|    Oct 17 Wed, 2018 8:06 am
FLASH NEWS

പഠനങ്ങളിലും റിപോര്‍ട്ടിലുമൊതുങ്ങി കാരാപ്പുഴ ഡാം സുരക്ഷ ; അണക്കെട്ടും പരിസരവും സംരക്ഷിത മേഖലയാക്കണമെന്ന ശുപാര്‍ശ നടപ്പായില്ല

Published : 25th September 2017 | Posted By: fsq

 

കല്‍പ്പറ്റ: കാരാപ്പുഴ അണക്കെട്ടും ഇതോടു ചേര്‍ന്നുള്ള പ്രദേശങ്ങളും 1962ലെ ഇന്ത്യന്‍ ഡിഫന്‍സ് നിയമപ്രകാരം സംരക്ഷിത മേഖലയായി വിജ്ഞാപനം ചെയ്യണമെന്ന ശുപാര്‍ശ നടപ്പായില്ല. ജലവിഭവ വകുപ്പിന്റെ ഡിവിഷന്‍ ഓഫിസില്‍നിന്നു 2012ലും പിന്നീട് 2015ലും നല്‍കിയ ശുപാര്‍ശയ്ക്കാണ് ദുര്‍ഗതി. പരിസര പ്രദേശങ്ങളിലെ വന്‍കിട നിര്‍മാണങ്ങളും രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ചുള്ള കൃഷിയും അണയിലേക്കുള്ള മണ്ണൊലിപ്പിനും ജല മലനീകരണത്തിനും കാരണമാവുന്ന സാഹചര്യത്തിലായിരുന്നു ശുപാര്‍ശ. ഇത് ആവശ്യമായ ഭേദഗതികളോടെ ആഭ്യന്തരവകുപ്പിനു സമര്‍പ്പിച്ച് അണയും പരിസരവും സംരക്ഷിത മേഖയായി പ്രഖ്യാപിക്കുന്നതിനു ജലവിഭവ വകുപ്പിന്റെ സംസ്ഥാന കാര്യാലയം ശുഷ്‌കാന്തി കാട്ടുന്നില്ല. ഡാം സുരക്ഷ അതോറിറ്റി ചെയര്‍മാന്‍ ഇതിനകം രണ്ടു തവണ കാരാപ്പുഴയില്‍ സന്ദര്‍ശനം നടത്തിയെങ്കിലും കാര്യമായ തുടര്‍നടപടികള്‍ ഉണ്ടായില്ല. സംസ്ഥാന ആഭ്യന്തര വകുപ്പാണ് ജലവിഭവ വകുപ്പിന്റെ ശുപാര്‍ശയില്‍ അണയും പരിസരവും സംരക്ഷിത മേഖലയായി വിജ്ഞാപനം ചെയ്യേണ്ടത്. വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെ കാരാപ്പുഴ അണയ്ക്കടുത്തുള്ള സ്വകാര്യ ഭൂമികളില്‍ നിരവധി റിസോര്‍ട്ടുകളാണ് ഉയര്‍ന്നത്. ജില്ലയ്ക്ക് പുറത്തുള്ളവരുടേതാണ് ഇവയില്‍ അധികവും. ടൂറിസം സാധ്യതകള്‍ മുന്നില്‍ക്കണ്ടാണ് ഇതര ജില്ലക്കാരടക്കം അണയ്ക്ക് സമീപം ഭൂമി വാങ്ങി റിസോര്‍ട്ടുകള്‍ പണിതത്. അണയും സമീപപ്രദേശങ്ങളും സംരക്ഷിത മേഖലയായി വിജ്ഞാപനം ചെയ്യുന്നതിനു മുമ്പ് നിര്‍മാണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇവര്‍ തിടുക്കം കാട്ടുകയുമുണ്ടായി. ചെറുകുന്നുകള്‍ ഇടിച്ചുനിരത്തിയായിരുന്നു പലേടത്തും നിര്‍മാണങ്ങള്‍. ഇതിനു പുറമെയാണ് അണയ്ക്കടുത്ത് ചരിവുള്ള പ്രദേശങ്ങളില്‍ ഇഞ്ചി ഉള്‍പ്പെടെ ഹ്രസ്വകാല വിളകളുടെ കൃഷി. ഡാം സുരക്ഷാ അതോറിറ്റിയുടെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും മാനദണ്ഡങ്ങള്‍ അവഗണിച്ചായിരുന്നു അണയ്ക്ക് സമീപമുള്ള നിര്‍മാണങ്ങളില്‍ പലതും. സ്വകാര്യ ഭൂമികളില്‍ മഴക്കാലത്തുപോലും നിര്‍മാണങ്ങള്‍ക്കായി ചെറുകുന്നുകള്‍ ഇടിച്ചുനിരത്തുകയുണ്ടായി. മഴക്കാലത്ത് നിര്‍മാണം നടത്തുന്ന പ്രദേശങ്ങളില്‍നിന്നും കൃഷിയിടങ്ങളില്‍നിന്നും ഒലിക്കുന്ന മണ്ണ് അണയിലാണ് എത്തുന്നത്. മണ്ണടിച്ചില്‍ അണയുടെ ജലസംഭരണശേഷി കുറയ്ക്കുകയാണ്. റിസോര്‍ട്ടുകളില്‍ നിന്നുള്ള മാലിന്യം അണയിലെ ജലത്തില്‍ കലരുന്നുണ്ട്. അണയ്ക്കടുത്ത് പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളില്‍ മിക്കതിനും ഖര-ദ്രവ മാലിന്യ സംസ്‌കരണത്തിനു ശാസ്ത്രീയ സംവിധാനമില്ല. അടുത്തിടെ, ബാണാസുരയില്‍ കൊട്ടത്തോണി മറിഞ്ഞ് നാലു പേരുടെ മരണത്തിനിടയാക്കിയ  ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കാരാപ്പുഴ, ബാണാസുര ഡാമുകളുടെ സുരക്ഷ സംബന്ധിച്ച് പഠനം നടത്താന്‍ ജില്ലാ കലക്ടര്‍ പ്രത്യേകം സമിതിയെ നിയോഗിച്ചിരുന്നു. സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെങ്കിലും റിപ്പോര്‍ട്ടില്‍ സംരക്ഷിത മേഖലയായി വിജ്ഞാപനം ചെയ്യണമെന്ന ശുപാര്‍ശ സംബന്ധിച്ച് പരാമര്‍ശം പോലുമില്ല. രണ്ടു തവണ നല്‍കിയ ശുപാര്‍ശ നിലനില്‍ക്കുമ്പോഴാണ് ഡാം സുരക്ഷയെ സംബന്ധിച്ച് വീണ്ടും പഠനങ്ങള്‍ നടക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss