്രാ യോഗികമാണ്. അത്തരം ഒരു സാഹചര്യത്തിലാണ് ചിലയിടങ്ങളില്‍ 65 മീറ്റര്‍ എടുക്കുന്നത്. അത്തരം കാര്യങ്ങള്‍ സ്ഥലമുടമകളെ ബോധ്യപ്പെടുത്താതെ, കാര്യങ്ങള്‍ ചോദിച്ചറിയുന്നവരെ പോലിസിനെ ഉപയോഗിച്ചു ഭീഷണിപ്പെടുത്തുകയാണ്. വിഷയങ്ങള്‍ ഉയര്‍ത്തിയ സ്ഥലമുടമകളെയും സമരം നടത്തുന്നവരെയും പോലിസ് അറസ്റ്റ് ചെയ്ത നടപടിയില്‍ അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തി. യുപിഎ സര്‍ക്കാരിന്റെ കാലത്തും താന്‍ ഈ അഭിപ്രായം പറഞ്ഞിട്ടുണ്ട്. തന്റേത് രാഷ്ട്രീയ അഭിപ്രായമല്ല. തീര്‍ത്തും ജനപക്ഷത്തുനിന്നുള്ള അഭിപ്രായമാണ്. ജനനിബിഡമായ പ്രദേശങ്ങള്‍ ഇടിച്ചുനിരത്തി നടത്തുന്നത് വികസനമല്ല എന്ന തിരിച്ചറിവ് സര്‍ക്കാരിനുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ഇല്ലാതാവുന്ന ആനവിഴുങ്ങി ലക്ഷംവീട് പട്ടികജാതി കോളനി അദ്ദേഹം സന്ദര്‍ശിച്ചു. ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ എ ജി ധര്‍മരത്‌നം അധ്യക്ഷത വഹിച്ചു. ഹാഷിം ചേന്നപ്പിള്ളി, കെ എ ഹാറൂണ്‍ റഷീദ്, വി പി രഞ്ജിത്ത്, പി ഐ ഷൗക്കത്തലി, കെ എച്ച് മിഷോ, പി എ അബ്ദുല്‍ ഗഫൂര്‍, സുരേഷ് മോഹന്‍, പി എസ് സുല്‍ഫിക്കര്‍, എ ജി ചന്ദ്രബോസ്, പുഷ്പമണി സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss